സംസ്ഥാനത്ത് നിപ ഭീതി പതുക്കെ അകലുന്നുണ്ടെങ്കിലും പുതിയ വെല്ലുവിളിയായി ഷിഗെല്ല പടരുന്നു. നിപ സാഹചര്യം മെച്ചപ്പെട്ടെങ്കിലും, ഷിഗെല്ലയും ഡെങ്കിപ്പനിയും പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. ജൂണിൽ മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് നൂറിലധികം ഷിഗെല്ല കേസുകളാണ്.
നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ഒരാൾ കൂടി ആശുപത്രി വിട്ടു. രോഗിയെ കൂടാതെ ഇതുവരെ നടത്തിയ പരിശോധനാഫലങ്ങളെല്ലാം നെഗറ്റീവാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 9 പേരിൽ 6 പേരും ഇതിനകം സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി. നിലവിൽ മൂന്ന് പേർ മാത്രമാണ് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളത്. നിപ ബാധിച്ച രോഗി വെന്റിലേറ്ററിൽ തുടരുകയാണ്. 104 പേരാണ് ഇപ്പോഴും സമ്പർക്കപ്പട്ടികയിലുള്ളത്. രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5-ൽ ആരോഗ്യ പ്രവർത്തകരുടെ സന്ദർശനം തുടരുന്നു.
സംസ്ഥാനത്ത് 19 പേർക്ക് കൂടി ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് (9), തൃശൂർ (3), കണ്ണൂർ (2), തിരുവനന്തപുരം (2), കൊല്ലം (1), എറണാകുളം (1), മലപ്പുറം (1) എന്നിങ്ങനെയാണ് രോഗബാധ. ഈ വർഷം മാത്രം 186 പേർക്ക് ഷിഗെല്ല ബാധിച്ചു, ജൂണിൽ മാത്രം 110 കേസുകൾ. കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ രോഗം ഔട്ബ്രേക്ക് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, 68 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ തൃശൂർ നാട്ടികയിൽ ഒരാൾ മരിച്ചു. അമീബിക്ക് മസ്തിഷ്ക ജ്വരവും ഒരാളിൽ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്.
വയറിളക്ക രോഗങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ജൂലൈ 31 വരെ സംസ്ഥാനതല ക്യാമ്പയിൻ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്നു. “വയറിളക്കരോഗങ്ങൾ തടയാം, ജീവൻ രക്ഷിക്കാം” എന്നതാണ് ക്യാമ്പയിൻ മുദ്രാവാക്യം. ബോധവൽക്കരണ പ്രവർത്തനങ്ങളും പ്രതിരോധ നടപടികളും ജൂൺ 16-ന് ആരംഭിച്ചു.
മഴക്കാലം ആരംഭിച്ചതോടെ പകർച്ചവ്യാധികൾ പടരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഷിഗെല്ല അടക്കമുള്ള രോഗങ്ങൾക്കെതിരെ ശുചിത്വം പാലിക്കുക എന്നത് മാത്രമാണ് തൽക്കാലം ഏക പ്രതിരോധമാർഗ്ഗം. രോഗലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടാൻ ശ്രദ്ധിക്കുക.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






