കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഒരു ദിവസത്തിന് ശേഷം, സിദ്ധരാമയ്യ ഡൽഹിയിലെത്തി കോൺഗ്രസ് ഉന്നത നേതൃത്വവുമായി നിർണ്ണായക ചർച്ചകൾ നടത്തി. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ സിദ്ധരാമയ്യ, തന്റെ മകൻ യതീന്ദ്ര സിദ്ധരാമയ്യയുടെ ഭാവി രാഷ്ട്രീയ പദവികളും മന്ത്രിസഭയിലെ പ്രാതിനിധ്യവും സംബന്ധിച്ച ആവശ്യങ്ങൾ ഹൈക്കമാൻഡിന് മുന്നിൽ അവതരിപ്പിച്ചു.
പുതിയ മന്ത്രിസഭയിൽ തനിക്ക് താൽപ്പര്യമുള്ള മന്ത്രിമാരുടെ പട്ടികയും, മകൻ യതീന്ദ്രയ്ക്ക് നൽകേണ്ട പ്രധാന വകുപ്പുകളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും അദ്ദേഹം നേതൃത്വത്തിന് കൈമാറി. മെഡിക്കൽ വിദ്യാഭ്യാസം, പിന്നാക്ക വിഭാഗങ്ങൾ, വ്യവസായം, ജലവിഭവം തുടങ്ങിയ സുപ്രധാന വകുപ്പുകൾ യതീന്ദ്രയ്ക്ക് നൽകണമെന്നാണ് സിദ്ധരാമയ്യയുടെ പ്രധാന ആവശ്യം. ഇതിനുപുറമെ, രാജ്യസഭാ, എംഎൽസി നിയമനങ്ങൾക്കുള്ള പേരുകളും അദ്ദേഹം ചർച്ചയിൽ ഉൾപ്പെടുത്തി.
Also Read:മൺസൂൺ ദുർബലമാകും; ഇന്ത്യയിൽ സാധാരണയിൽ താഴെ മഴയെന്ന് ഐഎംഡി; കാർഷിക മേഖലയിൽ ആശങ്ക
ദേശീയ രാഷ്ട്രീയത്തിലേക്ക് മാറാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചെങ്കിലും സിദ്ധരാമയ്യ അത് പൂർണ്ണമായും നിരസിച്ചു. താൻ കർണാടക രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരുമെന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് മാറാൻ താൽപ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഹൈക്കമാൻഡ് വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റ് നിരസിച്ചതിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ തുടർന്ന് തന്റെ സ്വാധീനം നിലനിർത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും, കർണാടകയിലെ കോൺഗ്രസ് മന്ത്രിസഭയിൽ വലിയൊരു വിഭാഗം നേതാക്കളുടെ പിന്തുണ ഇപ്പോഴും സിദ്ധരാമയ്യയ്ക്കുണ്ട്. താൻ നിർദ്ദേശിക്കുന്നവർക്ക് മന്ത്രിസഭയിൽ ഇടം ലഭിക്കുമെന്നത് അദ്ദേഹത്തിന്റെ സംസ്ഥാന രാഷ്ട്രീയത്തിലെ അപ്രമാദിത്തം വ്യക്തമാക്കുന്നു. ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ, അതിലെ സുപ്രധാന തീരുമാനങ്ങളിൽ സിദ്ധരാമയ്യയുടെ അഭിപ്രായത്തിന് വലിയ പ്രാധാന്യമുണ്ടാകുമെന്ന് ഈ ചർച്ചകൾ സൂചിപ്പിക്കുന്നു.






