രാജ്യത്ത് മഴക്കെടുതി രൂക്ഷം; അസമിൽ മരണം 96 ആയി, ഒഡീഷയിൽ പ്രളയഭീതി

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍ രൂക്ഷമായതോടെ കേദാര്‍നാഥ്, ബദ്രിനാഥ് തീര്‍ത്ഥാടകര്‍ക്ക് കാലാവസ്ഥാ വകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്

രാജ്യത്ത് മഴക്കെടുതി രൂക്ഷം; അസമിൽ മരണം 96 ആയി, ഒഡീഷയിൽ പ്രളയഭീതി
രാജ്യത്ത് മഴക്കെടുതി രൂക്ഷം; അസമിൽ മരണം 96 ആയി, ഒഡീഷയിൽ പ്രളയഭീതി

ഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയും മഴക്കെടുതിയും രൂക്ഷമായി തുടരുന്നു. ശക്തമായ മഴ തുടരുന്ന അസമില്‍ മരിച്ചവരുടെ എണ്ണം 96 ആയി ഉയർന്നു. ലക്ഷക്കണക്കിന് ആളുകളെ പ്രളയം സാരമായി ബാധിച്ചിട്ടുണ്ടെന്നും അമ്പതിനായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായും സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. ബ്രഹ്‌മപുത്ര ഉള്‍പ്പെടെയുള്ള നദികളിലെ ജലനിരപ്പിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അസമിലെ പല ഭാഗങ്ങളെയും ഇപ്പോഴും പ്രതികൂലമായി ബാധിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം വെള്ളം ഇറങ്ങിത്തുടങ്ങിയ ഇടങ്ങളുണ്ടെങ്കിലും, സംസ്ഥാനത്തൊട്ടാകെ ഒന്നര ലക്ഷത്തിലധികം ആളുകള്‍ ഇപ്പോഴും ദുരിതത്തിലാണുള്ളത്.

മറ്റ് സംസ്ഥാനങ്ങളിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഹിരാകുഡ് അണക്കെട്ട് തുറന്നതിനെ തുടര്‍ന്ന് ഒഡീഷയിലെ 14 ജില്ലകള്‍ കടുത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍ രൂക്ഷമായതോടെ കേദാര്‍നാഥ്, ബദ്രിനാഥ് തീര്‍ത്ഥാടകര്‍ക്ക് കാലാവസ്ഥാ വകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡെറാഡൂണ്‍, ചമോലി, ബാഗേശ്വര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ടും, മറ്റ് ഭാഗങ്ങളില്‍ യെല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Also Read: ആയുസ്സ് നാലിരട്ടി, ഉപയോഗം എളുപ്പം! 10, 20 രൂപയുടെ പോളിമർ നോട്ടുകൾ എപ്പോൾ എത്തും? ചോദ്യങ്ങൾക്ക് വ്യക്തത വരുത്തി ആർബിഐ ഗവർണർ

കാലാവസ്ഥാ മുന്നറിയിപ്പുകൾ ഗൗരവമായി കാണണമെന്നും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും, യാത്ര തിരിക്കുന്നതിന് മുന്‍പ് കാലാവസ്ഥയും റോഡ് സാഹചര്യങ്ങളും കര്‍ശനമായി പരിശോധിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങൾക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share Email
Top