വായിൽ ടേപ്പ് ഒട്ടിച്ച് 11 മണിക്കൂർ ഉറക്കം, പശുവിന്റെ ഹൃദയവും കരളും അടങ്ങിയ ഡയറ്റ്; ‘സൈബോർഗ്’ ഹാളണ്ടിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങൾ!

മെസിയും റൊണാൾഡോയും നെയ്മറുമെല്ലാം അണിനിരക്കുന്ന ഫുട്ബോൾ ലോകകപ്പ് വേദിയിൽ ഇത്തവണ ലോകത്തെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് നോർവീജിയൻ സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാളണ്ടിന്റെ പ്രകടനമാണ്

വായിൽ ടേപ്പ് ഒട്ടിച്ച് 11 മണിക്കൂർ ഉറക്കം, പശുവിന്റെ ഹൃദയവും കരളും അടങ്ങിയ ഡയറ്റ്; ‘സൈബോർഗ്’ ഹാളണ്ടിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങൾ!
വായിൽ ടേപ്പ് ഒട്ടിച്ച് 11 മണിക്കൂർ ഉറക്കം, പശുവിന്റെ ഹൃദയവും കരളും അടങ്ങിയ ഡയറ്റ്; ‘സൈബോർഗ്’ ഹാളണ്ടിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങൾ!

മെസിയും റൊണാൾഡോയും നെയ്മറുമെല്ലാം അണിനിരക്കുന്ന ഫുട്ബോൾ ലോകകപ്പ് വേദിയിൽ ഇത്തവണ ലോകത്തെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് നോർവീജിയൻ സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാളണ്ടിന്റെ പ്രകടനമാണ്. മൈതാനത്ത് മണിക്കൂറിൽ 33 കിലോമീറ്റർ വേഗതയിൽ കുതിച്ചുപാഞ്ഞും, അക്രോബാറ്റിക് ശൈലിയിൽ ശരീരം വായുവിൽ ഉയർത്തി ഗോൾവല ചലിപ്പിച്ചും ഹാളണ്ട് മുന്നേറുമ്പോൾ ആരാധകർ ചോദിക്കുന്നത് ഒന്നുമാത്രം ‘ഇത് മനുഷ്യൻ തന്നെയോ അതോ ബയോ-എൻജിനീയറിങ് വഴി നിർമ്മിച്ച സൈബോർഗോ?’ എന്നാൽ, ഈ അമാനുഷിക കായികക്ഷമതയ്ക്ക് പിന്നിൽ കഠിനമായ അച്ചടക്കവും വിചിത്രമെന്ന് തോന്നാവുന്ന ചില ഫിറ്റ്‌നസ് രഹസ്യങ്ങളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

11 മണിക്കൂർ ഉറക്കവും ബ്ലൂ ലൈറ്റ് ഗ്ലാസുകളും

കളിയും പരിശീലനവും കഴിഞ്ഞാൽ പാർട്ടികൾക്ക് പോകാതെ കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുന്നതാണ് ഹാളണ്ടിന്റെ പതിവ്. ദിവസം 10 മുതൽ 11 മണിക്കൂർ വരെയാണ് ഈ വൈക്കിങ് വീരൻ ഉറങ്ങാനായി മാറ്റിവെക്കുന്നത്. ഉച്ചഭക്ഷണത്തിന് ശേഷവും താരം ചെറിയൊരു ഉറക്കം ശീലമാക്കിയിട്ടുണ്ട്. ഉറങ്ങുന്നതിന് മുൻപ് കണ്ണുകളിൽ മൊബൈൽ ഫോണുകളിൽ നിന്നുള്ള ‘ബ്ലൂ ലൈറ്റ്’ എത്താതിരിക്കാൻ പ്രത്യേക ഗ്ലാസുകൾ താരം ധരിക്കാറുണ്ട്. ഇത് ശരീരത്തിലെ മെലടോണിൻ ഉത്പാദനം വർദ്ധിപ്പിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടാനും സഹായിക്കുമെന്ന് ശാസ്ത്രം പറയുന്നു. ഉറങ്ങുന്ന മുറിയിൽ നിന്ന് മൊബൈൽ അടക്കമുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും താരം മാറ്റിവെക്കാറുമുണ്ട്.

Also Read: പത്ത് ദിവസം കൊണ്ട് അളന്നു തീർത്ത ഒരു മീറ്റർ; യൂറോപ്പ് ഒളിപ്പിച്ച ആ ടൈം ബോംബ് പൊട്ടുമോ?

