ചെറുകിട നിക്ഷേപകരിൽ ആശങ്ക! SIP അക്കൗണ്ടുകൾ നിർത്തലാക്കുന്നു; വിപണിയിൽ വൻ ചാഞ്ചാട്ടം

വിപണിയിലെ ഈ കടുത്ത അസ്ഥിരത കാരണം മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴിയുള്ള നിക്ഷേപം പലരും അവസാനിപ്പിക്കുകയാണ്

ചെറുകിട നിക്ഷേപകരിൽ ആശങ്ക! SIP അക്കൗണ്ടുകൾ നിർത്തലാക്കുന്നു; വിപണിയിൽ വൻ ചാഞ്ചാട്ടം
ചെറുകിട നിക്ഷേപകരിൽ ആശങ്ക! SIP അക്കൗണ്ടുകൾ നിർത്തലാക്കുന്നു; വിപണിയിൽ വൻ ചാഞ്ചാട്ടം

ഹരി വിപണിയിൽ കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന ആദായക്കുറവ് ചെറുകിട നിക്ഷേപകർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ. വിപണിയിലെ ഈ കടുത്ത അസ്ഥിരത കാരണം മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴിയുള്ള നിക്ഷേപം പലരും അവസാനിപ്പിക്കുകയാണ്. മ്യൂച്വൽ ഫണ്ട് അസോസിയേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പുതുതായി ആരംഭിക്കുന്ന എസ്.ഐ.പി അക്കൗണ്ടുകളേക്കാൾ വേഗത്തിലാണ് നിലവിലുള്ളവ നിർത്തലാക്കുന്നത്. വിദേശ നിക്ഷേപകർ വിപണിയിൽ നിന്ന് വ്യാപകമായി പണം പിൻവലിക്കുമ്പോഴും ഇന്ത്യൻ വിപണിയെ താങ്ങിനിർത്തിയിരുന്നത് ഇത്തരം ആഭ്യന്തര എസ്.ഐ.പി നിക്ഷേപങ്ങളായിരുന്നു എന്നതിനാൽ ഈ പിന്മാറ്റം അതീവ പ്രാധാന്യത്തോടെയാണ് സാമ്പത്തിക ലോകം വീക്ഷിക്കുന്നത്.

കണക്കുകൾ പരിശോധിച്ചാൽ, കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പുതുതായി ആരംഭിച്ച എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 50.7 ലക്ഷമായിരുന്നപ്പോൾ, നിർത്തലാക്കപ്പെട്ട അക്കൗണ്ടുകളുടെ എണ്ണം 51.3 ലക്ഷമായി ഉയർന്നു. 2024 സെപ്റ്റംബർ മാസത്തിന് ശേഷം വിപണിയിലുണ്ടായ കടുത്ത അനിശ്ചിതത്വമാണ് നിക്ഷേപകരെ കൂട്ടത്തോടെ അക്കൗണ്ടുകൾ പിൻവലിക്കാൻ പ്രേരിപ്പിച്ചത്. മുൻപ് വിപണി മികച്ച പ്രകടനം കാഴ്ചവെച്ച സമയങ്ങളിൽ വൻതോതിൽ ആളുകൾ നിക്ഷേപം തുടങ്ങിയിരുന്നു. നിലവിലും പുതിയ ആളുകൾ കടന്നുവരുന്നുണ്ടെങ്കിലും, അതിനേക്കാൾ ഉയർന്ന നിരക്കിൽ അക്കൗണ്ടുകൾ ക്ലോസ് ചെയ്യപ്പെടുന്നത് വിപണിയിലെ നിക്ഷേപകരുടെ ആത്മവിശ്വാസക്കുറവിനെയാണ് വ്യക്തമാക്കുന്നത്.

നിക്ഷേപകർക്കിടയിൽ പിന്മാറ്റ പ്രവണത ശക്തമാണെങ്കിലും വിപണിയെ തകിടം മറിക്കുന്ന രീതിയിൽ മൊത്തത്തിലുള്ള പണമൊഴുക്കിൽ ഇനിയും വലിയ ഇടിവ് സംഭവിച്ചിട്ടില്ല എന്നത് താൽക്കാലിക ആശ്വാസമേകുന്നുണ്ട്. പ്രതിമാസം ശരാശരി 25,000 കോടി രൂപയ്ക്കും 30,000 കോടി രൂപയ്ക്കും ഇടയിൽ ഇപ്പോഴും എസ്.ഐ.പി വഴി വിപണിയിലേക്ക് എത്തുന്നുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ പണം പിൻവലിക്കുന്ന സാഹചര്യത്തിൽ വലിയ തകർച്ചയിൽ നിന്ന് വിപണിയെ രക്ഷിക്കുന്നത് ഈ തുകയാണ്. എങ്കിലും വിപണിയിലെ ചാഞ്ചാട്ടം ഇനിയും നീണ്ടുനിന്നാൽ കൂടുതൽ നിക്ഷേപകർ ആത്മവിശ്വാസം നഷ്ടപ്പെട്ട് പിന്മാറിയേക്കാമെന്നും, ദീർഘകാലാടിസ്ഥാനത്തിൽ ഇത് വിപണിയെ ദോഷകരമായി ബാധിക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

Share Email
Top