കഴിഞ്ഞ കുറച്ചു നാളുകളായി റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,07,600 രൂപയായി മാറി. ഇന്നലെ ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,07,800 രൂപയിലായിരുന്നു. പവനോടൊപ്പം ഗ്രാം വിലയിലും കുറവുണ്ടായിട്ടുണ്ട്. ഇന്നലെ ഗ്രാമിന് 13,475 രൂപയായിരുന്നത് ഇന്ന് 25 രൂപ കുറഞ്ഞ് 13,450 രൂപയിലെത്തി. പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയിലെ ചലനങ്ങളും കാരണം വർഷാരംഭം മുതൽ തന്നെ ഒരു ലക്ഷത്തിന് മുകളിൽ തുടരുന്ന സ്വർണവിലയിൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്ന തരത്തിലുള്ള ഒരു തകർച്ച ഇനിയും ഉണ്ടായിട്ടില്ല.
ഓരോ ദിവസവും കൂടിയും കുറഞ്ഞും അസന്തുലിതമായി മുന്നോട്ട് പോകുന്ന വിപണിയിൽ, ഈ ചെറിയ വിലക്കുറവ് സ്വർണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് ഒരു പരിധി വരെ പ്രയോജനപ്പെടുത്താം. എങ്കിലും വില എപ്പോൾ വേണമെങ്കിലും വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ വലിയൊരു ഇടിവ് പ്രതീക്ഷിച്ചിരിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് വിപണി വിദഗ്ധർ നൽകുന്ന സൂചന. വരും ദിവസങ്ങളിലെ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും കേരളത്തിലെയും സ്വർണവിലയുടെ ഭാവി ജനങ്ങൾ വിലയിരുത്തുന്നത്.






