ലൈംഗികപീഡന കേസ്; പ്രജ്വല്‍ കീഴടങ്ങിയേക്കുമെന്ന് ജെഡിഎസ് നേതാവ്

ലൈംഗികപീഡന കേസ്; പ്രജ്വല്‍ കീഴടങ്ങിയേക്കുമെന്ന് ജെഡിഎസ് നേതാവ്

ബെംഗളൂരു: പീഡനക്കേസില്‍ അറസ്റ്റിലായ എച്ച്.ഡി. രേവണ്ണയുടെ അറസ്റ്റിനു പിന്നാലെ മകന്‍ ജെഡിഎസ് എംപിയായ പ്രജ്വല്‍ കീഴടങ്ങിയേക്കുമെന്നു സൂചന. ജെഡിഎസ് നേതാവും മുന്‍ മന്ത്രിയുമായ സി.എസ്. പുട്ടരാജുവാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. പ്രജ്വല്‍ യുഎഇയില്‍നിന്നു മംഗളൂരു വിമാനത്താവളത്തിലെത്തുമെന്നാണ് വിവരം. എന്നാല്‍ എപ്പോഴാണ് ഇന്ത്യയിലെത്തുക എന്നതു സംബന്ധിച്ച് പുട്ടരാജു വ്യക്തമാക്കിയില്ല. അതിനിടെ, പ്രജ്വലിനെ കണ്ടെത്താന്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറത്തിറക്കാനും ആലോചനയുണ്ട്. അതേസമയം, ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണയെ ഇന്നു കോടതിയില്‍ ഹാജരാക്കും. രേവണ്ണയുടെ ഭാര്യയെയും ചോദ്യംചെയ്‌തേക്കും.

ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറത്തിറക്കുന്നതിനായി ഇന്റര്‍പോളിനോട് ആവശ്യപ്പെടാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇന്റര്‍പോളിന്റെ ഇന്ത്യയിലെ ഏജന്‍സിയായ സിബിഐക്ക് ഇതു സംബന്ധിച്ച അപേക്ഷ ഉടന്‍ നല്‍കും. പ്രത്യേക അന്വേഷണ സംഘത്തലവനെ ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കുറ്റകൃത്യങ്ങള്‍ ചെയ്തശേഷം വിദേശങ്ങളിലേക്കു രക്ഷപ്പെടുന്നവരെ കണ്ടെത്താന്‍ രാജ്യാന്തര തലത്തില്‍ ഇറക്കുന്ന ലുക്ക് ഔട്ട് നോട്ടിസാണ് ബ്ലൂ കോര്‍ണര്‍ നോട്ടിസ്.

പ്രജ്വലിന്റെ പീഡനത്തിനിരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് പിതാവ് എച്ച്.ഡി.രേവണ്ണ എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. രേവണ്ണയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ ബെംഗളൂരു പത്മനാഭനഗറിലെ വീട്ടില്‍നിന്നായിരുന്നു അറസ്റ്റ്. സ്ത്രീയെ രേവണ്ണയുടെ അനുയായി രാജശേഖറിന്റെ ഹുന്‍സൂരിലെ ഫാംഹൗസില്‍നിന്നു മോചിപ്പിച്ചു. ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ രേവണ്ണ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

പ്രജ്വല്‍ ഉള്‍പ്പെട്ട അശ്ലീല വിഡിയോകളിലുള്ള സ്ത്രീയെ രേവണ്ണയുടെ നിര്‍ദേശപ്രകാരം സഹായി സതീഷ് ബാബണ്ണ ഏപ്രില്‍ 29നു വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയെന്ന് അവരുടെ മകന്‍ പരാതി നല്‍കിയിരുന്നു. രേവണ്ണയുടെ ഹാസന്‍ ഹൊളെനരസിപുരയിലെ ഫാംഹൗസില്‍ 6 വര്‍ഷത്തോളം ഇവര്‍ ജോലി ചെയ്തിരുന്നു. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ വീട്ടിലെത്തിയ സതീഷ്, രേവണ്ണയുടെ ഭാര്യ ഭവാനി അന്വേഷിക്കുന്നുവെന്നു പറഞ്ഞാണ് ഇവരെ കൂട്ടിക്കൊണ്ടുപോയത്. സതീഷിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഭാര്യയുടെ ബന്ധു കൂടിയായ മറ്റൊരു വീട്ടുജോലിക്കാരി നല്‍കിയ പീഡനപരാതിയിലും രേവണ്ണയ്‌ക്കെതിരെ കേസുണ്ട്. രേവണ്ണ ഇവരെ പീഡിപ്പിച്ചതായും പ്രജ്വല്‍ ഇവരുടെ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നുമാണ് കേസ്.

Top