ശശി തരൂർ ആരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി? കോൺഗ്രസ്സിൽ നിന്നും പുറത്ത് ചാടാനൊരുങ്ങി വിശ്വപൗരൻ

കേരളത്തിൽ "രണ്ട് മിനിറ്റിനുള്ളിൽ" ഒരു ബിസിനസ് തുടങ്ങാൻ കഴിയുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചതിനെയാണ്, തരൂർ വാനോളം പുകഴ്ത്തിയിരിക്കുന്നത്. ഇന്ത്യയുടെ സംരംഭക ആവാസവ്യവസ്ഥ വികസിക്കുമ്പോൾ, സാമ്പത്തിക നവീകരണത്തിന്റെയും സുസ്ഥിര വളർച്ചയുടെയും മാതൃകയായി കേരളം വേറിട്ടുനിൽക്കാൻ തുടങ്ങിയിരിക്കുന്നതായും, ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും തരൂർ വെളിപ്പെടുത്തുകയുണ്ടായി

ശശി തരൂർ ആരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി? കോൺഗ്രസ്സിൽ നിന്നും പുറത്ത് ചാടാനൊരുങ്ങി വിശ്വപൗരൻ
ശശി തരൂർ ആരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി? കോൺഗ്രസ്സിൽ നിന്നും പുറത്ത് ചാടാനൊരുങ്ങി വിശ്വപൗരൻ

പൊതുവേ ദുർബലമായ കോൺഗ്രസ്സിനെ, കൂടുതൽ ദുർബലമാക്കുന്ന നിലപാടുകളാണ്, അടുപ്പിച്ചിപ്പോൾ ശരി തരൂർ നടത്തിയിരിക്കുന്നത്. അതിൽ ഒന്ന് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ പുകഴ്ത്തുന്നതാണെങ്കിൽ, രണ്ടാമത്തേത് നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തുന്നതാണ്. കോൺഗ്രസ്സ് വർക്കിങ് കമ്മറ്റി അംഗമായ ശശി തരൂരിൻ്റെ ഈ രണ്ട് പരസ്യ നിലപാടുകളും, കോൺഗ്രസ്സിൻ്റെ പ്രഖ്യാപിത നിലപാടിനും രാഷ്ട്രീയ താൽപര്യങ്ങൾക്കും എതിരായതിനാൽ, വലിയ വിവാദമാണിപ്പോൾ പൊട്ടി പുറപ്പെട്ടിരിക്കുന്നത്.

കേരളത്തിലെയും ഡൽഹിയിലെയും കോൺഗ്രസ്സ് നേതാക്കൾ, രണ്ട് നിലപാടുകളെയും തള്ളിപ്പറഞ്ഞ് പരസ്യമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും, തരൂർ പറഞ്ഞ അഭിപ്രായ പ്രകടനങ്ങൾ, ഇതിനകം തന്നെ, ചൂടുള്ള ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പും, കേരളത്തിലെ തിരഞ്ഞെടുപ്പുമൊക്കെ വരാനിരിക്കുന്ന സാഹചര്യത്തിൽ, കോൺഗ്രസ്സിൻ്റെ രാഷ്ട്രീയ എതിരാളികൾക്ക് തരൂരിൻ്റെ വാക്കുകൾ ആയുധമായി മാറാനാണ് സാധ്യത.

കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രശംസിച്ച് ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിൽ എഴുതിയ ലേഖനത്തിലാണ്, കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളർച്ചയെ പറ്റി ശശി തരൂർ പ്രശംസിച്ചിരുന്നത്. 2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച്, കേരളത്തിന്റെ സ്റ്റാർട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി അധികമാണെന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.

Also Read: ജനകീയ വിഷയങ്ങളിൽ ഇടപെട്ട് വിജയ്, ഏപ്രിൽ മുതൽ സജീവ പ്രചാരണം, തമിഴകത്ത് ഇനി തീപാറും

പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ, ‘ചെയ്ഞ്ചിംഗ്‌ കേരള; ലംബറിങ്‌ ജമ്പോ റ്റു എ ലൈത്‌ ടൈഗർ’ എന്ന തലക്കെട്ടിലാണ്‌ പ്രസ്തുത ലേഖനമുള്ളത്. ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസിൽ 28–ാം സ്ഥാനത്തുണ്ടായിരുന്ന കേരളം, ഒന്നാം സ്ഥാനത്തേക്കെത്തിയതിനെക്കുറിച്ചും അദ്ദേഹം വിശദമായി തന്നെ വിവരിക്കുന്നുണ്ട്.

