സംസ്ഥാന സ്കൂൾ കലോത്സവം; എ ഗ്രേഡ് വിജയികൾക്ക് ഇനി സമ്മാനത്തുക വർധിപ്പിക്കും

കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലെ പിഴവുകൾ ഒഴിവാക്കാൻ ഇത്തവണ കൃത്യമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്

സംസ്ഥാന സ്കൂൾ കലോത്സവം; എ ഗ്രേഡ് വിജയികൾക്ക് ഇനി സമ്മാനത്തുക വർധിപ്പിക്കും
സംസ്ഥാന സ്കൂൾ കലോത്സവം; എ ഗ്രേഡ് വിജയികൾക്ക് ഇനി സമ്മാനത്തുക വർധിപ്പിക്കും

കേരളത്തിന്റെ കൗമാര കലോത്സവത്തിൽ മാറ്റുരച്ച് എ ഗ്രേഡ് സ്വന്തമാക്കുന്ന പ്രതിഭകൾക്ക് സന്തോഷവാർത്ത. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന കുട്ടികൾക്കുള്ള സാംസ്‌കാരിക സ്‌കോളർഷിപ്പ് തുക വിദ്യാഭ്യാസ വകുപ്പ് വർധിപ്പിച്ചു. വർഷങ്ങളായി തുടർന്നിരുന്ന സമ്മാനത്തുകയിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. സമ്മാനത്തുക1000 രൂപയിൽ നിന്നും 1500 രൂപയായി ഉയർത്തുകയും ഈ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുകയും ചെയ്യും. ഓരോ വർഷവും ശരാശരി 12,000 കുട്ടികൾക്കാണ് എ ഗ്രേഡ് ലഭിക്കുന്നത്.

2006-ൽ എറണാകുളത്ത് നടന്ന കലോത്സവം മുതലാണ് ഗ്രേഡിംഗ് സമ്പ്രദായം നിലവിൽ വന്നത്. കലാപ്രതിഭ, കലാതിലകം എന്നീ പട്ടങ്ങൾ നിർത്തലാക്കിയതോടെയാണ് എ ഗ്രേഡ് നേടുന്നവർക്ക് പ്രോത്സാഹനമായി സാംസ്‌കാരിക സ്‌കോളർഷിപ്പ് നൽകിത്തുടങ്ങിയത്. ആദ്യ വർഷങ്ങളിൽ 4000-ത്തോളം കുട്ടികളാണ് ഇതിന് അർഹരായിരുന്നതെങ്കിൽ, ഇന്ന് കലോത്സവ ഇനങ്ങളും പങ്കാളിത്തവും വർധിച്ചതോടെ അർഹരായവരുടെ എണ്ണം 12,000 കടന്നിരിക്കുകയാണ്. ഇത്തവണ 15,000-ത്തോളം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.

Also Read: പൂരം നഗരിയിൽ ഇനി കലോത്സവപ്പൂരം; തൃശൂർ ഒരുങ്ങി, തിരിതെളിയാൻ 3 നാൾ

കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലെ പിഴവുകൾ ഒഴിവാക്കാൻ ഇത്തവണ കൃത്യമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് ഓരോ ജില്ലയിലെയും ടീം മാനേജർമാരിൽ നിന്ന് എ ഗ്രേഡ് ജേതാക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കും. വിദ്യാഭ്യാസ വകുപ്പ് ഈ വിവരങ്ങൾ അതത് ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് കൈമാറും. ഡിഡി ഓഫീസുകൾ വഴി തുക കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തും.

കഴിഞ്ഞ വർഷത്തെ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ 2000 കുട്ടികൾക്ക് ഇനിയും സമ്മാനത്തുക ലഭിക്കാനുണ്ട്. ഫണ്ടിന്റെ ലഭ്യതക്കുറവ് മൂലമാണ് ഇത് വൈകിയത്. എന്നാൽ ആശങ്ക വേണ്ടെന്നും, ഇത്തവണത്തെ കലോത്സവം പൂർത്തിയാകുന്നതോടെ കഴിഞ്ഞ വർഷത്തെ കുടിശ്ശിക കൂടി വിതരണം ചെയ്യാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമെന്നും അധികൃതർ അറിയിച്ചു.

Share Email
Top