മുംബൈ: വ്യാജ വാര്‍ത്തക്കെതിരെ ആഞ്ഞടിച്ച ഷമി. ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പര തനിക്ക് നഷ്ടമാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. നെറ്റ്‌സില്‍ പരിശീലിക്കുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ഷമിക്ക് ആസ്‌ട്രേലിയന്‍ പരമ്പര നഷ്ടമാകുമെന്ന തരത്തില്‍ വിവിധ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
പിന്നാലെയാണ് എക്‌സിലൂടെ താരം പ്രതികരിച്ച് മുന്നോട്ട് എത്തിയത്. എന്തിനാണ് ഇത്തരത്തില്‍ അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് ചോദിച്ച ഷമി, എത്രയും വേഗം ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താനുള്ള കഠിന പരിശ്രമത്തിലാണെന്നും വ്യക്തമാക്കി. ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിനിടെ താരത്തിന് വീണ്ടും പരിക്കേറ്റെന്നായിരുന്നു വാര്‍ത്തകള്‍. കണങ്കാലിന് പരിക്കേറ്റ് താരം ശസ്ത്രക്രിയക്കുശേഷം ഏറെ നാളായി ടീമിന് പുറത്താണ്.
അടുത്തിടെയാണ് നെറ്റ്സില്‍ താരം പരിശീലനം തുടങ്ങിയത്. ‘എന്തിനാണ് ഇത്തരം അടിസ്ഥാനരഹിതമായ കിംവദന്തികള്‍ കഠിനാധ്വാനം ചെയ്ത് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താനുള്ള പരിശ്രമത്തിലാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ കളിക്കില്ലെന്ന് ബി.സി.സി.ഐയോ ഞാനോ പറഞ്ഞിട്ടില്ല. ഇത്തരം തെറ്റായ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നത് അവസാനിപ്പിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുന്നു. ദയവായി നിര്‍ത്തുക, അത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, പ്രത്യേകിച്ച് എന്റെ പ്രസ്താവനയില്ലാതെ’ -ഷമി എക്‌സില്‍ കുറിച്ചു.
Also Read:ഫീൽഡിങ് പ്രകടനത്തെ പ്രശംസിച്ച് കോച്ച് ടി ദിലീപ്
2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ആസ്‌ട്രേലിയക്കെതിരെയാണ് ഷമി അവസാനമായി കളിച്ചത്. ടൂര്‍ണമെന്റില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്നു ഷമി . ആസ്‌ട്രേലിയക്കെതിരെ അഞ്ചു ടെസ്റ്റ് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി താരം ഇന്ത്യന്‍ ടീമിനൊപ്പം കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബറില്‍ പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ്.