വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ട്വന്റി-20 മത്സരത്തിനുള്ള ഇന്ത്യന്‍ പ്ലെയിംഗ് ഇലവനില്‍ നിന്ന് കൗമാരതാരം വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മാറ്റമില്ലാത്ത ടീമിനെ പ്രഖ്യാപിച്ചതോടെ ഈ 15-കാരന്റെ അവസരങ്ങൾ വീണ്ടും നഷ്ടപ്പെടുകയായിരുന്നു. ഈ പരമ്പരയിൽ ഇതുവരെ താരത്തിന് പ്ലെയിംഗ് ഇലവനിൽ ഇടംനേടാൻ സാധിച്ചിട്ടില്ല.
ഇതിനിടയിലാണ് പ്രധാന പരിശീലകൻ ഗൗതം ഗംഭീറിനും ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലൻസ് തലവൻ വി.വി.എസ് ലക്ഷ്മണിനും കീഴിൽ താരം കളിച്ച മത്സരങ്ങളുടെ കണക്കുകൾ പുറത്തുവന്നിട്ടുള്ളത്. ഇന്ത്യക്കായി ഇതുവരെ എട്ട് ട്വന്റി-20 മത്സരങ്ങൾ കളിച്ചിട്ടുള്ള വൈഭവ്, ലക്ഷ്മൺ പരിശീലകനായുണ്ടായിരുന്ന സമയത്താണ് അതിൽ അഞ്ച് മത്സരങ്ങളിലും കളത്തിലിറങ്ങിയത്. സിംബാബ്വെക്കെതിരായ പരമ്പരയിലും ഏഷ്യൻ ഗെയിംസിലും ലക്ഷ്മണായിരുന്നു ടീമിന്റെ ചുമതല വഹിച്ചിരുന്നത്.
എന്നാൽ, സ്ഥിരം പരിശീലകനായ ഗൗതം ഗംഭീറിന് കീഴിൽ 14 സ്ക്വാഡുകളിൽ ഇടംപിടിച്ചെങ്കിലും മൂന്ന് തവണ മാത്രമാണ് പ്ലെയിംഗ് ഇലവനിൽ അവസരം ലഭിച്ചത്. എട്ട് ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 186 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിൽ 246 റൺസാണ് വൈഭവ് നേടിയിട്ടുള്ളത്. പ്രായമല്ല, പ്രകടനമാണ് പ്രധാനം എന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗും അടുത്തിടെ പറഞ്ഞിരുന്നു. “നിങ്ങൾ ഐ.പി.എൽ അല്ലെങ്കിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു കഴിഞ്ഞാൽ പിന്നെ പ്രായം ഒരു വിഷയമല്ല. 38-ഓ 40-ഓ വയസ്സുള്ള കോഹ്ലിയും കളിക്കുന്നുണ്ട്, 15 വയസ്സുള്ള വൈഭവ് സൂര്യവംശിയും കളിക്കുന്നുണ്ട്. അവിടെ പ്രകടനത്തിനാണ് പ്രാധാന്യം,” സെവാഗ് പറഞ്ഞു. താരത്തിന് കൂടുതൽ അവസരങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






