ക്ഷമ വേണം, സമയമെടുക്കും…യുക്രെയ്നിൻ്റെ നാറ്റോ അംഗത്വ നടപടികൾ സംബന്ധിച്ച് ഏറെ നാളായി ഇതായിരുന്നു അവസ്ഥ. എന്നാൽ, യുക്രെയ്നിന് സഹായ വാഗ്ദാനം നൽകുന്നതിനപ്പുറത്തേക്കുള്ള മറ്റ് നടപടികളിലേക്ക് കടന്ന് റഷ്യയെ കൂടുതൽ ചൊടിപ്പിക്കാൻ അമേരിക്കയുൾപ്പെടെയുള്ള നാറ്റോ രാജ്യങ്ങൾ മനഃപൂർവം ശ്രമം നടത്തിയില്ല എന്ന് പറയുന്നതാവും കൂടുതൽ അനുയോജ്യം. യുക്രെയ്നിന്റെ ഭാവി നാറ്റോയിലാണെന്നും അംഗരാജ്യങ്ങൾ അംഗീകാരം നൽകുന്ന മുറയ്ക്ക് നടപടിക്രമങ്ങൾ പാലിച്ച് പ്രവേശന കാര്യങ്ങൾ പരിഗണിക്കാമെന്നുമുള്ള ഒഴുക്കൻ സമീപനങ്ങളും സംയുക്ത പ്രതികരണങ്ങളും മാത്രമാണ് പല യോഗങ്ങളിലും പറഞ്ഞു വെച്ചിരുന്നത്.
റഷ്യയുടെ എതിർപ്പ് അവഗണിച്ച് യുക്രെയ്‌നു നാറ്റോയിൽ അംഗത്വം നൽകിയാൽ സൈനിക നടപടിയുമായി റഷ്യ തങ്ങളുടെ രാജ്യത്തേക്കും എത്തുമോ എന്ന ഭയം ലോക രാജ്യങ്ങൾക്കെന്നുമുണ്ട്. അത് കൊണ്ട് തന്നെ ”പിന്തുണ” എന്ന പൊടിയിടൽ തന്ത്രം തന്നെയാണ് നാറ്റോ രാജ്യങ്ങൾ പലപ്പോഴും മുന്നോട്ട് വെക്കാറുള്ളത്. ഇത്തവണയും സമാനമായ നീക്കമാണ് നാറ്റോ സഖ്യ കക്ഷികൾ നടത്തിയിരിക്കുന്നത്. യുക്രെയ്നിൻ്റെ അംഗത്വ ശ്രമത്തിനും റഷ്യയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടാനുള്ള സ്വയം പ്രതിരോധത്തിനുള്ള യുക്രെയ്‌ന്റെ അവകാശത്തിനും ശക്തമായ പിന്തുണ അറിയിച്ചിരിക്കുകയാണ് നാറ്റോ രാജ്യങ്ങൾ.
Also Read: ‘ഷി’യിക്ക് കൈകൊടുത്ത് ട്രംപ്; ചൈന-അമേരിക്ക ബന്ധത്തിന് പുതിയ ട്വിസ്റ്റ്
ബ്രിട്ടൻ , ഫ്രാൻസ്, സ്പെയിൻ, ജർമ്മനി, ഇറ്റലി, പോളണ്ട് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ യുക്രേനിയൻ വിദേശകാര്യ മന്ത്രിയുമായി വ്യാഴാഴ്ച ബെർലിനിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് ഈ സുപ്രധാന പ്രഖ്യാപനത്തിൽ ഒപ്പുവെച്ചത്. 1990 കളുടെ തുടക്കത്തിലാണ് യുക്രെയ്നുമായുള്ള നാറ്റോയുടെ ബന്ധം ആരംഭിക്കുന്നത്. 2014 ൽ റഷ്യ ക്രിമിയയെ നിയമവിരുദ്ധമായി പിടിച്ചടക്കിയതിനുശേഷം ഈ സഹകരണം കൂടുതൽ തീവ്രമാവുകയായിരുന്നു.
