ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്‌സി) 2024 ലെ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ) പരീക്ഷയുടെ അന്തിമ ഫലങ്ങൾ പ്രഖ്യാപിച്ചു. ജനുവരിയിൽ എസ്‌എസ്‌സി സിജിഎൽ 2024 ടയർ 2 പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in-ൽ നിന്ന് അവരുടെ ഫലങ്ങൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.
2025 ജനുവരി 18,19, 20, 31 തീയതികളിലാണ് SSC CGL ടയർ 2 പരീക്ഷ നടത്തിയത്. ടയർ 1 പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് ടയർ 2 പരീക്ഷ എഴുതാൻ അർഹതയുണ്ടായിരുന്നു. SSC CGL ടയർ 1 പരീക്ഷ 2024 സെപ്റ്റംബർ 9 മുതൽ സെപ്റ്റംബർ 26 വരെയാണ് നടന്നത്. ടയർ 1 പരീക്ഷയുടെ ഫലം 2024 ഡിസംബർ 5 ന് പ്രഖ്യാപിച്ചിരുന്നു.
ടയർ 1, ടയർ 2 പരീക്ഷകളിലെ ഉദ്യോഗാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് 2024 ലെ SSC CGL ന്റെ അന്തിമ ഫലം കണക്കാക്കുന്നത്. 2024 ലെ SSC CGL പരീക്ഷയിൽ ആകെ 18,174 ഉദ്യോഗാർത്ഥികൾ യോഗ്യത നേടി.
“ഓപ്ഷൻ കം പ്രിഫറൻസ് ഓൺലൈനായി സമർപ്പിച്ച ഉദ്യോഗാർത്ഥികളെ മാത്രമേ അന്തിമ തിരഞ്ഞെടുപ്പിനായി പരിഗണിച്ചിട്ടുള്ളൂ” എന്ന് എസ്‌എസ്‌സിയുടെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. അതിനാൽ, ഓൺലൈനായി മുൻഗണന സമർപ്പിച്ചവരും സെക്ഷൻ-III മൂല്യനിർണ്ണയത്തിനായി സെക്ഷൻ-I + സെക്ഷൻ-II എന്നിവയിൽ യോഗ്യത നേടിയവരുമായ ഉദ്യോഗാർത്ഥികളെ തുടർന്നുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കായി പരിഗണിച്ചിട്ടുണ്ട്.