റിസർവ് ബാങ്ക് പലിശഭാരം വെട്ടിക്കുറച്ചതിനെ തുടർന്ന് ബാങ്കിങ്, വാഹന ഓഹരികൾ കാഴ്ചവെച്ച പ്രകടനം ഇന്നലെ സെൻസെക്സിനും നിഫ്റ്റിക്കും ഭേദപ്പെട്ട നേട്ടം സ്വന്തമാക്കാൻ സഹായിച്ചിരുന്നു. നിഫ്റ്റി 100.15 പോയിന്റ് കയറി 25,103.20ലും സെൻസെക്സ് 256.22 പോയിന്റ് നേട്ടവുമായി 82,445.21ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 25,100 എന്ന നിലവാരം കൈവിടാതിരുന്നതിനെ നിക്ഷേപകർ പോസിറ്റീവായാണ് കാണുന്നത്.
ബാങ്ക് നിഫ്റ്റി ഇന്നലെ ഒരു ഘട്ടത്തിൽ റെക്കോർഡ് 57,000 പോയിന്റ് ഭേദിച്ചിരുന്നു. പൊതുമേഖലാ ബാങ്ക് ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ നിന്നത്. ഇന്ന് രാവിലെ 48 പോയിന്റ് നേട്ടത്തിലാണ് ഗിഫ്റ്റ് നിഫ്റ്റി. ഇത് സെൻസെക്സും നിഫ്റ്റിയും ഇന്ന് നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചേക്കുമെന്ന സൂചന നൽകുന്നു. അതേസമയം, അമേരിക്ക-ചൈന വ്യാപാര ചർച്ചകളുടെ വിശദാംശങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് ആഗോളതലത്തിൽ ഓഹരി നിക്ഷേപകർ.
Also Read: പ്രതീക്ഷയ്ക്ക് വകയുണ്ടോ? സ്വർണവിലയിൽ ഇടിവ്
ചർച്ച ഫലപ്രദമായിരിക്കുമെന്ന പ്രതീക്ഷയിൽ ഏഷ്യൻ ഓഹരി സൂചികകൾ പൊതുവേ നേട്ടത്തിലായത് ഇന്ത്യൻ ഓഹരികൾക്കും ശുഭപ്രതീക്ഷ നൽകുന്നുണ്ട്. പലിശനിരക്ക് കുറഞ്ഞതിന്റെ കരുത്തിൽ ബാങ്കിങ്, വാഹന ഓഹരികൾ ഇന്നും നേട്ടം തുടരാനാണ് സാധ്യത. ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളും ഇന്നലെ മികവ് പുലർത്തി. ഈ മാസം കഴിഞ്ഞയാഴ്ച വരെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിയാനുള്ള മനോഭാവത്തിലായിരുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ). ഇന്നലെ 1,992.87 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടിയതും വലിയ പ്രതീക്ഷയാണ് നൽകുന്നത്.