ബാൾട്ടിക് രാജ്യമായ ലിത്വാനിയൻ വ്യോമാതിർത്തി ലംഘിച്ചെത്തിയ ഒരു ഡ്രോൺ നാറ്റോ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ലിത്വാനിയൻ പ്രസിഡന്റ് ഗീതാനസ് നൗസേദ സ്ഥിരീകരിച്ചു. അർദ്ധരാത്രിക്ക് ശേഷം അയൽരാജ്യമായ ബെലാറസിൽ നിന്ന് തെക്കൻ ലിത്വാനിയയിലേക്ക് കടന്നതായി കരുതുന്ന ഈ ഡ്രോണിന്റെ ഉത്ഭവം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് നാഷണൽ ക്രൈസിസ് മാനേജ്മെന്റ് സെന്റർ വക്താവ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് തലസ്ഥാനമായ വിൽനിയസിലും പരിസര പ്രദേശങ്ങളിലും ഡ്രോൺ മുന്നറിയിപ്പുകൾ നൽകി.
നാറ്റോ വ്യോമ പ്രതിരോധ ദൗത്യത്തിൽ പങ്കാളികളായ ഇറ്റാലിയൻ പൈലറ്റുമാരും ലിത്വാനിയൻ സായുധ സേനയും ചേർന്ന് അതിവേഗം പ്രതികരിച്ചാണ് നുഴഞ്ഞുകയറിയ ഡ്രോണിനെ നശിപ്പിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യ യുക്രെയ്നിനെതിരായ യുദ്ധം ശക്തമാക്കുന്ന സാഹചര്യത്തിൽ, അതിർത്തികളിൽ ശക്തമായ വ്യോമ പ്രതിരോധം നിലനിർത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നതെന്ന് പ്രസിഡന്റ് നൗസേദ വ്യക്തമാക്കി. സഖ്യകക്ഷികളായ നാറ്റോ രാജ്യങ്ങളുമായി ചേർന്ന് ലിത്വാനിയൻ വ്യോമാതിർത്തി പൂർണ്ണമായും സംരക്ഷിക്കുമെന്നും അദ്ദേഹം എക്സിലൂടെ കൂട്ടിച്ചേർത്തു.
റഷ്യയുടെ പ്രധാന സഖ്യകക്ഷിയായ ബെലാറസുമായി അതിർത്തി പങ്കിടുന്ന ലിത്വാനിയ, യുക്രെയ്ൻ യുദ്ധത്തിന് ശേഷം വലിയ സുരക്ഷാ ഭീഷണിയാണ് മേഖലയിൽ നേരിടുന്നത്. മുൻപും സമാനമായ രീതിയിൽ സെപ്റ്റംബർ 13-ന് ബെലാറസിൽ നിന്നുള്ള ഒരു സംശയാസ്പദമായ വസ്തു ലിത്വാനിയൻ അതിർത്തി കടന്ന് റഷ്യൻ മേഖലയിലേക്ക് പോയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ, കഴിഞ്ഞ മെയ് മാസത്തിൽ വിൽനിയസിന് മുകളിൽ ഡ്രോൺ മുന്നറിയിപ്പ് വന്നതിനെ തുടർന്ന് വിമാന-റെയിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വരികയും ജനങ്ങൾക്ക് അഭയകേന്ദ്രങ്ങളിലേക്ക് മാറേണ്ടിയും വന്നിരുന്നു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതിനുശേഷം യൂറോപ്പിലുടനീളം സൈനിക ഡ്രോണുകളുടെ കടന്നുകയറ്റം വ്യാപകമായി വർദ്ധിച്ചിട്ടുണ്ട്. ലിത്വാനിയയ്ക്ക് പുറമെ ബാൾട്ടിക് അയൽരാജ്യങ്ങളായ എസ്തോണിയയിലും ലാത്വിയയിലും അതിർത്തി ലംഘിച്ചെത്തിയ ഡ്രോണുകളെ പ്രതിരോധിക്കാൻ നാറ്റോ യുദ്ധവിമാനങ്ങൾക്ക് ഈ വർഷം പലതവണ അടിയന്തരമായി രംഗത്തിറങ്ങേണ്ടി വന്നിട്ടുണ്ട് എന്നാണ് ദേശീയ മാധ്യമമായ ടൈംസ് നൗ നിലവിലെ സംഭവം മേഖലയിൽ പുതിയ യുദ്ധഭീതിക്കും നയതന്ത്ര സംഘർഷങ്ങൾക്കും വഴിതുറന്നിരിക്കുകയാണ്.






