ഓഫർ തട്ടിപ്പിന് പിന്നാലെ കണ്ണൂരിൽ ആത്മീയ തട്ടിപ്പ്

ഹിമാലയൻ തേർഡ് ഐ ട്രസ്റ്റിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. പ്രപഞ്ചോർജത്തെ ഫലപ്രദമായി ഉപയോഗിച്ച് സർവോന്മുഖമായ നേട്ടം ആത്മീയകാര്യങ്ങളിൽകൂടി കൈവരിക്കുമെന്ന് യൂട്യൂബിൽ പരസ്യം നൽകിയാണ് തട്ടിപ്പ്

ഓഫർ തട്ടിപ്പിന് പിന്നാലെ കണ്ണൂരിൽ ആത്മീയ തട്ടിപ്പ്
ഓഫർ തട്ടിപ്പിന് പിന്നാലെ കണ്ണൂരിൽ ആത്മീയ തട്ടിപ്പ്

കണ്ണൂർ: പകുതി വില തട്ടിപ്പിന് പിന്നാലെ ആത്മീയ തട്ടിപ്പും. ഓൺലൈൻ ആത്മീയ ക്ലാസുകളിൽ പങ്കെടുത്താൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് പറഞ്ഞാണ് പുതിയ തട്ടിപ്പ്. കേരളത്തിന് അകത്തും പുറത്തുമായി നിരവധിയാളുകൾ തട്ടിപ്പിന് ഇരയായതായാണ് വിവരം.

കണ്ണൂർ മമ്പറം സ്വദേശിയായ പ്രശാന്ത് മാറോളി എന്നയാളുടെ പരാതിക്ക് പിന്നാലെയാണ് തട്ടിപ്പ് പുറംലോകം അറിയുന്നത്. ഇയാളുടെ പരാതിയിൽ ഡോക്ടർമാർ ഉൾപ്പെടെ ആറുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസ് എടുത്തു. ഡോ. അഷ്റഫ്, ഡോ. അഭിനന്ദ് കാഞ്ഞങ്ങാട്, കെ എസ് പണിക്കർ, അനിരുദ്ധൻ, വിനോദ് കുമാർ, സനൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Also Read: സിൽവർ ലൈൻ പദ്ധതി; അലൈൻമെന്റ് മാറ്റാനാകില്ലെന്ന് കെ റെയിൽ

ഹിമാലയൻ തേർഡ് ഐ ട്രസ്റ്റിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. പ്രപഞ്ചോർജത്തെ ഫലപ്രദമായി ഉപയോഗിച്ച് സർവോന്മുഖമായ നേട്ടം ആത്മീയകാര്യങ്ങളിൽകൂടി കൈവരിക്കുമെന്ന് യൂട്യൂബിൽ പരസ്യം നൽകിയാണ് തട്ടിപ്പ്. സാമ്പത്തിക-വിദ്യാഭ്യാസ കാര്യങ്ങളിൽ നേട്ടം, ജോലി ഉയർച്ച, സന്താന ഭാഗ്യം എന്നിവ ലഭിക്കുമെന്ന് ആളുകളെ വിശ്വസിപ്പിച്ചു. സ്റ്റാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഒന്നാം പ്രതിയായ അഷ്റഫ് എന്നയാളാണ് ക്ലാസ് നടത്തിയത്.

ക്ലാസിൽ പങ്കെടുക്കുന്നവരിൽ നിന്ന് 14,000 രൂപ വാങ്ങുകയും ചെയ്യും. ഗുരുവിന്റെ അനുഗ്രഹം ലഭിക്കുന്നതിനായി ആയിരമോ, പതിനായിരമോ ലക്ഷങ്ങളോ നൽകാം. ഇതിനായി ആയിരം പേരടങ്ങുന്ന വാട്സ് ആപ്പ് ഗ്രൂപ്പുമുണ്ട്. നേട്ടം ലഭിച്ചുവെന്ന് അവകാശപ്പെടുന്നവരുടെ വീഡിയോയും മറ്റ് വിവരങ്ങളും ഈ ഗ്രൂപ്പിലൂടെ വിശ്വാസം നേടാനായി പങ്കുവെക്കാറുണ്ടായിരുന്നു.

Share Email
Top