ട്രെയിനുകളിലെ റിസർവ് ചെയ്ത സ്ലീപ്പിങ് ബെർത്തുകൾ രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ മാത്രം ഉപയോഗിക്കാൻ അനുമതി നൽകുന്ന റെയിൽവേ നിയമം മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. രോഗിയായ ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്യുമ്പോൾ അനുവദിച്ച സമയപരിധി കഴിഞ്ഞും ബെർത്ത് ഉപയോഗിക്കാൻ സഹയാത്രക്കാർ അനുവദിച്ചില്ലെന്നും, അതിനാൽ നിയമം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈ സ്വദേശിയാണ് കോടതിയെ സമീപിച്ചത്.
എന്നാൽ യാത്രക്കാരുടെ വ്യക്തിപരമായ ഒറ്റപ്പെട്ട അനുഭവങ്ങൾ ചൂണ്ടിക്കാട്ടി പൊതുനിയമങ്ങൾ അസാധുവാക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. രോഗികൾക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക ഇളവുകൾ ഉണ്ടെങ്കിലും, ട്രെയിനിലെ എല്ലാ യാത്രികരുടെയും സുഖസൗകര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനാണ് ഈ സമയക്രമം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
Also Read: സ്വപ്നമല്ല യാഥാർത്ഥ്യം! യുഎഇ നിവാസികൾക്കായി പറക്കും കാറുകൾ ഉടൻ വിപണിയിലേക്ക്?
രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള സമയം കഴിഞ്ഞാൽ സ്ലീപ്പിങ് ബെർത്ത് ഇരിപ്പിട സൗകര്യമായി മാറുമെന്നാണ് റെയിൽവേ കൊമേഴ്‌സ്യൽ മാനുവൽ വ്യവസ്ഥ ചെയ്യുന്നത്. മിഡിൽ, അപ്പർ ബെർത്തുകൾ ലഭിച്ചവർക്കും പകൽ സമയത്ത് യാതൊരു ബുദ്ധിമുട്ടും കൂടാതെ താഴെ ഇരുന്ന് യാത്ര ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പുവരുത്താനാണ് ഈ ക്രമീകരണമെന്നും കോടതി വ്യക്തമാക്കി.






