സിയോൾ: പട്ടാള നിയമം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദക്ഷിണ കൊറിയന്‍ മുന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാജിവെച്ച പ്രതിരോധമന്ത്രി ഞായറാഴ്ച മുതൽ തടങ്കലിലായിരുന്നു. ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്. അടിവസ്ത്രം ഉപയോഗിച്ചാണ് തടങ്കല്‍ കേന്ദ്രത്തില്‍ കിം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് നീതിന്യായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അദ്ദേഹം നിരീക്ഷണത്തിലാണെന്നും, അപകട നില തരണം ചെയ്തെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് പട്ടാളനിയമം ഏര്‍പ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചതായി ആരോപിച്ചാണ് കിം യോങ് ഹ്യുനിനെ അറസ്റ്റ് ചെയ്തത്. പ്രതിപക്ഷത്തെ ചെറുക്കുന്നതിനായി ഡിസംബര്‍ മൂന്നിനാണ് പ്രസിഡന്റ് യൂന്‍ സുക് യോള്‍ രാജ്യത്ത് പട്ടാള നിയമം ഏര്‍പ്പെടുത്തിയത്.
Also Read: സിറിയയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍
പട്ടാള നിയമം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് യൂന്‍ സുക് യോളിന് വിദേശ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ ഇംപീച്ച്‌മെന്റ് പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും ആവശ്യമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ജനകീയ പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്ന് പട്ടാള നിയമം ഏര്‍പ്പെടുത്തി ആറു മണിക്കൂറിനുള്ളില്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ നിയമം പിന്‍വലിച്ചിരുന്നു.