ഭൂമിയിലെ അതിർത്തികൾ കടന്ന് മനുഷ്യൻ ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കാൻ മത്സരിക്കുമ്പോൾ, ആഗോള പ്രതിരോധ ഭൂപടത്തിൽ പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുകയാണ്. ഇതുവരെ നമ്മൾ കണ്ടത് കരയിൽ നിന്നും വലിയ വിക്ഷേപണ തറകളിൽ നിന്നും റോക്കറ്റുകൾ ആകാശത്തേക്ക് കുതിച്ചുയരുന്നതാണ്. എന്നാൽ ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ പവറായ അമേരിക്ക തങ്ങളുടെ പരമ്പരാഗത ബഹിരാകാശ താവളങ്ങളിൽ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഫ്ലോറിഡയിലെ കേപ്പ് കനാവറൽ, കാലിഫോർണിയയിലെ വാൻഡൻബർഗ് എന്നീ വിക്ഷേപണ കേന്ദ്രങ്ങൾ ഉപഗ്രഹങ്ങളുടെയും മിസൈലുകളുടെയും കടുത്ത തിരക്ക് കാരണം ശ്വാസം മുട്ടുന്നു.
ഈ സാഹചര്യത്തിലാണ് ബഹിരാകാശ സാങ്കേതികവിദ്യയിൽ പണ്ടേ പരാജയപ്പെട്ടു എന്ന് കരുതി ഉപേക്ഷിച്ച ഒരു പഴയ തന്ത്രത്തിലേക്ക് അമേരിക്കയും ആഗോള പ്രതിരോധ കമ്പനികളും വീണ്ടും തിരിഞ്ഞുനോക്കുന്നത്; ‘സീ ബേസ്ഡ് റോക്കറ്റ് ലോഞ്ച്’ അഥവാ കടലിൽ നിന്നുള്ള ബഹിരാകാശ വിക്ഷേപണം. കോമേഴ്‌സ്യൽ സ്പേസ് ഫെഡറേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഉപഗ്രഹ ശൃംഖലകൾ അതിവേഗം വർദ്ധിക്കുന്നത് അമേരിക്കയുടെ നിലവിലെ അടിസ്ഥാന സൗകര്യങ്ങളെ തകർക്കും. ശത്രുരാജ്യങ്ങളുടെ പെട്ടെന്നുള്ള സൈനിക ആക്രമണങ്ങളിൽ നിന്നും പ്രകൃതിദുരന്തങ്ങളിൽ നിന്നും സംരക്ഷിക്കാൻ മൊബൈൽ ലോഞ്ച് പാഡുകൾ കടലിൽ സ്ഥാപിക്കേണ്ടത് അമേരിക്കയുടെ അടിയന്തിര ആവശ്യമായി മാറിയിരിക്കുകയാണ്.
ഈ സാങ്കേതികവിദ്യയിലേക്ക് അമേരിക്ക ഇപ്പോൾ വേഗത്തിൽ തിരിയാൻ വ്യക്തമായ ഒരു കാരണമുണ്ട് അതാണ് ചൈന എന്ന ബദ്ധശത്രുവിന്റെ അതിവേഗത്തിലുള്ള വളർച്ച. കടൽ കേന്ദ്രീകരിച്ചുള്ള റോക്കറ്റ് വിക്ഷേപണത്തിൽ അമേരിക്കയേക്കാൾ ഏറെ മുന്നിലാണ് ചൈന ഇന്ന്. ഷാൻഡോങ് പ്രവിശ്യയിലെ ഹയ്യാംഗിൽ ചൈന നിർമ്മിച്ച ‘ഓറിയന്റൽ മാരിടൈം സ്പേസ് പോർട്ട്’ ഇതിനകം തന്നെ നിരവധി വിജയകരമായ വിക്ഷേപണങ്ങൾ നടത്തിക്കഴിഞ്ഞു. റോക്കറ്റ് നിർമ്മാണം, വിക്ഷേപണ പ്രവർത്തനങ്ങൾ, സമുദ്ര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവന്ന ഭീമാകാരമായ ഒരു വ്യവസായ ഹബ്ബാണിത്.
കണക്കുകൾ പ്രകാരം 2019 മുതൽ ചൈന കടലിൽ നിന്ന് 13 വിക്ഷേപണങ്ങളിലായി 75-ലധികം ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് എത്തിച്ചത്. ജനവാസ മേഖലകളിലെ അപകടസാധ്യത കുറയ്ക്കാനും, റോക്കറ്റുകൾക്ക് കൂടുതൽ ഫ്ലെക്സിബിലിറ്റി നൽകാനും ചൈനയ്ക്ക് ഇതിലൂടെ സാധിക്കുന്നു. നിലവിൽ ചെറിയ സോളിഡ്-ഫ്യൂവൽ റോക്കറ്റുകളാണ് ചൈന കടലിൽ ഉപയോഗിക്കുന്നതെങ്കിലും, പുനരുപയോഗിക്കാൻ കഴിയുന്ന വലിയ ലിക്വിഡ്-പ്രൊപ്പല്ലന്റ് റോക്കറ്റുകൾ കടലിൽ നിന്ന് വിക്ഷേപിക്കാനുള്ള പ്ലാറ്റ്‌ഫോമുകൾ ചൈന അതിവേഗം തയ്യാറാക്കുകയാണ്. ചൈനയുടെ ഈ നീക്കം അമേരിക്കയെ ഭയപ്പെടുത്തുന്നുണ്ട്.
