വണ്ണം കുറയ്ക്കാന്‍ എരിവുള്ള ഭക്ഷണം

വണ്ണം കുറയ്ക്കാന്‍ എരിവുള്ള ഭക്ഷണം

മാറിയ ജീവിതശൈലിയും ഭക്ഷണക്രമത്തിലെ മാറ്റവും സമ്മര്‍ദ്ദവുമെല്ലാം ശരീരഭാരം അമിതമായി വര്‍ധിക്കുന്നതിന് കാരണമായേക്കാം. ശരീരഭാരം കുറയക്കുക എന്നത് ഇന്നത്തെ കാലത്ത് ശ്രമകരമായ ജോലി തന്നെയാണ്. ശരീരഭാരം കുറയ്ക്കാന്‍ പലതരത്തിലുള്ള മാര്‍ഗങ്ങള്‍ ഉണ്ട്. എരിവുള്ള ഭക്ഷണം കഴിച്ചാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയും. ചുവന്ന മുളകുപൊടി, കുരുമുളകുപൊടി, മുളക് അടരുകള്‍ തുടങ്ങിയ മസാലകള്‍ ചേര്‍ക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ സഹായിക്കും. ഇവയെല്ലാം നിങ്ങളുടെ അടുക്കളയില്‍ എളുപ്പത്തില്‍ ലഭ്യമാണ് എന്നതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കുന്നത് ഇനി എളുപ്പമാണ് എന്ന് തോന്നുന്നുണ്ടോ? കെമിക്കല്‍ സെന്‍സസ് ജേണലില്‍ 2012-ല്‍ പ്രസിദ്ധീകരിച്ച ഒരു അവലോകന ലേഖനത്തിലാണ് എരിവുള്ള ഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കാം എന്ന് കണ്ടെത്തിയത്. കായീന്‍ കുരുമുളക് പോലുള്ള എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ക്ക് കൊഴുപ്പ്, മധുരം, ഉപ്പ് എന്നിവയോടുള്ള ആസക്തി കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടതായി പഠനത്തില്‍ പറയുന്നു.

2014-ലെ ഒരു പഠനത്തില്‍ ചില സുഗന്ധവ്യഞ്ജനങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറവാണെന്നും പൂര്‍ണ്ണത അനുഭവപ്പെടുമെന്നും കണ്ടെത്തിയിരുന്നു. ജയ്പ്പൂരിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട്സ് ഹോസ്പിറ്റലിലെ ഡയറ്റീഷ്യന്‍ നഹീദ് ഖുറേഷി ഈ അവകാശവാദത്തെ പിന്തുണക്കുന്ന നിഗമനങ്ങളാണ് ഹെല്‍ത്ത് ഷോട്ടിനോട് പങ്ക് വെച്ചത്. എരിവുള്ള വിഭവങ്ങള്‍ സാവധാനം ഭക്ഷണം കഴിക്കാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ കൂടുതല്‍ സംതൃപ്തി തോന്നും എന്നാണ് ഇതിന് കാരണമായി ഇവര്‍ പറയുന്നത്. എരിവുള്ള ഭക്ഷണങ്ങള്‍ കൊഴുപ്പ് കത്തിക്കാനും സഹായിക്കും.

കായീന്‍ കുരുമുളക് പോലുള്ള എരിവുള്ള ഭക്ഷണങ്ങളില്‍ കാപ്സൈസിന്‍ എന്നറിയപ്പെടുന്ന പ്രകൃതിദത്തമായ രാസവസ്തു അടങ്ങിയിട്ടുണ്ട്. നമ്മള്‍ കാപ്സൈസിന്‍ കഴിക്കുമ്പോള്‍, കൊഴുപ്പ് ഓക്സിഡേഷനോ കത്തുന്നതിനോ ഉത്തരവാദികളായ ശരീരത്തിലെ ന്യൂറോണുകളെ സജീവമാക്കുന്നതിന് ദഹനനാളം തലച്ചോറിലേക്ക് സിഗ്‌നലുകള്‍ അയയ്ക്കുന്നു. കാപ്സൈസിന്‍ നേരിട്ട് ശരീരത്തില്‍ തെര്‍മോജെനിസിസിനെ പ്രേരിപ്പിക്കും, അതുകൊണ്ടാണ് എരിവുള്ള എന്തെങ്കിലും കഴിച്ചതിന് ശേഷം നിങ്ങള്‍ക്ക് ചൂട് അനുഭവപ്പെടുന്നത്. എരിവുള്ള ഭക്ഷണം നിങ്ങളുടെ മെറ്റബോളിസത്തെ വര്‍ധിപ്പിക്കുകയും ചെയ്യും. എരിവുള്ള ഭക്ഷണത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ആരോഗ്യ ഗുണങ്ങളില്‍ ഒന്ന് ഉപാപചയം വര്‍ധിപ്പിക്കാനും അധിക കലോറികള്‍ കത്തിക്കാനും ഉള്ള കഴിവാണ്. എരിവുള്ള ഭക്ഷണത്തിന്റെ ഒരു ഭാഗം കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ താല്‍ക്കാലികമായി എട്ട് ശതമാനം വരെ വര്‍ധിപ്പിക്കും. എന്നാല്‍ അധികമായാല്‍ അമൃതും വിഷമാണ് എന്നത് ഇവിടേയും ഓര്‍ക്കണം. അധികം എരിവുള്ള ഭക്ഷണം കഴിക്കുന്നത് അസിഡിറ്റി, വയറ്റില്‍ അള്‍സര്‍ തുടങ്ങിയ ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ക്ക് കാരണമാകും

Top