സൗത്ത് ഇന്ത്യൻ ബാങ്കിന് എക്കാലത്തെയും ഉയർന്ന വാർഷിക അറ്റാദായം. 2025-26 സാമ്പത്തിക വർഷത്തിൽ 1455.14 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് സ്വന്തമാക്കിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 11.69 ശതമാനത്തിന്റെ വളർച്ചയാണിത്. ബാങ്കിന്റെ മൊത്തം ബിസിനസ് 2,23,620 കോടി രൂപ എന്ന ചരിത്ര നേട്ടത്തിലെത്തി. പ്രവർത്തന ലാഭം 2,373 കോടി രൂപയായും പലിശയിതര വരുമാനം 2,009 കോടി രൂപയായും വർദ്ധിച്ചു. മികച്ച പ്രകടനം കണക്കിലെടുത്ത് 45 ശതമാനം ലാഭവിഹിതം നൽകാൻ ബാങ്ക് ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്.
ബാങ്കിന്റെ ആസ്തി ഗുണനിലവാരത്തിലും വലിയ പുരോഗതിയുണ്ടായി. അറ്റ നിഷ്ക്രിയ ആസ്തികൾ 0.92 ശതമാനത്തിൽ നിന്ന് 0.29 ശതമാനമായി കുറഞ്ഞു. റീട്ടെയ്ൽ നിക്ഷേപങ്ങളിൽ 14.67 ശതമാനവും എൻആർഐ നിക്ഷേപങ്ങളിൽ 11.92 ശതമാനവും വർദ്ധനവുണ്ടായിട്ടുണ്ട്. മൊത്തം വായ്പകൾ ഒരു ലക്ഷം കോടി രൂപ പിന്നിട്ടപ്പോൾ, സ്വർണ്ണ വായ്പാ രംഗത്ത് 24,729 കോടി രൂപയുടെ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്. പലിശ നിരക്കിലെ വ്യതിയാനങ്ങൾ ഉൾപ്പെടെയുള്ള വെല്ലുവിളികൾക്കിടയിലും ഈ റെക്കോർഡ് നേട്ടം കൈവരിക്കാനായെന്ന് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി വ്യക്തമാക്കി.






