ദക്ഷിണ ചൈനയിലെ ഗുവാങ്ഷി ഷുവാങ് മേഖലയിലുണ്ടായ കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് പാമ്പ് വളർത്തൽ കേന്ദ്രം തകർന്ന് തൊള്ളായിരത്തോളം പാമ്പുകൾ പുറത്തുചാടി. മെയ്‌സാക് ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ അതിശക്തമായ മഴയാണ് പാമ്പ് ഫാം സ്ഥിതി ചെയ്യുന്ന ഹെങ്‌ഷൗവിലെ ഡെങ്‌വെയ് ഗ്രാമത്തെ പ്രളയത്തിലാഴ്ത്തിയത്. വിഷമുള്ള മൂർഖൻ പാമ്പുകൾ ഉൾപ്പെടെയുള്ളവ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയത് പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രളയവെള്ളത്തിലൂടെ പാമ്പുകൾ കൂട്ടത്തോടെ നീന്തിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവം ഗുരുതരമായതോടെ അധികൃതർ പ്രദേശത്ത് അടിയന്തര രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സേനയെ വിന്യസിക്കുകയും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തു. മീൻപിടുത്ത വലകളും സ്റ്റൺ ഗണ്ണുകളുമായി പത്തംഗ വിദഗ്ധ സംഘമാണ് പാമ്പുകളെ പിടികൂടാൻ രംഗത്തുള്ളത്. പുറത്തുചാടിയവയിൽ ഭൂരിഭാഗവും വിഷമില്ലാത്ത ഇനങ്ങളാണെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും മുൻകരുതലിന്റെ ഭാഗമായി ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശമുണ്ട്. അതേസമയം, പ്രളയത്തിൽ കുടുങ്ങിയ ചില ഗ്രാമീണർക്ക് പാമ്പുകടിയേറ്റതായും പ്രദേശത്ത് ആവശ്യത്തിന് മരുന്നുകളും വൈദ്യസഹായവും ലഭ്യമല്ലെന്നും ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also Read; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കയുടെ മിന്നലാക്രമണം!
മേഖലയിൽ കനത്ത നാശം വിതച്ച പ്രളയത്തെത്തുടർന്ന് ഗുവാങ്ഷിയിലെ പ്രളയ മുന്നറിയിപ്പ് അധികൃതർ റെഡ് അലർട്ടിലേക്ക് ഉയർത്തിയിരിക്കുകയാണ്. നദികളിലെ ജലനിരപ്പ് അപകടകരമായ അളവിലേക്ക് ഉയർന്നതാണ് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയത്. നിലവിൽ 55 നദികളിലായി സ്ഥാപിച്ചിട്ടുള്ള 70 നിരീക്ഷണ കേന്ദ്രങ്ങളിലെയും ജലനിരപ്പ് അപകടരേഖയ്ക്കും മുകളിലാണെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ വ്യക്തമാക്കുന്നു. പാമ്പുകളുടെ ഭീഷണിക്കൊപ്പം പ്രളയക്കെടുതിയും രൂക്ഷമായതോടെ അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് പ്രദേശവാസികൾ കടന്നുപോകുന്നത്.






