യുക്രെയ്‌നില്‍ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുന്നതിനായി ഒരു അന്താരാഷ്ട്ര സഖ്യം സ്ഥാപിക്കാനുള്ള കെയര്‍ സ്റ്റാര്‍മറുടെ നിര്‍ദ്ദേശം ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് തള്ളി. ബ്രിട്ടണ്‍ പ്രധാനമന്ത്രിയുടെ പദ്ധതിയെ അദ്ദേഹം പരിഹസിച്ചു. ട്രംപ് അനുകൂല കമന്റേറ്റര്‍ ടക്കര്‍ കാള്‍സണുമായുള്ള അഭിമുഖത്തിലാണ് വിറ്റ്‌കോഫ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പരിഹസിച്ചത്. യുക്രെയ്നിന് സുരക്ഷാ ഗ്യാരണ്ടി നല്‍കുന്നതിന് ‘ഇഷ്ടമുള്ളവരുടെ സഖ്യം’ എന്ന് വിളിക്കപ്പെടുന്ന സ്റ്റാര്‍മറിന്റെ പദ്ധതിയെ അദ്ദേഹം തള്ളി. യൂറോപ്യന്‍ നേതാക്കള്‍ ‘വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെപ്പോലെയാകാനുള്ള’ ശ്രമത്തിലാണെന്ന് വിറ്റ്‌കോഫ് പറഞ്ഞു.
‘റഷ്യക്കാര്‍ യുദ്ധകാഹളം മുഴക്കി യൂറോപ്പിലുടനീളം മാര്‍ച്ച് ചെയ്യാന്‍ പോകുന്നു എന്ന യൂറോപ്പിന്റെ തോന്നല്‍ അത് അസംബന്ധമായിരിക്കുന്നുവെന്ന് വിറ്റ്‌കോഫ് ചൂണ്ടിക്കാണിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ നമുക്കില്ലാതിരുന്ന നാറ്റോ എന്ന സഖ്യം ഇപ്പോള്‍ നമുക്ക് ഉണ്ടെന്നും വിറ്റ്‌കോഫ് പറയുന്നു. യുക്രെയ്നിലെ യുദ്ധാനന്തര ഒത്തുതീര്‍പ്പിന് പിന്നില്‍ യൂറോപ്യന്‍, അമേരിക്കന്‍ പങ്കാളികളെ അണിനിരത്താനുള്ള സ്റ്റാര്‍മറിന്റെ ശ്രമങ്ങളെ വിറ്റ്‌കോഫ് നിസാരമെന്ന് ചൂണ്ടിക്കാണിച്ച് തള്ളിക്കളയുകയാണ് ചെയ്യുന്നത്. ട്രംപ് ദൂതനായ വിറ്റ്‌കോഫിന്റെ നേതൃത്വത്തിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വളരെ സൂക്ഷ്മമായ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് അഭിപ്രായങ്ങള്‍ വന്നിരിക്കുന്നത്. കരിങ്കടലിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതോടെ 30 ദിവസത്തെ വെടിനിര്‍ത്തല്‍ ഉടന്‍ പ്രഖ്യാപിക്കപ്പെടുമെന്ന് വിറ്റ്‌കോഫ് വ്യക്തമാക്കുന്നു.

Also Read: ഷേഖ് ഹസീനയ്ക്ക് ഇനി തിരിച്ചുവരവ് ഇല്ല: അവാമി ലീഗിനെ നിരോധിക്കാന്‍ നീക്കം
മുന്‍ നയതന്ത്ര പരിചയമില്ലാത്ത റിയല്‍ എസ്റ്റേറ്റ് നിക്ഷേപകനായ വിറ്റ്‌കോഫ്, അസാധാരണമായ തന്റെ പെരുമാറ്റത്തിന് വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. റഷ്യയോടുള്ള വാക്ക്പ്രയോഗങ്ങളിലും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. കാള്‍സണുമായുള്ള അഭിമുഖത്തില്‍, വ്ളാഡിമിര്‍ പുടിനെ ‘സൂപ്പര്‍ സ്മാര്‍ട്ട്’ എന്നും ‘കൃപയുള്ളവന്‍’ എന്നും അദ്ദേഹം പ്രശംസിച്ചു, അതേസമയം യുക്രെയ്നിന്റെ നിയമസാധുതയെയും പ്രദേശിക സമഗ്രതയെയും കുറിച്ചുള്ള ക്രെംലിന്റെ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചു. യുക്രെയ്നിന്റെ പുനര്‍നിര്‍മ്മാണത്തിലും സുരക്ഷയിലും ബ്രിട്ടണെ ഒരു പ്രധാന പങ്കാളിയായി സ്ഥാപിക്കാന്‍ ശ്രമിച്ച ലേബര്‍ നേതാവിന്, വിറ്റ്‌കോഫിന്റെ ഇടപെടലുകള്‍ ഒരു വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഒരു താല്‍ക്കാലിക വെടിനിര്‍ത്തലില്‍ നിന്ന് ‘അകലെയല്ല’ എന്ന് വിറ്റ്‌കോഫ് അവകാശപ്പെട്ടെങ്കിലും, യുക്രെയ്ന്‍ പരമാധികാരത്തെയും റഷ്യന്‍ അധിനിവേശ പ്രദേശങ്ങളുടെ ഭാവിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട് യുക്രെയ്നിന്റെ ദീര്‍ഘകാല സുരക്ഷയില്‍ ഒരു ഐക്യമുന്നണി രൂപീകരിക്കാനുള്ള യൂറോപ്യന്‍ നേതാക്കളുടെ ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കും.