കാട്ടാളൻ ടൈറ്റിൽ പോസ്റ്റർ അതിൻ്റെ അണിയറ പ്രവർത്തകരിപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. മാർക്കോ സിനിമയുടെ നിർമ്മാതാവായ ഷെരീഫ് മുഹമ്മദ് തന്നെയാണ് കാട്ടാളൻ്റെയും നിർമ്മാതാവെന്നാണ് പുറത്ത് വരുന്ന വിവരം. കാട്ടാളൻ സിനിമയുടെ ആദ്യ പോസ്റ്ററിൽ തന്നെ, അതൊരു വയലൻസ് സിനിമയാണെന്ന കാര്യം വ്യക്തമാണ്. ലഹരിയുടെ വ്യാപക ഉപയോഗം ഈ സിനിമയിൽ ഉണ്ടോ എന്നതുമാത്രമാണ് ഇനി അറിയാനുള്ളത്. അത്തരത്തിൽ ലഹരിയെയും വയലൻസിനെയും പോത്സാഹിപ്പിക്കുന്ന സിനിമയാണ് കാട്ടാളനെങ്കിൽ, അതിൻ്റെ പിറവിയിൽ തന്നെ ആ സിനിമയെ ഒറ്റപ്പെടുത്താനും ബഹിഷ്ക്കരിക്കാനും പ്രബുദ്ധരായ കേരള ജനത തയ്യാറാവേണ്ടതുണ്ട്.
മാർക്കോ സിനിമയുടെ സ്വാധീനമാണ് വെഞ്ഞാറമൂട്ടിലും താമരശ്ശേരിയിലും നടന്ന അരും കൊലകൾക്ക് പ്രേരകമായതെന്ന വിലയിരുത്തലുകൾ നടക്കുന്ന സാഹചര്യത്തിൽ, കാട്ടാളൻ്റെ വരവിനെയും ആശങ്കയോടെ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ‘കാട്ടാളൻ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ ആൻ്റണി പെപ്പെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കത്തിയാളുന്ന അഗ്നിക്ക് മുമ്പിൽ പെപ്പെ നിൽക്കുന്നതാണ് പോസ്റ്ററിൽ കാണാനാകുന്നത്. ‘പ്രൊഡക്ഷൻ നമ്പർ 2’ എന്ന പേരിൽ അടുത്തിടെ സിനിമയുടെ അനൗൺസ്മെന്റ് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു.

നവാഗതനായ പോൾ ജോർജ് ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. മറ്റു ഭാഷ ചിത്രങ്ങൾ പോലെ നമ്മുടെ സിനിമകളെ വേറൊരു തലത്തിൽ എത്തിക്കാൻ പോന്ന സാങ്കേതിക മികവും, പ്രൊഡക്ഷൻ ക്വാളിറ്റിയും നൽകിക്കൊണ്ട് മാർക്കോ പോലെയോ അതിനേക്കാൾ ഉയരത്തിലോ ഇനിയും വിജയങ്ങൾ കൊയ്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലഹരിക്കെതിരെയും ആക്രമണങ്ങൾ പോത്സാഹിപ്പിക്കുന്ന സിനിമകൾക്കെതിരെയും ബോധവൽക്കരണവും നിയന്ത്രണവും വേണമെന്ന് പറയുന്ന മാധ്യമങ്ങൾ തന്നെയാണ് കാട്ടാളനെയും ഇപ്പോൾ ആഘോഷമാക്കിയിരിക്കുന്നത്.
Also Read: ‘സുരക്ഷിതമായി ജോലി ചെയ്യാൻ പറ്റുന്ന ഒരിടമുണ്ടാകണം’, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്ന ബെൻ
മാർക്കോ എന്ന സിനിമയിൽ മാർക്കറ്റിങ്ങിനായി, സ്പീക്കറെ തന്നെ സമർത്ഥമായി ഉപയോഗപ്പെടുത്തിയ നിർമ്മാതാവ് കാട്ടാളനുമായി രംഗത്തിറങ്ങുമ്പോൾ ആ വലയിൽ ഇനിയെങ്കിലും വീഴാതിരിക്കാനുള്ള ജാഗ്രത, സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കൂടിയായ സ്പീക്കർ എ.എൻ ഷംസീർ കാണിക്കണം.
കാരണം, ഉണ്ണി മുകുന്ദൻ എന്ന് അറിയപ്പെടുന്ന സംഘപരിവാർ അനുഭാവിയെ നായകനാക്കി മാർക്കോ എന്ന സിനിമയെടുത്ത നിർമ്മാതാവ്, ഉണ്ണിമുകുന്ദൻ്റെ രാഷ്ട്രീയ പശ്ചാത്തലം സിനിമയുടെ വാണിജ്യ വിജയത്തിന് തടസ്സമാകുമെന്ന് കണ്ടു കൂടിയാണ് സി.പി.എം നേതാവ് കൂടിയായ സ്പീക്കർ എ.എൻ ഷംസീറിനെ കൊണ്ട് ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യിപ്പിച്ചിരുന്നത്. ഈ ഫോട്ടോ തന്ത്രപരമായി പ്രചരണത്തിനും വ്യാപകമായി അവർ ഉപയോഗപ്പെടുത്തുകയുണ്ടായി.

