ഷാഡോ പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ഷാഡോ പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

പുല്‍പ്പള്ളി: ഷാഡോ പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. താനൂര്‍ ഒസാന്‍ കടപ്പുറം ചെറിയമൊയ്ദീങ്കാനത്ത് വീട്ടില്‍ സി എം മുഹമ്മദ് റാഫിയെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പുല്‍പ്പള്ളി പൊലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. പുല്‍പ്പള്ളി താഴെയങ്ങാടിയിലെ ഒരു വ്യാപാര സ്ഥാപനത്തിലെത്തി, ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യല്‍ സ്‌ക്വാഡ് അം?ഗമാണെന്ന് ഭീഷണിപ്പെടുത്തി 10,000 രൂപ വാങ്ങിയെന്ന പരാതിയിലാണ് അറസ്റ്റ്.

പുല്‍പ്പള്ളി പൊലീസിനെ കൂട്ടിവന്ന് കട സീല്‍ ചെയ്യിക്കാനായിരുന്നു ഫോണില്‍ സംസാരിച്ചയാള്‍ പറഞ്ഞത്. കടയിലുണ്ടായിരുന്ന ജീവനക്കാരന്‍ ഇതുകേട്ട് ഭയന്നതോടെ, പ്രശ്നം ഒത്തുതീര്‍പ്പാക്കാമെന്നും ഈ കാര്യങ്ങള്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ 25,000 രൂപ നല്‍കണമെന്നും മുഹമ്മദ് റാഫി ആവശ്യപ്പെട്ടു.തുടര്‍ന്ന് ജീവനക്കാരന്‍ കടയിലുണ്ടായിരുന്ന 8000 രൂപയും സമീപത്തെ കടയില്‍ നിന്ന് വാങ്ങിയ 2000 രൂപയുമടക്കം 10,000 രൂപ മുഹമ്മദ് റാഫിക്ക് നല്‍കുകയായിരുന്നു.

പിറ്റേദിവസം കടയുടമയെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് പുല്പള്ളി പൊലീസിനെ സമീപിച്ചത്. ദൃശ്യങ്ങളില്‍ നിന്നും സ്ഥിരംകുറ്റവാളിയായ പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുള്‍ ഷെരീഫിന്റെ നിര്‍ദേശപ്രകാരം പുല്പള്ളി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എച്ച് ഷാജഹാന്റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദിവാകരന്‍, അസീസ് എന്നിവരടങ്ങിയ സംഘം ബുധനാഴ്ച ഉച്ചയോടെയാണ് പ്രതിയെ പിടികൂടിയത്. സമാനമായ രീതിയില്‍ ഇതിന് മുമ്പ് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിരവധിയാളുകളില്‍നിന്നും കടകളില്‍ നിന്നും മുഹമ്മദ് റാഫി ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട് പൊലീസ് വൊളന്റിയര്‍, ട്രോമാകെയര്‍ വൊളന്റിയര്‍, പൊലീസ് സ്‌ക്വാഡ് അംഗം എന്നിങ്ങനെ വിവിധ പേരുകളിലായിരുന്നു മുഹമ്മദ് റാഫി തട്ടിപ്പുകള്‍ നടത്തിയിരുന്നത്. തങ്ങള്‍ എന്ന പേരില്‍ മന്ത്രവാദ കര്‍മങ്ങള്‍ ചെയ്യുന്നതിനായി വിവിധ സ്ഥലങ്ങളില്‍ നിന്നും പണംവാങ്ങി തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇയാള്‍ മുമ്പ് കാപ കേസിലും പ്രതിയായിരുന്നു.

Top