അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്നുകൊണ്ട് സിനിമ അനുഭവിച്ചവരാണ് മലയാളിയെന്ന് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ എന്ന ചിത്രത്തിന്റെ അന്‍പതാം ദിവസത്തിന്റെ ആഘോഷത്തിലാണ് ഷാരിസിന്റെ പ്രസ്താവന. ബിന്റോ സ്റ്റീഫന്‍ സംവിധാനംചെയ്ത ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ എന്ന ചിത്രത്തിനെതിരായ നെഗറ്റീവ് റിവ്യൂകള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു ഷാരിസ്. താന്‍ വൈകാരികമായേ സംസാരിക്കുകയുള്ളൂവെന്നും തനിക്ക് ഡിസിപ്ലിന്‍ ഇല്ലന്നുമുള്ള മുഖവുരയോടെയാണ് ഷാരിസ് സംസാരിച്ചു തുടങ്ങിയത്.
‘മലയാള സിനിമാ പ്രേക്ഷകനെ, സിനിമ പഠിപ്പിക്കാന്‍ ഒരു മധ്യസ്ഥന്റേയും ആവശ്യമില്ല. മലയാള സിനിമാ പ്രേക്ഷകര്‍ തീയേറ്ററലില്‍വന്ന് കണ്ടറിയും. അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്നുകൊണ്ട് സിനിമ അനുഭവിച്ചവനാണ് മലയാളി. അവന് സിനിമ ഇന്നതാണ്, നല്ലതാണ്, ചീത്തയാണ്, ഞാന്‍ പറയുന്നതുപോലെ ചെയ്യ് എന്ന് പറയാന്‍ മധ്യസ്ഥന്റെ ആവശ്യമില്ല’, ഷാരിസ് പറഞ്ഞു.
‘ഇല്ലാതാക്കാനും ഡീഗ്രേഡ് ചെയ്യാനും ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ്, വിമര്‍ശകരോട് ഉള്ളതല്ല. വിമര്‍ശനത്തിലൂടേയാണ് ഞാന്‍ വന്നിട്ടുള്ളത്. മനഃപൂര്‍വം സിനിമയെ നശിപ്പിക്കാന്‍ ശ്രമിച്ചവരോടാണ് മറുപടി. പറയാനുള്ളതെല്ലാം മനസില്‍നിന്ന് വന്നുപോകുന്നതാണ്. എല്ലാം അങ്ങനെ തന്നെ എടുക്കുക. പറഞ്ഞതില്‍ ഒരു മാറ്റവുമില്ല, ക്ഷമയില്ല. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കും’, ഷാരിസ് കൂട്ടിച്ചേര്‍ത്തു.