ചൈനയുടെ വെല്ലുവിളി നേരിടാൻ ഫ്ലോറിഡ ആസ്ഥാനമായുള്ള ‘സീഗേറ്റ് സ്പേസ്’ എന്ന പുതിയ സ്റ്റാർട്ടപ്പ് കമ്പനി രംഗത്തിറങ്ങിക്കഴിഞ്ഞു. മുൻ മാരിടൈം വ്യവസായ വിദഗ്ദ്ധരായ മൈക്കൽ ആൻഡേഴ്സണും സീൻ ഫോർട്ടനറും ചേർന്ന് രൂപീകരിച്ച ഈ കമ്പനി, ലിക്വിഡ് ഫ്യൂവൽ റോക്കറ്റുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള ‘ഗേറ്റ്‌വേ സീരീസ്’ എന്ന സെമി-സബ്മേർസിബിൾ പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയാണ്. വെറുമൊരു പഴയ കപ്പലോ എണ്ണ ഖനന പ്ലാറ്റ്‌ഫോമോ മാറ്റിയെടുക്കുന്നതിന് പകരം, ബഹിരാകാശ ദൗത്യങ്ങൾക്ക് ആവശ്യമായ സ്ഥിരത ഉറപ്പാക്കുന്ന സവിശേഷമായ പ്ലാറ്റ്‌ഫോമാണ് ഇവർ നിർമ്മിക്കുന്നത്.
അമേരിക്കൻ ബ്യൂറോ ഓഫ് ഷിപ്പിംഗിൽ നിന്ന് ഇതിനകം തന്നെ ഇവർക്ക് എഞ്ചിനീയറിംഗ്-സുരക്ഷാ അംഗീകാരങ്ങൾ ലഭിച്ചുകഴിഞ്ഞു. ഇതിലും പ്രധാനപ്പെട്ട കാര്യം, പ്രമുഖ പ്രതിരോധ കമ്പനിയായ ‘ലോക്ഹീഡ് മാർട്ടിൻ’, ‘ഫയർഫ്ലൈ എയ്‌റോസ്‌പേസ്’ എന്നിവരുമായി സീഗേറ്റ് സ്പേസ് ഔദ്യോഗികമായി കൈകോർത്തു എന്നതാണ്. ഫയർഫ്ലൈയുടെ ‘ആൽഫ’ പോലുള്ള വലിയ റോക്കറ്റുകളെ കടലിൽ നിന്ന് വിക്ഷേപിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. ആദ്യത്തെ പരീക്ഷണ വിക്ഷേപണം 2028-ഓടെ നടക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
കേവലം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ മാത്രമല്ല ഈ കടൽ താവളങ്ങൾ ഉപയോഗിക്കുന്നത്. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ഏറ്റവും തന്ത്രപ്രധാനമായ ആയുധ പരീക്ഷണങ്ങൾക്കും ഇത് അത്യാവശ്യമായി മാറിയിരിക്കുന്നു. ലോക്ഹീഡ് മാർട്ടിന്റെ സ്ട്രാറ്റജിക് ആൻഡ് മിസൈൽ ഡിഫൻസ് വിഭാഗം വൈസ് പ്രസിഡന്റ് ജോൺതൺ കാൽഡ്വെൽ വ്യക്തമാക്കുന്നത്, പെന്റഗണിന്റെ ‘ഗോൾഡൻ ഡോം ഫോർ അമേരിക്ക’ എന്ന മിസൈൽ പ്രതിരോധ പദ്ധതിയുടെ പരീക്ഷണങ്ങൾക്ക് ഇത്തരം വൈവിധ്യമാർന്ന വിക്ഷേപണ കേന്ദ്രങ്ങൾ ആവശ്യമാണെന്നാണ്. ഹെപ്പർസോണിക് മിസൈലുകളുടെയും അത്യാധുനിക ആയുധങ്ങളുടെയും പരീക്ഷണങ്ങൾക്ക് കരയിലെ താവളങ്ങൾ തികയാതെ വരുന്നു.
