അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ശുഭാംഷു ശുക്ല അടക്കമുള്ള ആക്സിയം 4 ദൗത്യസംഘാംഗങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ആക്സിയം സ്‌പേസ്. ശുഭാംഷു ശുക്ലയും സഹപ്രവർത്തകരും പകർത്തിയ ബഹിരാകാശ ചിത്രങ്ങൾ ആക്സിയം സ്പേസ് എക്‌സിൽ പോസ്റ്റ് ചെയ്തു. സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയം സ്പേസ് സംഘടിപ്പിച്ചിരിക്കുന്ന നാലാം ദൗത്യത്തിലാണ് ശുഭാംഷു ശുക്ല അടക്കം നാലുപേര്‍ ഐഎസ്എസില്‍ എത്തിയത്.
ആക്സിയം ദൗത്യത്തില്‍ ശുഭാംഷുവിനൊപ്പം മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരുണ്ട്. 14 ദിവസത്തെ ദൗത്യത്തിനാണ് ആക്‌സിയം 4 ദൗത്യസംഘം ഭൂമിയില്‍ നിന്ന് തിരിച്ചത്. ആക്സിയം 4 ദൗത്യ സംഘാംഗങ്ങളായ നാല് പേരടക്കം 11 സഞ്ചാരികളാണ് നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്.
Also Read: വരാനിരിക്കുന്ന സാംസങ് ഗാലക്‌സി സ്‍മാർട്ട്ഫോണുകളുടെ ആക്സസറി വിവരങ്ങൾ പുറത്ത്
പേശീകോശങ്ങൾക്ക് ബഹിരാകാശത്ത് വെച്ചുണ്ടാകുന്ന ബലക്ഷയത്തെക്കുറിച്ചുള്ള പഠനത്തിലാണ് ശുഭാംഷു കൂടുതൽ സമയവും ചെലവഴിച്ചത്. കേരളത്തിൽ നിന്ന് കൊണ്ടുപോയ വിത്തുകളുടെ മാറ്റം രേഖപ്പെടുത്താനും ശുഭാംഷു ഇന്നലെ സമയം കണ്ടെത്തി. ആക്സിയം 4 ദൗത്യത്തില്‍ കേരളത്തില്‍ നിന്ന് ആറ് വിത്തിനങ്ങള്‍ ബഹിരാകാശത്തേക്ക് അയച്ചിരുന്നു. ‘ക്രോപ്‌സ് സീഡ്‌സ് ഇന്‍ ഐഎസ്എസ്’ എന്നാണ് ഈ പരീക്ഷണത്തിന്‍റെ പേര്.
വെള്ളായണി കാർഷിക സർവകലാശാലയില്‍ നിന്നുള്ള ആറിനം വിത്തിനങ്ങളാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. നെല്ല്, പയർ, തക്കാളി, വഴുതന എന്നിവയുടെ വിത്തുകൾ ഇതിൽ ഉൾപ്പെടുന്നു. ബഹിരാകാശ നിലയത്തിലെ മൈക്രോഗ്രാവിറ്റി സാഹചര്യത്തില്‍ ഈ വിത്തുകള്‍ക്ക് എന്തെങ്കിലും മാറ്റം വരുമോ എന്നറിയാനാണ് ഇവ അയച്ചത്. ശുഭാംഷു ശുക്ലയാണ് ഈ പരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.