ഗ്യാലക്സികളെ പഠിക്കാന്‍ സ്‌ഫിയർ-എക്‌സ്, സൂര്യരഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പഞ്ച്

വിക്ഷേപിച്ച പേടകങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് നാസ അറിയിച്ചു

ഗ്യാലക്സികളെ പഠിക്കാന്‍ സ്‌ഫിയർ-എക്‌സ്, സൂര്യരഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പഞ്ച്
ഗ്യാലക്സികളെ പഠിക്കാന്‍ സ്‌ഫിയർ-എക്‌സ്, സൂര്യരഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പഞ്ച്

കാലിഫോര്‍ണിയ: ബഹിരാകാശ പര്യവേഷണ രംഗത്ത് വമ്പന്‍ വിക്ഷേപണങ്ങള്‍ നടത്തി നാസ. 450 ദശലക്ഷം ഗ്യാലക്സികളെ കുറിച്ചും ക്ഷീരപഥത്തിലെ 100 മില്യണിലധികം നക്ഷത്രങ്ങളെ കുറിച്ചും പഠിക്കാന്‍ സ്‌ഫിയർ-എക്‌സ് ബഹിരാകാശ ടെലിസ്കോപ്പും, സൂര്യനെ കുറിച്ച് പഠിക്കാനുള്ള പഞ്ച് സോളാർ പ്രോബ്സ് ദൗത്യത്തിലെ നാല് കൃത്രിമ ഉപഗ്രഹങ്ങളും സ്പേസ് എക്സിന്‍റെ സഹായത്തോടെ നാസ വിജയകരമായി വിക്ഷേപിച്ചു. വിക്ഷേപിച്ച പേടകങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് നാസ അറിയിച്ചു.

Also Read: ഭക്ഷ്യ വിതരണ വിപണിയിൽ ആധിപത്യം സ്ഥാപിക്കാനൊരുങ്ങി റാപ്പിഡോ

മോശം കാലാവസ്ഥ കാരണം ദൗത്യം പലതവണ മാറ്റിവച്ച സ്‌ഫിയർ-എക്‌സ് ബഹിരാകാശ ടെലിസ്കോപ്പിന്‍റെയും പഞ്ച് സോളാര്‍ പ്രോബിന്‍റെയും വിക്ഷേപണം ഒടുവില്‍ നാസ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ വാണ്ടന്‍ബെര്‍ഗ് സ്പേസ് ഫോഴ്‌സ് ബേസില്‍ നിന്ന് ഇന്ന് ഈ പേടകങ്ങളുമായി കുതിച്ചുയര്‍ന്ന സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. സ്‌ഫിയർ-എക്‌സ് സ്പേസ് ടെലിസ്കോപ്പും, പഞ്ച് സോളാര്‍ പ്രോബിലെ നാല് സാറ്റ്‌ലൈറ്റുകളും വിജയകരമായി വിന്യസിക്കാന്‍ നാസയ്ക്കും സ്പേസ് എക്സിനും കഴിഞ്ഞു.

ഏകദേശം 450 ദശലക്ഷം താരാപഥങ്ങളുടെ ഇൻഫ്രാറെഡ് സ്പെക്ട്രത്തെ വിശകലനം ചെയ്യാനായി ഇൻഫ്രാറെഡ് തരംഗങ്ങൾ ഉപയോഗിച്ച് ആകാശ നിരീക്ഷണം നടത്തുന്ന ബഹിരാകാശ ദൂരദർശിനിയാണ് സ്‌ഫിയർ-എക്‌സ്. ‘Spectro-Photometer for the History of the Universe, Epoch of Reionization, and Ices Explorer’ എന്നതാണ് സ്‌ഫിയർ-എക്‌സിന്‍റെ പൂര്‍ണരൂപം. ആകാശം മുഴുവൻ നാല് തവണ മാപ്പ് ചെയ്യുവാൻ സാധിക്കുന്ന ലീനിയർ വേരിയബിൾ ഫിൽട്ടര്‍ ഈ ബഹിരാകാശ പേടകത്തിലുണ്ട്. ‘പോളാരിമീറ്റർ ടു യൂണിഫൈ ദി കൊറോണ ആൻഡ് ഹീലിയോസ്‍ഫിയർ’ എന്നാണ് പഞ്ചിന്‍റെ പൂര്‍ണ രൂപം. സൂര്യനെ കുറിച്ച് പഠിക്കാന്‍ നാസയുടെ നാല് ചെറിയ കൃത്രിമ ഉപഗ്രഹങ്ങളാണ് പഞ്ച് സോളാര്‍ പ്രോബ് ദൗത്യത്തിലുള്ളത്.

Share Email
Top