കൂടാതെ, കടലിൽ നിന്ന് വിക്ഷേപിക്കുമ്പോൾ വിമാന സർവീസുകൾ തടസ്സപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും. ഫ്ലോറിഡയിൽ നിന്ന് വിക്ഷേപിക്കുമ്പോൾ ബഹാമാസ് ദ്വീപുകളെ ഒഴിവാക്കാൻ റോക്കറ്റുകൾക്ക് കഠിനമായ വളവുകൾ എടുക്കേണ്ടി വരാറുണ്ട്. ഇത് റോക്കറ്റിന്റെ ഇന്ധനക്ഷമതയെയും പേലോഡ് ശേഷിയെയും ബാധിക്കും. എന്നാൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെയോ പസഫിക് സമുദ്രത്തിന്റെയോ നടുവിൽ നിന്ന് വിക്ഷേപിക്കുമ്പോൾ റോക്കറ്റുകൾക്ക് നേരിട്ട് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കാൻ സാധിക്കും. ഇത് വിക്ഷേപണച്ചെലവ് വൻതോതിൽ കുറയ്ക്കാൻ സഹായിക്കും.
Also Read: ജോൺ ബ്രിട്ടാസ് സി.പി.എമ്മിൻ്റെ സൂപ്പർ സെക്രട്ടറിയോ? പരിധിവിട്ട പരിഗണനയിൽ പാർട്ടിയിൽ പ്രതിഷേധം ശക്തം
കടൽ വിക്ഷേപണം കേൾക്കാൻ വളരെ എളുപ്പമാണെന്ന് തോന്നുമെങ്കിലും ഇതിന്റെ സാങ്കേതിക വെല്ലുവിളികൾ വളരെ വലുതാണ്. 1990-കളിൽ അമേരിക്ക, റഷ്യ, യുക്രെയ്ൻ, നോർവേ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച ‘സീ ലോഞ്ച്’ എന്ന ബഹുരാഷ്ട്ര സംരംഭത്തിന്റെ തകർച്ച ചരിത്രം നമുക്ക് കാണിച്ചുതരുന്നുണ്ട്. പസഫിക് സമുദ്രത്തിൽ നിന്ന് വിജയകരമായി റോക്കറ്റുകൾ വിക്ഷേപിച്ചെങ്കിലും, കടുത്ത സാമ്പത്തിക പ്രതിസന്ധിയും 2007-ലുണ്ടായ വലിയൊരു റോക്കറ്റ് സ്ഫോടനവും കാരണം ആ കമ്പനി പൂർണ്ണമായി തകർന്നുപോയി. കടലിലെ കടുത്ത അന്തരീക്ഷം, ഉപ്പുവെള്ളം കപ്പലുകളിലും റോക്കറ്റുകളിലും ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ, അതിശൈത്യമുള്ള ഇന്ധനം കടലിൽ വെച്ച് റോക്കറ്റിൽ നിറയ്ക്കാനുള്ള ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം വലിയ വെല്ലുവിളികളാണ്.
എന്നാൽ ഇന്നത്തെ വിപണി പണ്ടത്തേക്കാൾ വളരെ വ്യത്യസ്തമാണ്. ഇന്ന് ഡിഫൻസ് ഇന്നൊവേഷൻ യുണിറ്റ് പോലുള്ള അമേരിക്കൻ വിഭാഗങ്ങൾ ‘ദി സ്പേസ്പോർട്ട് കമ്പനി’ പോലുള്ള സ്റ്റാർട്ടപ്പുകൾക്ക് കോടിക്കണക്കിന് ഡോളറിന്റെ ഫണ്ടുകളാണ് നൽകുന്നത്. പ്രതിരോധ രംഗത്തെ പുതിയ വെല്ലുവിളികളെ നേരിടാൻ അമേരിക്കയ്ക്ക് കടൽ വിക്ഷേപണം അല്ലാതെ മറ്റ് വഴികളില്ല.
കരയിലെ യുദ്ധങ്ങൾ കടലിലേക്കും ബഹിരാകാശത്തേക്കും വ്യാപിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ചൈന ഉയർത്തുന്ന കടുത്ത വെല്ലുവിളികളെ മറികടക്കാൻ അമേരിക്ക കടലിന്റെ ആഴങ്ങളിൽ പുതിയ വിക്ഷേപണ കോട്ടകൾ പണിയുമ്പോൾ ബഹിരാകാശത്തിന്റെ നിയന്ത്രണം ആരുടെ കൈകളിലാകും എന്നത് വരും ദിവസങ്ങളിൽ കണ്ടറിയേണ്ടി വരും. സാങ്കേതികവിദ്യയുടെ ഈ പുതിയ കുതിച്ചുചാട്ടം ലോകത്തെ കൂടുതൽ സുരക്ഷിതമാക്കുമോ അതോ സമുദ്രങ്ങളെ പുതിയൊരു യുദ്ധക്കളമാക്കുമോ?
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)