“സിംഗപ്പൂരിലോ അമേരിക്കയിലോ ഒരു ബിസിനസ് തുടങ്ങാൻ മൂന്ന് ദിവസം എടുക്കുമ്പോൾ, ഇന്ത്യയിൽ അത് ശരാശരി 114 ദിവസമാണ് എടുക്കുന്നത്. രണ്ടാഴ്ച മുമ്പ് കേരളത്തിൽ “രണ്ട് മിനിറ്റിനുള്ളിൽ” ഒരു ബിസിനസ് തുടങ്ങാൻ കഴിയുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചതിനെയാണ്, തരൂർ വാനോളം പുകഴ്ത്തിയിരിക്കുന്നത്. കേരളത്തെക്കുറിച്ച് നമ്മളെല്ലാവരും കേട്ടതും കരുതിയതുമായ കാര്യങ്ങളിൽ നിന്നുള്ള സ്വാഗതാർഹമായ മാറ്റമാണിതെന്നാണ്”, ശശി തരൂർ കുറിച്ചത്.

സംരംഭങ്ങൾക്ക്‌ ഏകജാലകത്തിലൂടെ അനുമതികൾ ലഭിക്കുമെന്ന് മാത്രമല്ല, അത് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ് സംഭവിക്കുന്നതെന്നും, ശശി തരൂർ പറയുന്നു. രാജീവ് ചൂണ്ടിക്കാണിച്ചതുപോലെ, ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം 28-ാം സ്ഥാനത്ത് നിന്ന്‌ ഒന്നാമതെത്തിയിട്ടുണ്ട്‌ എന്ന കാര്യവും തരൂർ സമ്മതിച്ചിട്ടുണ്ട്. എഐ, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ, മെഷീൻ ലേണിംഗ് എന്നിവയുൾപ്പെടെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, സംസ്ഥാനം ഒരു പുതിയ വ്യവസായ നയം നടപ്പാക്കിയിട്ടുണ്ട്. ‘ഇയർ ഓഫ് എന്റർപ്രൈസസ്’ ഉദ്യമത്തിലൂടെ 2,90,000 എംഎസ്എംഇകൾ സ്ഥാപിക്കപ്പെട്ടുവെന്നും, ശശി തരൂർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Also Read: യുക്രെയ്ൻ മണ്ണ് അമേരിക്കയ്ക്കുള്ളതല്ല, ട്രംപിന്റെ ഡീലിൽ നിന്ന് പിന്മാറി സെലൻസ്കി

സ്ത്രീ, ട്രാൻസ്‌ജെൻഡർ സംരംഭകർക്ക്‌ , കേരളം കൃത്യമായ പിന്തുണ നൽകിയിട്ടുണ്ടെന്നും ലേഖനത്തിൽ അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട് ബിസിനസിന്റെ കാര്യത്തിൽ ചെകുത്താന്റെ കളിസ്ഥലമാണ് എന്ന് താൻ മുൻപ്‌ പറയാറുണ്ടായിരുന്നു. അതിൽ മാറ്റം വന്നെങ്കിൽ അത് ആഘോഷിക്കേണ്ടതാണെന്നു കൂടി ശശി തരൂർ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇന്ത്യയുടെ സംരംഭക ആവാസവ്യവസ്ഥ വികസിക്കുമ്പോൾ, സാമ്പത്തിക നവീകരണത്തിന്റെയും സുസ്ഥിര വളർച്ചയുടെയും മാതൃകയായി കേരളം വേറിട്ടുനിൽക്കാൻ തുടങ്ങിയിരിക്കുന്നതായും, ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും തരൂർ വെളിപ്പെടുത്തുകയുണ്ടായി. തരൂരിൻ്റെ ഈ ലേഖനം പുറത്ത് വന്നതോടെ, കോൺഗ്രസ്സിൽ കുരു പൊട്ടിയിരിക്കുകയാണ്. വി.ഡി സതീശനും രമേശ് ചെന്നിത്തലയും കെ മുരളീധരനുമാണ്, തരൂരിനെതിരായ വിമർശനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.

