ഇന്ത്യന്‍ ടീം കോച്ചായി സ്റ്റീഫന്‍ ഫ്‌ളെമിങ്..? അഭ്യൂഹങ്ങൾ ശക്തം

ഇന്ത്യന്‍ ടീം കോച്ചായി സ്റ്റീഫന്‍ ഫ്‌ളെമിങ്..? അഭ്യൂഹങ്ങൾ ശക്തം

ഇന്ത്യൻ ക്രിക്കറ്റ് കോച്ച് രാഹുല്‍ ദ്രാവിഡിനു പിന്‍ഗാമിയായി ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സിൻറെ മുഖ്യപരിശീലകനുമായ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. 2009 മുതല്‍ സി.എസ്‌.കെയുടെ മുഖ്യ പരിശീലകനാണ് ഫ്‌ളെമിങ്.

പുതിയ ഹെഡ് കോച്ച് മൂന്ന് ഫോര്‍മാറ്റുകളുടെയും ചുമതല വഹിക്കണമെന്ന് ബിസിസിഐയുടെ നിബന്ധനയുണ്ട്. ഇതുമൂലം വര്‍ഷത്തില്‍ 10 മാസം ടീമിനൊപ്പം ഉണ്ടായിരിക്കേണ്ട സാഹചര്യമായതിനാല്‍ ഫ്‌ളെമിങ് കോച്ച് സ്ഥാനത്തേക്ക് അപേക്ഷ നല്‍കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുന്നുണ്ട്.

കളിക്കാര്‍ക്കിടയില്‍ നല്ല അന്തരീക്ഷം സൃഷ്ടിച്ച് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവ്, സിഎസ്‌കെയിലെ ശ്രദ്ധേയമായ വിജയനിരക്ക് എന്നീ ഘടകങ്ങൾ ഫ്‌ളെമിങ്ങിനെ പ്രഥമപരിഗണനയിൽ നിർത്തുന്നു.

ഐപിഎല്‍ മത്സരങ്ങള്‍ക്കിടയില്‍ തന്നെ ബിസിസിഐ സെക്രട്ടറി ജയ് ഷാ അടക്കം ഉന്നതര്‍ ഫ്‌ളെമിങ്ങുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, സിഎസ്‌കെ മാനേജ്‌മെൻറുമായി ഫ്‌ളെമിങ് ഇതുസംബന്ധിച്ച് ആശയവിനിമയം ഒന്നും നടത്തിയിട്ടില്ല. മാത്രമല്ല, ഫ്‌ളെമിങ് കോച്ച് സ്ഥാനത്ത് തുടരണമെന്നാണ് സിഎസ്‌കെ മാനേജ്‌മെൻറിൻറെ താൽപര്യവും.

സിഎസ്‌കെയുടെ മുഖ്യപരിശീലകനായ ശേഷം ഫ്‌ളെമിങ് പല ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. നാല് വര്‍ഷം ബിഗ് ബാഷില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെ പരിശീലിപ്പിച്ചു. ജോബര്‍ഗ് സൂപ്പര്‍ കിങ്സിൻറെയും മേജര്‍ ലീഗ് ക്രിക്കറ്റിലെ ടെക്സസ് സൂപ്പര്‍ കിങ്സിൻറെയും മുഖ്യ പരിശീലകന്‍ കൂടിയാണ് ഫ്‌ളെമിങ്. ഇവ രണ്ടും സിഎസ്‌കെയുടെ സഹോദര ഫ്രാഞ്ചൈസികളാണ്. ദി ഹണ്ടറിലെ സതേണ്‍ ബ്രേവിൻറെ മുഖ്യ പരിശീലകനുമാണ് അദ്ദേഹം.

ജൂലായ് ഒന്നുമുതല്‍ 2027 ഡിസംബര്‍ 31 വരെയായിരിക്കും പുതിയ പരിശീലകൻറെ കാലാവധിയെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

ജൂണ്‍ 29ന് ടി20 ലോകകപ്പ് അവസാനിക്കുന്നതോടെ രാഹുല്‍ ദ്രാവിഡിൻറെ കാലാവധി തീരും. 2025ലെ ചാംപ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും മുന്നില്‍ കണ്ടാണ് പുതിയ കോച്ചിൻറെ തിരഞ്ഞെടുപ്പ്.

ദ്രാവിഡിന് തുടരാന്‍ താൽപര്യമുണ്ടെങ്കിൽ വീണ്ടും അപേക്ഷ നല്‍കണമെന്ന് ബിസിസിഐ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഡങ്കന്‍ ഫ്ളച്ചറിനു ശേഷം ഇന്ത്യയുടെ പരിശീലക സ്ഥാനം വഹിച്ചത് ഇന്ത്യക്കാർ തന്നെ ആയിരുന്നു.

Top