തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായിരുന്നു 2023ല്‍ പുറത്തെത്തിയ രജനികാന്ത് ചിത്രം ജയിലര്‍. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടിയ സിനിമ പല റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മുന്നേറിയത്. പേട്ടയ്ക്ക് ശേഷം രജനികാന്തിന്റെ താരമൂല്യത്തെ ഉപയോഗപ്പെടുത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയവരുടെ അതിഥിവേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. പ്രതിനായകനായി എത്തിയ വിനായകനും വലിയ കൈയടി ലഭിച്ചു. ബീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ജയിലര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ചുള്ള ചെറിയൊരു സൂചന നല്‍കിയിരിക്കുകയാണ് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്.
Also Read: നല്‍കിയ അവസരങ്ങള്‍ നിരസിച്ചുവെങ്കിലും സല്‍മാന്‍ സ്‌നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളത്; കങ്കണ
‘സണ്‍ പിക്ചേഴ്സിന്റെ അടുത്ത സൂപ്പര്‍ സാഗ. ഒരു ഗംഭീര അന്നൗണ്‍സ്മെന്റിനായി ഒരുങ്ങിക്കോളൂ’, എന്ന ക്യാപ്ഷനോടൊപ്പം ഒരു വീഡിയോ നിര്‍മാതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സണ്‍ പിക്ചേഴ്സിന്റെ ഇതുവരെയുള്ള സിനിമകളുടെ ഒരു മാഷപ്പ് വീഡിയോ ആണ് ഉള്ളടക്കം. വീഡിയോയുടെ അവസാനം ദി നെക്സ്റ്റ് സൂപ്പര്‍ സാഗ എന്നെഴുതി കാണിക്കുന്നുമുണ്ട്. ഇതോടെയാണ് ഇത് ജയിലര്‍ 2 വിന്റെ അപ്‌ഡേറ്റ് ആണെന്ന് സോഷ്യല്‍ മീഡിയ ഉറപ്പിച്ചത്.