വായിൽ ടേപ്പ് ഒട്ടിച്ചുള്ള ഉറക്കം; ഡോക്ടർമാരുടെ മുന്നറിയിപ്പ്

ഹാളണ്ടിന്റെ രാത്രികാല ശീലങ്ങളിൽ ഏറ്റവും കൗതുകമുണർത്തുന്നത് ഉറങ്ങുമ്പോൾ വായിൽ ടേപ്പ് ഒട്ടിക്കുന്നതാണ്. വായ തുറന്ന് ശ്വാസമെടുക്കാതെ, മൂക്കിലൂടെ മാത്രം ശ്വസനം ഉറപ്പാക്കാനാണ് താരം ഇങ്ങനെ ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ ഇത് വലിയ ട്രെൻഡായി മാറിയിട്ടുണ്ടെങ്കിലും, നിത്യവും വായ ഒട്ടിച്ച് ഉറങ്ങുന്നതിനെ പിന്തുണയ്ക്കുന്ന കൃത്യമായ പഠനങ്ങൾ ലഭ്യമല്ലെന്ന് ആസ്റ്റർ വൈറ്റ് ഫീൽഡ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. സുബ്രത ദാസ് പറയുന്നു. മൂക്കിൽ അലർജിയോ തടസ്സങ്ങളോ ഉള്ളവരും ‘സ്ലീപ്പ് അപ്നിയ’ പോലുള്ള രോഗാവസ്ഥകൾ ഉള്ളവരും ഇത് അനുകരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

6000 കലോറി ഡയറ്റും മാന്ത്രിക പാനീയവും

ഒരു സാധാരണ മനുഷ്യന് വേണ്ടതിന്റെ ഇരട്ടിയിലധികം, അതായത് പ്രതിദിനം 6000 കലോറി ഭക്ഷണമാണ് ഹാളണ്ട് കഴിക്കുന്നത്. പശുവിന്റെ ഹൃദയം, കരൾ, ബീഫ് സ്റ്റീക്ക്, മുട്ട, തിളപ്പിക്കാത്ത പാൽ എന്നിവയാണ് ഹാളണ്ടിന്റെ പ്രധാന ആഹാരം. ‘ഹാളണ്ട്: ദ ബിഗ് ഡിസിഷൻ’ എന്ന ഡോക്യുമെന്ററിയിൽ താരം തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. തിളപ്പിക്കാത്ത പാലും മേപ്പിൾ സിറപ്പും ചേർത്ത കാപ്പിയോടെയാണ് താരത്തിന്റെ ദിവസം ആരംഭിക്കുന്നത്. പ്രഭാതഭക്ഷണത്തിന് മുൻപ് വെയിൽ കായുന്നതും ഹാളണ്ടിന്റെ ശീലമാണ്. പാലും ചീരയും കെയ്‌ലുമെല്ലാം അടിച്ചെടുത്ത ഒരു പ്രത്യേക ‘മാന്ത്രിക പാനീയവും’ താരം ഡയറ്റിന്റെ ഭാഗമാക്കുന്നു.

Also Read: കൈലാസത്തിൽ നിന്നുത്ഭവിച്ച് മൂന്ന് രാജ്യങ്ങളെ തൊട്ടൊഴുകുന്ന സത്‌ലജ്; നേപ്പാളും ഈ നദിയും തമ്മിലുള്ള ആ രഹസ്യ ബന്ധം എന്ത്?

ക്രയോതെറാപ്പിയും കഠിന പരിശീലനവും

ആറടി നാലിഞ്ച് ഉയരമുള്ള തന്റെ ശരീരം വഴക്കമുള്ളതാക്കാൻ കഠിനമായ വർക്കൗട്ടുകളാണ് ഹാളണ്ട് ചെയ്യുന്നത്. ഹൈ ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിങ്ങും, ഉയരമുള്ള സ്ഥലങ്ങളിലെ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കുന്ന ഹൈപോക്സിക് ചേംബറുകളിലെ പരിശീലനവും ഇതിൽ ഉൾപ്പെടുന്നു. വർക്കൗട്ടിന് ശേഷം പേശികൾക്ക് വിശ്രമം നൽകാൻ പൂജ്യത്തിന് താഴെ താപനിലയുള്ള ‘ക്രയോതെറാപ്പി ചേംബറുകളിൽ’ ഐസ് ബാത്ത് നടത്തുന്നതും ഹാളണ്ടിന്റെ ഫിറ്റ്‌നസ് വിജയത്തിന് പിന്നിലെ പ്രധാന ഘടകമാണ്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top