താൻ ഈ കണക്കിനോട് യോജിക്കുന്നില്ലന്നും, ഏത് കണക്ക് മുൻ നിർത്തിയാണ് തരൂർ ഇങ്ങനെ പറഞ്ഞത് എന്നത് അറിയല്ലെന്നും തുറന്നടിച്ച , പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പാർട്ടി ഇക്കാര്യം പരിശോധിക്കട്ടെ എന്നാണ് പ്രതികരിച്ചിരിക്കുന്നത്. ശശി തരൂർ തെറ്റിധരിച്ച് പറഞ്ഞതാകാമെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. തരൂരിൻ്റെ ലേഖനത്തിലെ നിലപാടുകളും ചെന്നിത്തല തള്ളിക്കളഞ്ഞിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസ്സുകാർ തരൂരിൻ്റെ നിലപാട് അംഗീകരിക്കുന്ന പ്രശ്നമില്ലന്നാണ് കെ മുരളീധരൻ പ്രതികരിച്ചിരിക്കുന്നത്. തരൂരിനെ പുറത്താക്കണമെന്ന ആവശ്യം വരെ ആ പാർട്ടിയിൽ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. തരൂർ ഇങ്ങനെ പറഞ്ഞ് തുടങ്ങിയാൽ, എങ്ങനെ ഇടതു സർക്കാരിനെ പുറത്താക്കാൻ കോൺഗ്രസ്സിനു കഴിയുമെന്ന ചോദ്യമാണ്, കോൺഗ്രസ്സ് പ്രവർത്തകർ ഉയർത്തുന്നത്.

Also Read: പണികൊടുക്കാൻ ഭൂഖണ്ഡാന്തര മിസൈലുകളുമായി ഉത്തരകൊറിയ, ജാ​ഗ്രതയിൽ അമേരിക്ക

ഇങ്ങനെ പരസ്യമായും അല്ലാതെയും കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരും, തരൂരിനെ വിമർശിക്കുമ്പോൾ, തരൂരിൻ്റെ ലേഖനം ആയുധമാക്കി സോഷ്യൽ മീഡിയകളിൽ സി.പി.എം അനുകൂല പ്രൊഫൈലുകൾ വലിയ പ്രചരണമാണ് നടത്തുന്നത്. യഥാർത്ഥ വസ്തുതയാണ് ലേഖനത്തിലൂടെ തരൂർ പ്രകടിപ്പിച്ചത് എന്നാണ്, ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും അഭിപ്രായപ്പെടുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും, തരൂരിൻ്റെ ഈ ലേഖനം , ഇടതുപക്ഷത്തിന് പ്രധാന തുറുപ്പു ചീട്ടായി മാറുമെന്നാണ്, രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തിയുള്ള ലേഖനത്തിൻറെ പേരിലും, ശശി തരൂരിപ്പോൾ വെട്ടിലായിട്ടുണ്ട്. കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ ഇതിനെതിരെയും ദേശീയ നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. തരൂരിൻറെ പുകഴ്ത്തൽ പ്രതിപക്ഷ നേതാവടക്കം പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ്, ഒരു വിഭാഗം കേരള നേതാക്കൾ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്.

Also Read: ഇടതുപക്ഷത്തിന് മൂന്നാം ഊഴം ഉറപ്പ്, യു.ഡി.എഫിനെയും ഇടതിനെയും ഇല്ലാതാക്കാൻ ബി.ജെ.പി ‘തന്ത്രം’

“മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തിയ തരൂരിൻറെ ലേഖനം പരിശോധനിക്കുമെന്നും ലേഖനം താൻ വായിച്ചിട്ടില്ലെന്നുമാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. സംസ്ഥാന കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി പരാതി നൽകില്ലെന്നാണ് ലഭിക്കുന്ന സൂചന.

