ലഖ്നൗ: മഥുരയിലെ വൃന്ദാവനത്തിൽ യുവസന്യാസി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പോലീസ് അന്വേഷണം തുടരുന്നു. പ്രേമാനന്ദ് മഹാരാജിന്റെ ഗുരു കൃപാ കുഞ്ച് ആശ്രമത്തിലെ ശിഷ്യനായ രസിക് ദുലാരി എന്ന പേരിൽ അറിയപ്പെട്ടിരുന്ന 25കാരനായ ദീപക് ലോധിയാണ് സെപ്റ്റംബർ 25ന് ആശ്രമത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ മരണത്തിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങളും രസിക്കിന്റെ ശരീരത്തിൽ കണ്ടെത്തിയ ഗുരുതരമായ പരിക്കുകളുമാണ് കേസിൽ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നത്.
അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, രസിക്കിന്റെ ജനനേന്ദ്രിയത്തിൽ ഗുരുതരമായ പരിക്കേറ്റിരുന്നു. മുറിയിൽ നിന്ന് പുറത്തിറങ്ങി നാലാം നിലയിലെ ടെറസിലേക്ക് പോകുമ്പോൾ വസ്ത്രങ്ങളിൽ രക്തക്കറകളുണ്ടായിരുന്നതായി സിസിടിവിയിൽ കാണാം. ടെറസിലെത്തിയ ശേഷം കുറച്ചുനേരം ഇരിക്കുകയും പിന്നീട് അൽപസമയം കിടക്കുകയും ചെയ്ത രസിക് പിന്നീട് എഴുന്നേറ്റ് നിമിഷങ്ങൾക്കകം താഴേക്ക് വീഴുകയായിരുന്നു. ജനനേന്ദ്രിയത്തിന്റെ പകുതിയോളം മുറിഞ്ഞുപോയിരുന്നുവെന്നാണ് അന്വേഷണത്തിൽ പറയുന്നത്. എന്നാൽ അത്രയും ഗുരുതരമായ പരിക്കുണ്ടായിട്ടും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായ വേദനയോ ശാരീരിക ബുദ്ധിമുട്ടോ പ്രകടിപ്പിക്കുന്നതായി കാണുന്നില്ലെന്നാണ് പോലീസ് പറയുന്നത്. രാവിലെ 10:25ഓടെ മുറിയിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം ഏകദേശം 10:36ഓടെയാണ് താഴേക്ക് വീണത്. ഈ സമയത്ത് അദ്ദേഹം പൂർണ ബോധാവസ്ഥയിലായിരുന്നോ, ഏതെങ്കിലും മരുന്നിന്റെയോ ലഹരിവസ്തുക്കളുടെയോ സ്വാധീനത്തിലായിരുന്നോ, കടുത്ത മാനസിക സമ്മർദത്തിലായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.
രസിക്കിന്റെ രക്തസാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മരണത്തിന് മുമ്പ് ശരീരത്തിൽ മയക്കുമരുന്നുകളോ ലഹരിവസ്തുക്കളോ മറ്റ് രാസപദാർഥങ്ങളോ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. അതേസമയം ആശ്രമത്തിലെ ഫോൺ നിയന്ത്രണങ്ങളും അന്വേഷണത്തിൽ പ്രധാന വിഷയമായി. പോലീസ് പറയുന്നതനുസരിച്ച്, കൃപാ കുഞ്ച് ആശ്രമത്തിൽ ശിഷ്യന്മാർക്കും അന്വേഷകർക്കും വ്യക്തിഗത മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനും പുറംലോകവുമായി ബന്ധപ്പെടുന്നതിനും കർശന നിയന്ത്രണങ്ങളുണ്ടായിരുന്നു. ആശ്രമത്തിൽ പ്രവേശിച്ച ശേഷം വ്യക്തിഗത ഫോണുകൾ പിടിച്ചുവെച്ച് പകരം ആശ്രമം നൽകുന്ന ഫോണും സിം കാർഡും ഉപയോഗിക്കുന്ന രീതിയുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. ഈ ഉപകരണങ്ങൾ എങ്ങനെ ഉപയോഗിച്ചിരുന്നുവെന്നും നിരീക്ഷണമോ റെക്കോർഡിങ് സംവിധാനങ്ങളോ ഉണ്ടായിരുന്നോ എന്നും, ശിഷ്യന്മാരുടെ പഴയ ഫോണുകളും മുൻകാല ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും എവിടെ സൂക്ഷിച്ചിരുന്നുവെന്നും പോലീസ് പരിശോധിക്കുന്നു. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും രസിക് എത്രത്തോളം ബന്ധം പുലർത്തിയിരുന്നു, ആശ്രമത്തിൽ ചേരുന്നതിന് മുമ്പും ശേഷവും അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ മാറ്റമുണ്ടായിരുന്നോ, ആശ്രമത്തെക്കുറിച്ചോ മാനസിക സമ്മർദത്തെക്കുറിച്ചോ അദ്ദേഹം ആരോടെങ്കിലും പറഞ്ഞിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്.
രസിക് ദുലാരിയുടെ പഴയ മൊബൈൽ ഫോൺ, പുതിയ സിം കാർഡ്, കോൾ വിവരങ്ങൾ, ചാറ്റുകൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവയും പോലീസ് പരിശോധിച്ചുവരികയാണ്. അവസാന ദിവസങ്ങളിൽ അദ്ദേഹം ആരോടൊക്കെയാണ് സംസാരിച്ചതെന്നും ആശ്രമത്തിലെ ജീവിതവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശങ്കകളോ പരാതികളോ പങ്കുവെച്ചിരുന്നോ എന്നും കുടുംബാംഗങ്ങളിൽ നിന്നും അടുത്ത സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. നിലവിൽ രസിക്കിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, അദ്ദേഹത്തിന്റെ മാനസിക-സാമൂഹിക പെരുമാറ്റം, ആശ്രമത്തിലെ ദിനചര്യ, മൊബൈൽ-ഡിജിറ്റൽ ബന്ധങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 85 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഫോറൻസിക് പരിശോധനാ ഫലങ്ങളും ഡിജിറ്റൽ തെളിവുകളും സിസിടിവി ദൃശ്യങ്ങളുടെ വിശദമായ പരിശോധനയും ലഭിക്കുന്നതോടെ മരണത്തിന് പിന്നിലെ സാഹചര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പോലീസിന്റെ അന്വേഷണം സൂചിപ്പിക്കുന്നത്.






