ജർമൻ എയ്‌റോസ്‌പേസ് കമ്പനിയുടെ ‘മിഷൻ പോസിബിൾ’ ദൗത്യം പരാജയപ്പെട്ടു; 166 പേരുടെ ചിതാഭസ്മം വഹിച്ചുകൊണ്ടുപോയ ബഹിരാകാശ പേടകം ഭൗമാന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശന സമയത്ത് പസഫിക് സമുദ്രത്തില്‍ തകര്‍ന്നുവീണു. നിരവധി കുടുംബങ്ങള്‍ കമ്പനിയെ ഏല്‍പ്പിച്ച തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിതാഭസ്മങ്ങളെല്ലാം, വീണ്ടെടുക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. ദൗത്യത്തില്‍ പങ്കാളികളായ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുന്നതിനും മുന്നിട്ടിറങ്ങുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.
ജര്‍മ്മന്‍ എയ്റോസ്പേസ് സ്റ്റാര്‍ട്ടപ്പ് ദി എക്സ്പ്ലോറേഷന്‍ തന്നെ രൂപകല്‍പ്പന ചെയ്ത നിക്സ് (Nyx) പേടകം 2025 ജൂണ്‍ 23-നാണ് വിക്ഷേപിച്ചത്. ടെക്സാസ് ആസ്ഥാനമായുള്ള ബഹിരാകാശ ശവസംസ്‌കാര സ്ഥാപനമായ സെലെസ്റ്റിസ് വഴിയാണ് ഇതില്‍ കൊണ്ടുപോകുന്നതിനുള്ള ചിതാഭസ്മങ്ങള്‍ സംഘടിപ്പിച്ചത്. ചിതാഭസ്മങ്ങള്‍ ബഹിരാകാശത്ത് എത്തിക്കുകയും ഭൂമിയെ വലംവെച്ച് പേടകം ഭൂമിയില്‍ തിരിച്ചെത്തുകയും ചെയ്യുംവിധമായിരുന്നു ദൗത്യം ക്രമീകരിച്ചിരുന്നത്. പസഫിക് സമുദ്രത്തില്‍ തിരിച്ചിറങ്ങുന്ന പേടകത്തില്‍നിന്ന് ചിതാഭസ്മങ്ങളടക്കം ശേഖരിച്ച് ബന്ധുക്കളെ തിരികെ ഏല്‍പ്പിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.
Also Read: പാക് ആണവായുധം നിയന്ത്രിക്കുന്നത് പാകിസ്ഥാനല്ല, അമേരിക്കയാണെന്ന് വെളിപ്പെടുത്തൽ
ആശയവിനിമയ ബന്ധം നഷ്ടപ്പെടുന്നതിനു മുന്‍പ് ചിതാഭസ്മങ്ങളടങ്ങിയ പേടകം ഭൂമിയെ രണ്ട് തവണ വിജയകരമായി പരിക്രമണം ചെയ്തിരുന്നു. ഭ്രമണപഥത്തില്‍ നിന്ന് തിരികെ വരുന്നതിനിടെ പുനഃപ്രവേശനത്തിലെ പ്രശ്നങ്ങള്‍മൂലം പേടകം തകരാറിലാകുകയും അതിലെ വസ്തുക്കള്‍ കടലില്‍ ചിതറുകയും ചെയ്തുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ദി എക്സ്പ്ലോറേഷന്‍ കമ്പനിയുടെ നിക്സ് (Nyx) പേടകം തുടക്കത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വിക്ഷേപണത്തിനു ശേഷം പേടകം സ്ഥിരത കൈവരിച്ചു. ഭൗമാന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശന സമയത്ത് ആശയവിനിമയബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍, കടലില്‍ പതിക്കുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് കമ്പനിക്ക് പേടകവുമായുള്ള ബന്ധം വീണ്ടും നഷ്ടപ്പെട്ടു.
പേടകം പസഫിക് സമുദ്രത്തില്‍ തകര്‍ന്നുവീണതായും അതിലുള്ള വസ്തുക്കളൊന്നും വീണ്ടെടുക്കാനായില്ലെന്നും ടിഇസി (TEC) സ്ഥിരീകരിച്ചു. 166 വ്യക്തികളുടെ ഭൗതികാവശിഷ്ടങ്ങള്‍ വഹിച്ചുകൊണ്ടുള്ള, ബഹിരാകാശ ദൗത്യത്തിനുവേണ്ടിയുള്ള സെലെസ്റ്റിസിന്റെ ആദ്യ ശ്രമമായിരുന്നു ഇത്. ചൊവ്വയില്‍ കഞ്ചാവ് കൃഷി ചെയ്യുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായ കഞ്ചാവ് വിത്തുകളും പേടകത്തില്‍ ഉള്‍പ്പെട്ടിരുന്നു. നിക്സിന് മുന്‍പ് ടിഇസി (TEC) ഒരു പേടകം മാത്രമാണ് വിക്ഷേപിച്ചിട്ടുള്ളത്. രണ്ടാമത്തെ ശ്രമമാണ് ദയനീയമായി പരാജയപ്പെട്ടത്.
ദൗത്യം പരാജയപ്പെട്ടതിന് പിന്നാലെ സെലെസ്റ്റിസിന്റെ സഹസ്ഥാപകന്‍ ചാള്‍സ് എം. ചേഫര്‍ നിരാശ പ്രകടിപ്പിക്കുകയും കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. ദൗത്യവുമായി സഹകരിക്കാന്‍ തീരുമാനിച്ചവരുടെ ധീരതയെ അംഗീകരിക്കുന്നു. ദുരിതബാധിത കുടുംബങ്ങളുമായി ബന്ധപ്പെട്ട് പിന്തുണ വാഗ്ദാനം ചെയ്യാനും സാധ്യമായ അടുത്ത നടപടികളും സ്വീകരിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. സുതാര്യതയോടും ശ്രദ്ധയോടും കൂടി സേവനം തുടരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.