തരൂരിൻ്റെ ഈ നിലപാ‍ട് പരസ്യമായി തന്നെ കോൺഗ്രസ് ദേശിയ നേതൃത്വവും തള്ളിക്കളഞ്ഞിട്ടുണ്ട്. തരൂരിൻറെത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും, പാർട്ടി നിലപാടല്ലെന്നുമാണ്, ദേശീയ വക്താവ് പവൻ ഖേര പ്രതികരിച്ചിരിക്കുന്നത്. തീരുവ അടക്കമുള്ള വിഷയങ്ങളിൽ മോദിയെ ഇരുത്തി വിരട്ടിയ ട്രംപിൻറെ നയത്തോട്, എങ്ങനെ യോജിക്കാനാകുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

മോദിയുടെ നയങ്ങൾക്കെതിരെ പാർലമെൻറിലും പുറത്തും കോൺഗ്രസ് നിലപാട് കടുപ്പിക്കുമ്പോഴാണ് തരൂരിൻറെ തലോടൽ എന്നതും ശ്രദ്ധേയമാണ്. മോദിയുടെ അമേരിക്കൻ സന്ദർശനത്തെ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അടിമുടി വിമർശിക്കുമ്പോഴായിരുന്നു തരൂരിൻറെ പുകഴ്തത്തൽ എന്നതിനാൽ, ഇത് മനപൂർവ്വമാണെന്നതും വ്യക്തമാണ്.

Also Read: ആഫ്രിക്കയിൽ നാറ്റോ ഭയക്കുന്നതെന്ത്‌?

“മോദിയുടെയും ട്രംപിൻറെയും പ്രസ്താവനകൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും, വ്യാപാര മേഖലയിൽ സെപ്തംബർ, ഒക്ടോബർ മാസത്തോടെ മാറ്റങ്ങളുണ്ടാകുമെന്നുമാണ്, തരൂർ പറഞ്ഞിരുന്നത്. തരൂരിൻറെ പ്രസ്താവനക്ക് പിന്നാലെ, മോദിയുടെ നയങ്ങൾക്കുള്ള അംഗീകാരമെന്ന വലിയ പ്രചാരണം തന്നെ, ബി ജെ പിയും സമൂഹമാധ്യമങ്ങളിൽ സജീവമാക്കിയിട്ടുണ്ട്. വിദേശകാര്യ വിഷയങ്ങളിൽ കോൺഗ്രസ് നേതാക്കൾക്ക് ഒരു ഗ്രാഹ്യവുമില്ലെന്നും, തരൂരിനെ അല്ല താൻ ഉദ്ദേശിച്ചതെന്നുമുള്ള, പാർലമെൻറിൽ പ്രധാനമന്ത്രി ഈയിടെ നടത്തിയ പരാമർശവും, വീണ്ടും പ്രചരിക്കുന്നുണ്ട്.

നേരത്തെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ചും തരൂർ കോൺഗ്രസിന് തലവേദനയുണ്ടാക്കിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റത് മുതലിങ്ങോട്ട്, തരൂരിൻറെ നീക്കങ്ങളെ ജാഗ്രതയോടെയാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്. അദ്ദേഹത്തെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയതു പോലും, സമ്മർദ്ദത്തിൻറെ ഫലമായിരുന്നു. അതുകൊണ്ടുതന്നെ മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തിയതിലും, കേരള സർക്കാരിനെ പുകഴ്ത്തിയതിലും, എന്ത് നടപടി കോൺഗ്രസ്സ് സ്വീകരിക്കുമെന്നത് , കണ്ടു തന്നെ അറിയേണ്ടതുണ്ട്.

കോൺഗ്രസ്സിൻ്റെ ദേശീയ മുഖമായ ഉന്നത നേതാവിൻ്റെ രണ്ട് പ്രതികരണങ്ങളും, യഥാർത്ഥത്തിൽ ഇടതുപക്ഷത്തിനും ബി.ജെ.പിക്കുമാണ് ഗുണമായി മാറിയിരിക്കുന്നത്. ഇക്കാര്യം മുൻ നിർത്തി തരൂരിനെതിരെ അഥവാ നടപടി സ്വീകരിച്ചാൽ തന്നെ, അതും , ആത്യന്തികമായി തരൂരിനാണ് ഗുണം ചെയ്യുക. തരൂർ എപ്പോൾ വന്നാലും, സ്വീകരിക്കാനും പദവികൾ നൽകാനും റെഡിയായാണ് ബി.ജെ.പി നിൽക്കുന്നത്. അതാകട്ടെ, ഒരു യാഥാർത്ഥ്യവുമാണ്.

Express View

വീഡിയോ കാണാം…

Share Email
Top