കാണാതായത് ആറുപേരെ..! സംസ്ഥാനത്ത് കനത്ത മഴക്കെടുതി; 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി മുഖ്യമന്ത്രി

കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ വിവിധ സേനാവിഭാഗങ്ങള്‍ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ തുടരുകയാണ്

കാണാതായത് ആറുപേരെ..! സംസ്ഥാനത്ത് കനത്ത മഴക്കെടുതി; 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി മുഖ്യമന്ത്രി
കാണാതായത് ആറുപേരെ..! സംസ്ഥാനത്ത് കനത്ത മഴക്കെടുതി; 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി മുഖ്യമന്ത്രി

കേരളത്തിൽ അതിശക്തമായി തുടരുന്ന മഴക്കെടുതിയിൽ ഇതുവരെ ആറുപേരെ കാണാതായതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ വിവിധ സേനാവിഭാഗങ്ങളും ജനപ്രതിനിധികളും പ്രദേശവാസികളും ചേർന്ന് ഊർജിതമായി നടത്തിവരികയാണ്. മഴക്കെടുതിയിൽ വൈകിട്ട് ആറുമണിവരെ ആറു മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടർച്ചയായ മഴയെത്തുടർന്ന് സംസ്ഥാനത്തൊട്ടാകെ മുൻകരുതലിന്റെ ഭാഗമായി 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

ഈ ക്യാമ്പുകളിലായി നിലവിൽ 1465 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ മഴക്കെടുതിയിൽ 17 വീടുകൾ പൂർണ്ണമായും 127 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.

ALSO READ;മഴക്കെടുതിയിൽ പരീക്ഷ നഷ്ടമായവർക്ക് ആശ്വാസമായി പി.എസ്.സിയുടെ നിർണ്ണായക തീരുമാനം; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി റവന്യൂ മന്ത്രിയുമായും വിവിധ ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടങ്ങളുമായും നിരന്തരം ആശയവിനിമയം നടത്തിവരുന്നുണ്ട്. ദുരന്തബാധിത മേഖലകളിലെ എം.എൽ.എമാരുമായും മറ്റ് ജനപ്രതിനിധികളുമായും ചർച്ചകൾ നടത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

രാവിലെ കനത്ത മഴ പെയ്ത മേഖലകളിൽ വൈകുന്നേരത്തോടെ മഴ കുറഞ്ഞത് ചെറിയൊരു ആശ്വാസമായിട്ടുണ്ട്. വിവിധ അണക്കെട്ടുകളിലെ നീരൊഴുക്ക് കൃത്യമായി നിരീക്ഷിച്ചുവരികയാണെങ്കിലും മലയോര മേഖലകളിൽ ജാഗ്രത തുടരേണ്ടതുണ്ട്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മേഖലയിൽ കഴിഞ്ഞ 35 മണിക്കൂറിനിടെ 340 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. വയനാട് മേപ്പാടിയിൽ 177 മില്ലിമീറ്റർ മഴയും പെയ്തിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാനം പൂർണ്ണ സജ്ജമാണെന്നും സർക്കാർ എപ്പോഴും ഒപ്പമുണ്ടാകുമെന്നും അറിയിച്ച മുഖ്യമന്ത്രി, എല്ലാവരും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യർത്ഥിച്ചു.

Share Email
Top