“ഏറെ നാളായി പരിചയമുള്ള തൻ്റെ പ്രിയ സുഹൃത്ത് ഷെരിഫ് മുഹമ്മദ് നിർമ്മിക്കുന്ന ആദ്യ സിനിമയാണ് മാർക്കോയെന്നും, ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഈ ചിത്രത്തിന് എല്ലാ വിജയവും ആശംസിക്കുന്നു” എന്നുമാണ് അന്ന് ഷംസീർ പറഞ്ഞിരുന്നത്. സ്പീക്കറുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയകളിൽ മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങളിലും ഇടംപിടിച്ചിരുന്നു.
സുരേഷ് ഗോപിക്ക് ശേഷം സിനിമാ മേഖലയിൽ നിന്നും അദ്ദേഹത്തിൻ്റെ പിൻഗാമിയായി എത്തുന്ന ഒരു സൂപ്പർ താരമായാണ് സംഘപരിവാർ – ബി.ജെ.പി നേതൃത്വങ്ങൾ ഉണ്ണി മുകുന്ദനെ നോക്കി കാണുന്നത്. ഇതു സംബന്ധമായ ചർച്ചകൾ പൊതു സമൂഹത്തിൽ ഇപ്പോഴും വ്യാപകമായി നടക്കുന്നുണ്ട്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ഉണ്ണി മുകുന്ദൻ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു.
ഇങ്ങനെ ബി.ജെ.പി ഭാവി വാഗ്ദാനമായി കാണുന്ന ഉണ്ണിമുകുന്ദനെ സൂപ്പർ താരമാക്കി വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഒരു സിനിമയുടെ പ്രചരണത്തിൻ്റെ ഭാഗമായി ഒരു സി.പി.എം നേതാവും മാറാൻ പാടില്ലെന്ന നിലപാടാണ് ഇടതുപക്ഷ മനസ്സുകൾക്കുള്ളത്.
Also Read: ‘വിമർശനങ്ങളാൽ കെട്ടിപ്പടുത്തതാണ് എന്റെ കരിയർ, മുന്നോട്ട് നയിച്ചത് പ്രേക്ഷകർ’
സിനിമയും രാഷ്ട്രീയവും രണ്ടാണെന്ന് പറഞ്ഞ് ഇതിനെയൊന്നും ലഘൂകരിച്ച് കാണാൻ സാധിക്കുകയില്ല. തൃശൂർ ലോകസഭ സീറ്റിൽ സുരേഷ് ഗോപി വിജയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചത് ഒരു ആക്ഷൻ ഹീറോ എന്ന രൂപത്തിൽ അദ്ദേഹത്തിന് പൊതു സമൂഹത്തിൽ ലഭിച്ച സ്വീകാര്യതയാണെന്നത് ഷംസീറും മറന്നു പോകരുത്. ഉണ്ണി മുകുന്ദൻ്റെ താൽപ്പര്യം എന്തു തന്നെ ആയാലും, മാർക്കോയുടെ നിർമ്മാതാവിൻ്റേത് കേവലം ബിസിനസ്സ് താൽപര്യം മാത്രമാണ്. മുടക്കിയ കോടികൾ താരത്തിൻ്റെ രാഷ്ട്രീയ നിറത്തിൽ തട്ടി തെറിക്കരുത് എന്ന് ഉറപ്പാക്കാനാണ് ഷംസീറിനെ കൊണ്ടു തന്നെ ആദ്യ ടിക്കറ്റ് എടുപ്പിച്ചതെന്നത് വ്യക്തമാണ്. അത് ഒരുപക്ഷേ ഷംസീറുപോലും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. അങ്ങനെ വിശ്വസിക്കാനാണ് ഷംസീറിനെ ഇഷ്ടപ്പെടുന്നവരും ആഗ്രഹിക്കുന്നത്.
മാർക്കോയെ പോലുള്ള വയലൻസ് സിനിമകൾ സ്കൂൾ വിദ്യാർത്ഥികളെ വരെ സ്വാധീനിക്കുകയും, കൊലപാതക പരമ്പരകൾ നടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് സിനിമാ സംഘടനകളുടെ യോഗം വിളിക്കാനിരിക്കെയാണ്, കാട്ടാളൻ എന്ന തൻ്റെ പുതിയ വയലൻസ് സിനിമയുടെ പ്രഖ്യാപനം മാർക്കോ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് നടത്തിയിരിക്കുന്നത്. അതു കൊണ്ടാണ് ഇക്കാര്യങ്ങളും പറയേണ്ടി വരുന്നത്.
ലഹരിയുടെ ‘വാഹകരായി’ സമൂഹത്തെ തെറ്റായ വഴിക്ക് നയിക്കുകയും സ്വന്തം മാതാപിതാക്കളെയും കൂട്ടുകാരെയും വരെ അടിച്ച് കൊല്ലുവാൻ ചെറുപ്പത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം വയലൻസ് സിനിമകളുടെ അണിയറ പ്രവർത്തകരുടെ ‘കെണിയിൽ’ സ്പീക്കർ എന്നല്ല, ഒരു ജനനേതാവും വീഴാൻ പാടില്ല. കാട്ടാളനിലും വേണം ജാഗ്രത !
വീഡിയോ കാണാം