““യുക്രെയ്‌നിന്റെ ശാശ്വത സമാധാനവും, യൂറോപ്പിന്റെ സുരക്ഷയും ഒരിക്കലും വേർതിരിക്കാനാവാത്തതാണ്. യുക്രെയ്ൻ വിജയിക്കണം,” നാറ്റോ രാജ്യങ്ങൾ തങ്ങളുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു. യുക്രെയ്നിനോടുള്ള പൂർണ്ണമായ ബഹുമാനത്തോടെ നിലവിലെ സംഘർഷം അവസാനിപ്പിക്കുന്നതിന് തങ്ങൾ പിന്തുണ നൽകുമെന്ന് രാജ്യങ്ങൾ പ്രതിജ്ഞയെടുത്തു. “നീതിക്കും സമാധാനത്തിലേക്കുള്ള വിശ്വസനീയമായ പാതയെന്ന നിലയിൽ പ്രസിഡൻ്റ് സെലെൻസ്‌കിക്കുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പ് നൽകുന്നു”, പ്രസ്താവനയിൽ രാജ്യങ്ങൾ പറയുന്നു. നാറ്റോ അംഗത്വം ഉൾപ്പെടെ, പൂർണ്ണമായ യൂറോ-അറ്റ്ലാൻ്റിക് സംയോജനത്തിലേക്കുള്ള പാതയിൽ യുക്രെയ്നെ പിന്തുണയ്ക്കുമെന്നും നാറ്റോ രാജ്യങ്ങൾ ഉറപ്പ് നൽകി.
Also Read: നെതന്യാഹുവിന് തിരിച്ചടി, വംശഹത്യയ്ക്ക് ‘വിലങ്ങിട്ട്’ യുഎന്‍!!
ബ്രിട്ടൻ., അമേരിക്ക., കാനഡ, ഫ്രാൻസ് എന്നിവർ ഉൾപ്പെടെ പന്ത്രണ്ട് രാജ്യങ്ങളുടെ പിന്തുണയോടെയാണ് 1949-ൽ നാറ്റോ സഖ്യമുണ്ടാവുന്നത്. ഫിൻലൻഡ് അടക്കം 31 രാജ്യങ്ങളാണ് ഇപ്പോൾ അംഗമായിട്ടുള്ളത്. നാറ്റോയിലെ അംഗരാജ്യങ്ങൾ ആക്രമിക്കപ്പെട്ടാൽ പരസ്പരം സഹായിക്കുക എന്നതാണ് ഇതിലെ കരാർ. സോവിയറ്റ് മുന്നേറ്റം തടയുക എന്ന ലക്ഷ്യമിട്ടാണ് ഇതിന്റെ പ്രവർത്തനം തുടങ്ങിയതെങ്കിലും 1991-ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ പല കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും ഇതിൽ അംഗത്വമെടുത്തു. യു.കെ., ഫ്രാൻസ്, ബെൽജിയം, ഡെൻമാർക്ക്, ഇറ്റലി, ഐസ് ലാൻഡ്, ലക്സംബർഗ്, നെതർലാൻഡ്‌സ്, നോർവേ, പോർച്ചുഗൽ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ എന്നിവയായിരുന്നു തുടക്കത്തിലെ നാറ്റോ അംഗങ്ങൾ.
ഫിൻലൻഡ് ആണ് അവാസാനമായി ചേർന്നത്. അതെ സമയം റഷ്യയുമായി ഇപ്പോഴും യുദ്ധം തുടരുന്നതിനിടെ യുക്രെയ്നെ നാറ്റോയിൽ ചേർത്താൻ അത് നാറ്റോ രാജ്യങ്ങൾ മുഴുവൻ റഷ്യയുമായി യുദ്ധം ചെയ്യുന്നതിന് സമാനമാവും. ഇത് നാറ്റോയെ സംബന്ധിച്ച് വലിയ ഭീഷണിയാണ്. ഈ ഭീഷണി നിലനിൽക്കെ തന്നെയാണ് ഈ സുപ്രധാന നീക്കം.
