മുസ്ലീം സംവരണങ്ങളെക്കുറിച്ചുള്ള മോദിയുടെ പരാമര്‍ശങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; സിദ്ധരാമയ്യ

മുസ്ലീം സംവരണങ്ങളെക്കുറിച്ചുള്ള മോദിയുടെ പരാമര്‍ശങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയില്‍ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന 14 ലോക്‌സഭാ മണ്ഡലങ്ങളില്‍ 9 -10 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പദ്ധതികളും മോദി സര്‍ക്കാരിന്റെ പരാജയവുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം സംവരണങ്ങളെക്കുറിച്ചുള്ള മോദിയുടെ പരാമര്‍ശങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

2014ലും 2019ലും ഉണ്ടായിരുന്ന മോദി തരംഗം 2024ല്‍ ഇല്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ കണ്ടതാണ്. 2014ല്‍ അധികാരത്തിലെത്തിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചിട്ടില്ല. കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുക, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, രൂപയുടെ മൂല്യം ഉയര്‍ത്തുക തുടങ്ങിയ പ്രധാനമന്ത്രി മോദിയുടെ അവകാശവാദങ്ങള്‍ ഒന്നും പാലിച്ചില്ല. അതുകൊണ്ട് തന്നെ മോദി ഭരണത്തില്‍ ജനങ്ങള്‍ നിരാശരാണ്. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

കര്‍ണാടകയെ കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് മോദി പറയുന്നതെന്നും സിദ്ധരാമയ്യ വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ മുസ്ലീം സംവരണം കൊണ്ടുവന്നതായി പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ചിന്നപ്പ റെഡ്ഡി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലീങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും 4 ശതമാനം സംവരണം നല്‍കുന്നത് 1994ല്‍ നടപ്പിലാക്കിയതാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ദേവഗൗഡ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇത് നിയമമാക്കിയത്. ഇത് സമീപകാലത്തുണ്ടായ മാറ്റമാണെന്നാണ് മോദിയുടെ പരാമര്‍ശം തെറ്റാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

മൂന്ന് പതിറ്റാണ്ടായി നിലനിന്നിരുന്ന മുസ്ലീം സംവരണം ബസവരാജ് ബൊമ്മൈ സര്‍ക്കാരിന്റെ കാലത്ത് നിര്‍ത്തലാക്കപ്പെട്ടു. ഈ തീരുമാനത്തിനെതിരെ മുസ്ലീം നേതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് മുസ്ലീം സംവരണവുമായി ബന്ധപ്പെട്ട തല്‍സ്ഥിതി തുടരുമെന്ന് ബൊമ്മൈ സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കിയത്. എന്നിട്ട് സിദ്ധരാമയ്യ മുസ്ലീങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുകയാണെന്ന തെറ്റായ പരാമര്‍ശം നരേന്ദ്ര മോദി നടത്തുകയാണ്. മതിയായ വരള്‍ച്ചാ ദുരിതാശ്വാസം പോലും നല്‍കാതെ മോദി സര്‍ക്കാര്‍ കര്‍ണാടകയെ അവഗണിക്കുകയാണ്. കോടതി ഇടപെട്ടിട്ടും ആവശ്യപ്പെട്ട തുകയുടെ 19 ശതമാനം മാത്രമാണ് നല്‍കിയതെന്നും ഇത് അനീതിയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസിന് നേതൃത്വമില്ലെന്ന മോദിയുടെ വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍ എല്ലാ പാര്‍ട്ടികളിലും നേതൃത്വം ഉരുത്തിരിഞ്ഞ് വരികയാണ് ചെയ്യുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. മോദിക്ക് മുമ്പ് വാജ്പേയിയും അദ്വാനിയും ബിജെപിയെ നയിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും രാജ്യത്തെ നയിക്കാന്‍ കഴിവുള്ള നേതാക്കളാണെന്നാണ് സിദ്ധരാമയ്യ വിശദീകരിച്ചു.

Top