ഷാർജയിൽ നിന്നും ദുബായിലേക്ക് ദിവസേന യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസമായി അൽ താവൂൻ ടണൽ പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണ ജോലികളും അനുബന്ധ റോഡ് വികസനങ്ങളും പൂർത്തിയായി. ഷാർജ അന്താരാഷ്ട്ര പുസ്തകമേള ആരംഭിക്കുന്നതിന് മുന്നോടിയായി വരുന്ന നവംബറിൽ ഈ പുതിയ പാത പൊതുഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. അൽ താവൂൻ റൗണ്ട്ബൗട്ടിന് അടിയിലൂടെ കടന്നുപോകുന്ന ഈ ടണലിന് ഏകദേശം 500 മീറ്റർ നീളമാണുള്ളത്. ഇരുവശങ്ങളിലുമായി മൂന്ന് ലൈനുകൾ വീതമുള്ള ഈ ടണൽ അൽ താവൂൻ തെരുവിനെയും അൽ നഹ്ദ പാലത്തെയും ദുബായിലേക്കുള്ള പ്രധാന പാതകളുമായി ബന്ധിപ്പിക്കുന്നു.
ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രസ്തുത മേഖലയിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുമെന്നും യാത്രക്കാരുടെ കാത്തിരിപ്പ് സമയം 85 ശതമാനം വരെ ലാഭിക്കാൻ സാധിക്കുമെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ. മണിക്കൂറിൽ ഏകദേശം 4,200 വാഹനങ്ങൾ വരെ കടന്നുപോകാൻ ശേഷിയുള്ള പുതിയ സിഗ്നൽ ജംഗ്ഷനും ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. ടണൽ നിർമ്മാണത്തിനായി താൽക്കാലികമായി നീക്കം ചെയ്ത പ്രദേശത്തെ പ്രശസ്തമായ സ്മാരകം, പണികൾ പൂർത്തിയായ ശേഷം പുതിയ രൂപത്തിൽ പഴയ സ്ഥലത്തുതന്നെ പുനഃസ്ഥാപിക്കും. ടണലിന്റെ മുഴുവൻ നിർമ്മാണ പ്രവൃത്തികളും വരുന്ന 2027 ഫെബ്രുവരിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.






