സ്കോഡയുടെ ഫ്ലാഗ്ഷിപ്പ് ലക്ഷ്വറി എസ്‌യുവിയായ കൊഡിയാക്കിന് ഇന്ത്യൻ വിപണിയിൽ വൻ കിഴിവ്. 2026 ഏപ്രിലിലെ വിപണി കണക്കുകൾ പ്രകാരം സ്കോഡ നിരയിൽ ഇന്ത്യയിൽ ഏറ്റവും കുറവ് വിറ്റഴിക്കപ്പെട്ട മോഡലായിരുന്നു കൊഡിയാക്ക്. കഴിഞ്ഞ മാസം കേവലം 116 യൂണിറ്റുകൾ മാത്രമാണ് ഈ ലക്ഷ്വറി എസ്‌യുവിക്ക് വിൽക്കാനായത്. ഉയർന്ന വില കാരണം തണുത്ത പ്രതികരണം നേരിടുന്ന കൊഡിയാക്കിന്റെ വിൽപ്പന ഉയർത്താനാണ് കമ്പനി ഇപ്പോൾ വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ മാസം കാർ സ്വന്തമാക്കുന്നവർക്ക് 3.50 ലക്ഷം രൂപ വരെയാണ് ആകെ നേടാനാകുക. 2025 മോഡൽ വർഷം വാഹനങ്ങൾക്കാണ് ഈ ഓഫർ ബാധകം. ക്യാഷ് ഡിസ്‌കൗണ്ട് 2,00,000 രൂപ, എക്‌സ്‌ചേഞ്ച് ബോണസ് 50,000 രൂപ. കോർപ്പറേറ്റ്/ലോയൽറ്റി ആനുകൂല്യം 1,00,000 രൂപ. ഇന്ത്യൻ വിപണിയിൽ കൊഡിയാക്കിന്റെ എക്സ്-ഷോറൂം വില 39.99 ലക്ഷം രൂപ മുതൽ 46.49 ലക്ഷം രൂപ വരെയാണ്. ആഡംബരത്തിന്റെയും സ്‌പോർട്‌നസിന്റെയും മികച്ച സംയോജനമാണ് പുതുതലമുറ കൊഡിയാക്ക്. 2.0 ലിറ്റർ, 4-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് ഈ എസ്‌യുവിയുടെ കരുത്ത്. ഇത് 201bhp പവറും 320Nm ടോർക്കും ഉത്പാദിപ്പിക്കും. 7-സ്പീഡ് DSG ഗിയർബോക്‌സും 4×4 ഓൾ-വീൽ ഡ്രൈവ് സിസ്റ്റവുമുള്ളതിനാൽ ഓഫ്-റോഡുകളിലും നഗരങ്ങളിലും ഒരുപോലെ മികച്ച പ്രകടനം ഇത് കാഴ്ചവെക്കുന്നു.
Also Read: ഡ്യുക്കാറ്റി ഹൈപ്പർമോട്ടാർഡ് 698 മോണോ ‘നേര’ പതിപ്പ് പുറത്തിറങ്ങി; ബ്ലാക്ക് ലുക്കിൽ വന്യമായ ഭംഗി
ലിറ്ററിന് 14.86 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. പുതിയ കൊഡിയാക്കിന്റെ നീളം മുൻ മോഡലിനേക്കാൾ 61 എം.എം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് ക്യാബിനിൽ, പ്രത്യേകിച്ച് രണ്ടാമത്തെയും മൂന്നാമത്തെയും നിരകളിൽ യാത്രക്കാർക്ക് കൂടുതൽ ലെഗ്‌റൂമും സുഖസൗകര്യവും നൽകുന്നു. സി ആകൃതിയിലുള്ള എൽ.ഇ.ഡി ടെയിൽലൈറ്റുകൾ, പ്രകാശിക്കുന്ന ഗ്രിൽ, പുതിയ 18 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു. ഡോർ ബിന്നുകൾ, ഇരട്ട-വശങ്ങളുള്ള ബൂട്ട് മാറ്റ്, സ്ലൈഡിംഗ് സീറ്റുകൾ എന്നിവയുൾപ്പെടെ സ്കോഡയുടെ പ്രശസ്തമായ ‘സിംപ്ലി ക്ലെവർ’ സവിശേഷതകളും ഇതിലുണ്ട്.
സാങ്കേതികവിദ്യയിലും ഏറെ മുന്നിലാണ് ഈ പ്രീമിയം ഫാമിലി എസ്‌യുവി. 12.9 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. 10 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ. ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ. ടോപ്പ് വേരിയന്റുകളിൽ ഹീറ്റിംഗ്, വെന്റിലേഷൻ, മെമ്മറി ഫംഗ്ഷനുകളോടുകൂടിയ മുൻ സീറ്റുകൾ. വിപണിയിൽ ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ, ഫോക്‌സ്‌വാഗൺ ടിഗ്വാൻ (വരാനിരിക്കുന്ന ടെയ്‌റോൺ), എം.ജി ഗ്ലോസ്റ്റർ (വരാനിരിക്കുന്ന മജസ്റ്റർ) എന്നിവയോടാണ് സ്കോഡ കൊഡിയാക്ക് മത്സരിക്കുന്നത്.






