ന്യൂഡൽഹി: ഒമാൻ തീരത്ത് പനാമ പതാകയേന്തിയ എണ്ണക്കപ്പലായ എം.ടി എൽ ഗായയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ 13 ഇന്ത്യക്കാർ രക്ഷപ്പെട്ടു. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ ഒരാളെ കാണാതായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായ ഇന്ത്യക്കാരനായി തിരച്ചിൽ തുടരുകയാണ്. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും ചെയ്തു.
ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ പിന്തുണ നൽകിയ ഒമാൻ അധികൃതർക്ക് വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഒമാൻ അധികൃതരുമായി സഹകരിച്ച് കാണാതായയാൾക്കായുള്ള തിരച്ചിലും ഏകോപിപ്പിക്കുന്നുണ്ട്. മേഖലയിൽ തുടരുന്ന സംഘർഷങ്ങൾക്ക് ഉടൻ അയവുവരുത്തണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ഇടപെടലുകൾ ഉണ്ടാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
വ്യാപാരാവശ്യങ്ങൾക്കുള്ള കപ്പലുകൾ, നാവികർ, സാധാരണക്കാർ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ കപ്പൽ ഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മേഖലയിലെ സംഘർഷം തുടരുന്നതിനിടെയാണ് കപ്പലുകൾക്ക് നേരെയുള്ള പുതിയ ആക്രമണങ്ങൾ ആശങ്ക ഉയർത്തുന്നത്.
അതിനിടെ, ഹോർമുസ് കടലിടുക്കിലെ ഖ്വേഷം ദ്വീപിന് സമീപം ഇറാനിയൻ ചരക്കുകപ്പലിന് നേരെയും ഞായറാഴ്ച ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രൊജക്റ്റൈൽ പതിച്ച് കപ്പലിന് തീപിടിച്ചതിനെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസും അറിയിച്ചു. ഒമാൻ തീരത്തെ സംഭവത്തിന് പിന്നാലെയുള്ള ഈ റിപ്പോർട്ടും മേഖലയിലെ കടൽ ഗതാഗതത്തിന്റെ സുരക്ഷ വീണ്ടും ചർച്ചയാക്കുകയാണ്.






