നടുവേദന ഇന്ന് പലരെയും ബുദ്ധിമുട്ടിക്കുന്ന സാധാരണ ആരോഗ്യപ്രശ്നമായി മാറുകയാണ്. അപകടങ്ങൾ, ജീവിതശൈലി, പോഷകാഹാരക്കുറവ്, ശരിയായ രീതിയിലല്ലാത്ത ഇരിപ്പും ചലനവും തുടങ്ങി പല കാരണങ്ങളും ഇതിന് പിന്നിലുണ്ട്. എന്നാൽ നമ്മൾ ദിവസവും ചെയ്യുന്ന ചില ശീലങ്ങൾ പോലും നടുവിന്റെ ആരോഗ്യത്തെ ബാധിക്കാം. ഇരിക്കുന്നതും നടക്കുന്നതും ഉറങ്ങുന്നതുമെല്ലാം ശ്രദ്ധിക്കേണ്ടതാണ്. തുടക്കത്തിൽ ചെറിയ വേദനയായി തോന്നുന്നതിനാൽ അവഗണിച്ചാൽ പിന്നീട് പ്രശ്നം ഗുരുതരമാകാനും സാധ്യതയുണ്ട്.
മണിക്കൂറുകളോളം ഒരേ ഇരിപ്പിൽ, പ്രത്യേകിച്ച് പുറം വളച്ചും കഴുത്ത് കുനിച്ചും ഇരിക്കുന്നത് നട്ടെല്ലിന് സമ്മർദം നൽകും. ഇത് നട്ടെല്ലിലെ പേശികളിൽ പിരിമുറുക്കം ഉണ്ടാക്കുകയും തേയ്മാനം വേഗത്തിലാക്കുകയും ചെയ്യും. പുറംവേദന, ക്ഷീണം, ഡിസ്ക് പ്രോലാപ്സ് തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. അതുപോലെ ഫോണിൽ മണിക്കൂറുകളോളം കഴുത്ത് വളച്ച് നോക്കുന്നതും നട്ടെല്ലിന് അമിത സമ്മർദം നൽകും. ‘ടെക് നെക്ക്’ എന്നറിയപ്പെടുന്ന ഈ അവസ്ഥ കഴുത്തുവേദന, തോളിലെ കാഠിന്യം, സെർവിക്കൽ സ്പോണ്ടിലോസിസ് എന്നിവയിലേക്ക് നയിക്കാം.
ALSO READ:ചായ കുടിക്കാൻ സമയമുണ്ടോ? ഈ 5 സാഹചര്യങ്ങളിൽ ഒഴിവാക്കുന്നതാണ് നല്ലത്! കാരണം അറിഞ്ഞാൽ ശീലം മാറ്റും
ചലനമില്ലാത്ത ജീവിതശൈലിയും മറ്റൊരു പ്രധാന കാരണമാണ്. നട്ടെല്ലിനെ സ്ഥിരപ്പെടുത്തുന്ന ബാക്ക് എക്സ്റ്റൻസർ, കോർ തുടങ്ങിയ പേശികൾ ദുർബലമാകുന്നതോടെ ഡിസ്കുകളിലും ലിഗമെന്റുകളിലും കൂടുതൽ സമ്മർദമുണ്ടാകുകയും വിട്ടുമാറാത്ത നടുവേദനയ്ക്ക് കാരണമാകുകയും ചെയ്യാം. ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോൾ അരക്കെട്ട് വളയ്ക്കുന്നതും അപകടകരമാണ്. ഇത് നട്ടെല്ലിൽ കടുത്ത സമ്മർദമുണ്ടാക്കി ഡിസ്കിന് പരിക്കേൽക്കാനോ പെട്ടെന്ന് പേശികൾ സങ്കോചിക്കാനോ ഇടയാക്കും.
വളരെ മൃദുവായ മെത്തയിൽ കിടക്കുന്നതും നടുവിന് അസ്വസ്ഥത ഉണ്ടാക്കാം. ഉറക്കത്തിനിടെ പിന്നിലെ പേശികൾക്ക് അമിതമായി വലിവുണ്ടാകുകയും നടുവേദന കൂടുതൽ രൂക്ഷമാകുകയും ചെയ്യാം. കമിഴ്ന്ന് കിടക്കുന്നതും കഴുത്തിനും പുറംഭാഗത്തിനും അമിത സമ്മർദം നൽകും. അതിനാൽ ഇരിപ്പ്, ഫോൺ ഉപയോഗം, വ്യായാമക്കുറവ്, ഭാരമുയർത്തുന്ന രീതി, മെത്തയുടെ തിരഞ്ഞെടുപ്പ്, ഉറങ്ങുന്ന രീതി എന്നിവയിലെ ചെറിയ മാറ്റങ്ങൾ പോലും നടുവിന്റെ ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്താം.