Also Read: ട്രംപ് എത്തിയാല്‍ നാട്ടിലേയ്ക്ക് തിരിക്കേണ്ടി വരുമോ? മലയാളികള്‍ക്ക് ചങ്കിടിപ്പ്
യുക്രേനിയൻ വിദേശകാര്യ മന്ത്രി ആന്ദ്രേ സിബിഗ തങ്ങൾക്ക് പിന്തുണ അറിയിച്ച ആറ് രാജ്യങ്ങൾക്കും യൂറോപ്യൻ യൂണിയനും “ആത്മാർത്ഥമായ ചർച്ചയ്ക്കും കൃത്യമായ നടപടികൾ സ്വീകരിക്കാനുള്ള സന്നദ്ധതയ്ക്കും” നന്ദി അറിയിക്കുകയും, റഷ്യയുടെ മെറ്റലർജി, ഷിപ്പിംഗ്, ബാങ്കുകൾ എന്നിവ ലക്ഷ്യമിട്ട് അധിക ഉപരോധം നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്താത്ത രാജ്യങ്ങളുടെ വ്യാപാരത്തിലെ വർദ്ധനവ് ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതെ സമയം, നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, ബൈഡൻ ഭരണകൂടം യുക്രെയ്‌നു നൽകി പോന്നിരുന്ന കൈയ്യയച്ച സൈനിക-സാമ്പത്തിക സഹായം ഇനിയും തുടരുമോ എന്ന അനിശ്ചിതത്വത്തിനിടയിലാണ് ബെർലിനിലെ ഈ കൂടിക്കാഴ്ച. ജനുവരി 20 ന് അധികാരമേൽക്കുന്ന ട്രംപ്, സെലൻസ്‌കിയെ “ഭൂമിയിലെ ഏറ്റവും വലിയ വിൽപ്പനക്കാരൻ” എന്ന് വിശേഷിപ്പിക്കുകയും നയതന്ത്രത്തിലൂടെ സംഘർഷം വേഗത്തിൽ അവസാനിപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ഉണ്ടായി. ഒരു വ്യക്തമായ പദ്ധതി ട്രംപ് ഇതുവരെ തയ്യാറാക്കിയിട്ടിലെങ്കിലും, പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ റഷ്യയുമായി ചർച്ചകൾ നടത്താൻ യുക്രെയ്നിൽ ചെലുത്തുമെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു.
Also Read: കീവിലും വാഷിങ്ടണിലും അണുബോംബ് വീഴും ? ലോകത്തെ ഞെട്ടിക്കുന്ന നീക്കവുമായി റഷ്യ
സ്ഥാനമൊഴിയുന്നതിന് തൊട്ട് മുൻപായി അന്താരാഷ്‌ട്ര അംഗീകാരമുള്ള റഷ്യൻ പ്രദേശത്തേക്ക് ആഴത്തിലുള്ള ആക്രമണത്തിന് അമേരിക്കൻ നിർമ്മിത മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്‌നെ അനുവദിച്ചതിന് പ്രസിഡൻ്റ് ജോ ബൈഡനെയും ട്രംപ് രൂക്ഷമായി വിമർശിക്കുകയുണ്ടായി. എന്നാൽ സെലൻസ്‌കിയുടെ ‘സമാധാന സൂത്രവാക്യം’ റഷ്യ പൂർണ്ണമായും നിരസിക്കുകയാണ് ഉണ്ടായത്, പകരം റഷ്യയുടെ വ്യവസ്ഥകളിൽ മാത്രമേ സമാധാന ഉടമ്പടിയിലെത്താൻ കഴിയൂ എന്നതാണ് വ്ലാഡിമിർ പുട്ടിന്റെ നിലപാട്. 2014 ലും 2022 ലും റഷ്യയിൽ ചേരാൻ വോട്ട് ചെയ്ത ക്രിമിയയുടെയും മറ്റ് നാല് പ്രദേശങ്ങളുടെയും മേലുള്ള അവകാശവാദങ്ങൾ യുക്രെയ്ൻ ഉപേക്ഷിക്കണമെന്ന് റഷ്യ ഊന്നിപ്പറഞ്ഞു. സ്ഥിരമായി നിഷ്പക്ഷ രാജ്യമാകുന്നതിന് അനുകൂലമായി അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേരാനുള്ള പദ്ധതി യുക്രെയ്ൻ ഉപേക്ഷിക്കണമെന്നും ക്രെംലിൻ പറഞ്ഞു. നാറ്റോയുടെ കിഴക്കോട്ടുള്ള വിപുലീകരണവും യുക്രെയ്നുമായുള്ള സൈനിക സഹകരണവുമാണ് നിലവിലെ സംഘർഷത്തിൻ്റെ മൂലകാരണങ്ങളിലൊന്നായി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ചൂണ്ടിക്കാട്ടിയത്..
വീഡിയോ കാണാം…