ഷെയ്ൻ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃഢം’ മേയ് എട്ടിന് തിയേറ്ററുകളിലെത്തും. നാട്ടിൻപുറത്തെ ഒരു പോലീസ് സ്റ്റേഷനിൽ ചാർജെടുക്കുന്ന വിജയ് രാധാകൃഷ്ണൻ എന്ന ഉദ്യോഗസ്ഥന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ‘കൊറോണ പേപ്പേഴ്സ്’, ‘വേല’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെയ്ൻ നിഗം വീണ്ടും പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
പ്രശസ്ത സംവിധായകൻ ജിത്തു ജോസഫും (ബെഡ് ടൈം സ്റ്റോറീസ്) ഇ ഫോർ എക്സ്പെരിമെന്റ്സും ചേർന്നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, കൃഷ്ണ പ്രഭ, സാനിയ ഫാത്തിമ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘പ്രൊട്ടക്ട്, സേർവ്, സർവൈവ്’ എന്ന ടാഗ് ലൈൻ തന്നെ ചിത്രമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്ന സൂചന നൽകുന്നു. മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും ചേർന്നാണ് നിർമ്മാണം. പി.എം. ഉണ്ണികൃഷ്ണൻ ഛായാഗ്രഹണവും ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ കഥ, തിരക്കഥ, സംഭാഷണവും നിർവഹിക്കുന്നു. വിനായക് ആണ് എഡിറ്റർ. സുനിൽ ദാസ് പ്രൊഡക്ഷൻ ഡിസൈനും ടോണി മാഗ്വിത്ത് സ്റ്റണ്ട് സൂപ്പർവിഷനും കൈകാര്യം ചെയ്യുന്നു.






