ദക്ഷിണ ​കൊറിയൻ പ്രസിഡന്റിന്റെ തടങ്കൽ നീട്ടി; കോടതി ആക്രമിച്ച് അനുയായികൾ

കോടതിയിൽ അതിക്രമിച്ച് കയറിയ അനുയായികൾ ജനൽ ചില്ലുകളും മറ്റും തകർത്തു

ദക്ഷിണ ​കൊറിയൻ പ്രസിഡന്റിന്റെ തടങ്കൽ നീട്ടി; കോടതി ആക്രമിച്ച് അനുയായികൾ
ദക്ഷിണ ​കൊറിയൻ പ്രസിഡന്റിന്റെ തടങ്കൽ നീട്ടി; കോടതി ആക്രമിച്ച് അനുയായികൾ

സിയോൾ: ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിന്റെ തടങ്കൽ കാലാവധി നീട്ടിയതിനെ തുടർന്ന് പ്രതിഷേധവുമായി നൂറുകണക്കിന് അനുയായികൾ രംഗത്തെത്തി. ഇന്നലെ പുലർച്ചെ മൂന്ന് മണിക്ക് കോടതി തീരുമാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ യൂനിന്റെ അനുയായികൾ കെട്ടിടത്തിന് ചുറ്റും തടിച്ചുകൂടി. തുടർന്ന് കോടതിയിൽ അതിക്രമിച്ച് കയറിയ അനുയായികൾ ജനൽ ചില്ലുകളും മറ്റും തകർത്തു. പ്രതിഷേധക്കാരെ പോലീസ് തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

പ്രവേശന കവാടത്തിൽ നിന്ന പോലീസിന് നേരെ പ്രതിഷേധക്കാർ അഗ്നിശമന ഉപകരണങ്ങൾ എടുത്തു പ്രയോഗിച്ചു. ഇതേ തുടർന്ന് ഓഫീസിനുള്ളിൽ വെള്ളം കയറി ഉപകരണങ്ങളും ഫർണിച്ചറും നശിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ പോലീസ് ക്രമസമാധാനം പുനഃസ്ഥാപിച്ചു. 46 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവരെ ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.

Also Read: ബൈഡന്‍ തകര്‍ത്ത അമേരിക്കയെ കൈപിടിച്ച് ഉയര്‍ത്താന്‍ ട്രംപിന്റെ പുതിയ നയങ്ങള്‍

സംഘർഷത്തിൽ ഒമ്പത് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 40 ഓളം പേർക്ക് നിസാര പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റിനെ തടങ്കലിൽ വെക്കുന്നതിനുള്ള സമയപരിധി നീട്ടാൻ അന്വേഷകർ ആവശ്യപ്പെട്ടതിനെ തുടർന്ന് ജഡ്ജി തടങ്കൽ 20 ദിവസത്തേക്ക് നീട്ടുകയായിരുന്നു.

Share Email
Top