അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായിരുന്നു ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം. സെഞ്ച്വറി നേടി തിളങ്ങിയ ഗില്‍ ഇന്ത്യന്‍ ഇന്നിങ്‌സിനു നെടുന്തൂണാവുകയും ചെയ്തു. ഏകദിന കരിയറിലെ ഏഴാം സെഞ്ചുറിയാണ് ഗില്‍ കണ്ടെത്തിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ 87, 60 എന്നിങ്ങനെ സ്‌കോര്‍ ചെയ്ത ഗില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ 102 പന്തില്‍ 112 റണ്‍സടിച്ചാണ് അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
Also Read: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ; ഇനി ലക്ഷ്യം കിരീടം
ഒരു വേദിയില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും(ടെസ്റ്റ്, ഏകദിനം, ടി20) സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് അഹമ്മദാബാദിലെ സെഞ്ചുറിയോടെ ഗില്‍ സ്വന്തമാക്കിയത്. ലോക ക്രിക്കറ്റില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം ബാറ്ററാണ് ഗില്‍. വാണ്ടറേഴ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡപ്ലെസിയും അഡ്ലെയ്ഡ് ഓവലില്‍ ഓസ്‌ട്രേലിയയിലുടെ ഡേവിഡ് വാര്‍ണറും, കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ബാബര്‍ അസമും, സെഞ്ചൂറിയനിലെ സൂപ്പര്‍സ്‌പോര്‍ട്ട് പാര്‍ക്കില്‍ ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കുമാണ് ഗില്ലിന് മുമ്പ് ഒരുവേദിയില്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടി താരങ്ങള്‍.