7 വർഷം പഴക്കമോ? ‘ഓള്‍ഡ് മങ്ക്’ കുപ്പിയിലെ ആ വാചകം മായുന്നു! ഭൂതക്കണ്ണാടി വെച്ചിട്ടും കാണാത്ത ലേബൽ; ഓൾഡ് മങ്കിന് തിരിച്ചടി

ലേബലിലെ വിവരങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന കോടതിയുടെ രൂക്ഷവിമർശനത്തെ തുടർന്നാണ് ഈ തീരുമാനം

7 വർഷം പഴക്കമോ? ‘ഓള്‍ഡ് മങ്ക്’ കുപ്പിയിലെ ആ വാചകം മായുന്നു! ഭൂതക്കണ്ണാടി വെച്ചിട്ടും കാണാത്ത ലേബൽ; ഓൾഡ് മങ്കിന് തിരിച്ചടി
7 വർഷം പഴക്കമോ? ‘ഓള്‍ഡ് മങ്ക്’ കുപ്പിയിലെ ആ വാചകം മായുന്നു! ഭൂതക്കണ്ണാടി വെച്ചിട്ടും കാണാത്ത ലേബൽ; ഓൾഡ് മങ്കിന് തിരിച്ചടി

ദ്യപ്രിയരുടെ പ്രിയപ്പെട്ട ബ്രാന്‍ഡായ ‘ഓൾഡ് മങ്കിന്റെ’ കുപ്പിയിലെ ലേബലിൽ മാറ്റങ്ങൾ വരുന്നു. കുപ്പിയിൽ നൽകിയിരുന്ന ‘7 ഇയേഴ്‌സ് ഓള്‍ഡ് ബ്ലെന്‍ഡഡ്’ എന്ന വാചകം ഒഴിവാക്കാൻ നിർമാതാക്കളായ മോഹൻ മീക്കിൻ ബോംബെ ഹൈക്കോടതിയിൽ ഉറപ്പുനൽകി. ലേബലിലെ വിവരങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന കോടതിയുടെ രൂക്ഷവിമർശനത്തെ തുടർന്നാണ് ഈ തീരുമാനം.

മദ്യത്തിൽ മറ്റ് ഫ്ലേവറുകൾ ചേർത്തിട്ടുണ്ടെന്ന വിവരം സാധാരണക്കാർക്ക് എളുപ്പത്തിൽ കാണാൻ സാധിക്കുന്ന രീതിയിൽ ഇനി ലേബലിൽ വ്യക്തമാക്കാമെന്നും കമ്പനി കോടതിയെ രേഖാമൂലം അറിയിച്ചു.

മഹാരാഷ്ട്രയിലെ വിലക്കും എഫ്.എസ്.എസ്.എ.ഐയുടെ കണ്ടെത്തലും

ഓള്‍ഡ് മങ്കിന്റെ ചില വകഭേദങ്ങളുടെ നിര്‍മാണരീതിയും ലേബലിംഗും സംബന്ധിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മഹാരാഷ്ട്രയിൽ ഇവയുടെ വില്‍പ്പന തടയുകയും ചെയ്തു. ഇതിനെതിരെ കമ്പനി നിയമപോരാട്ടത്തിന് ഇറങ്ങിയതോടെയാണ് ലേബലിലെ വിവരങ്ങൾ കോടതിയുടെ പരിശോധനയ്ക്ക് എത്തിയത്.

കുപ്പിയിലുള്ള മദ്യത്തില്‍ വെറും അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് പഴക്കം ചെന്ന യഥാര്‍ത്ഥ റം ഉള്ളതെന്നാണ് എഫ്.എസ്.എസ്.എ.ഐയുടെ കണ്ടെത്തൽ. ബാക്കിയുള്ളത് പഴക്കമില്ലാത്ത സാധാരണ സ്പിരിറ്റാണ്. അഞ്ച് ശതമാനത്തിൽ താഴെ മാത്രം റം അടങ്ങിയ പാനീയത്തെ ‘7 വര്‍ഷം പഴക്കമുള്ളത്’ എന്ന് വിശേഷിപ്പിക്കുന്നത് ഉപഭോക്താക്കളെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കലാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് കോടതിയിൽ വാദിച്ചു.

Also Read:സ്വർണപ്രേമികൾക്ക് ആശ്വാസം; വിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്നത്തെ നിരക്കുകൾ അറിയാം!

കോടതിയുടെ രൂക്ഷവിമർശനം

കുപ്പിയിലെ വാചകങ്ങൾ കണ്ട് മുഴുവന്‍ മദ്യത്തിനും ഏഴ് വര്‍ഷത്തെ പഴക്കമുണ്ടെന്ന് ഉപഭോക്താക്കള്‍ തെറ്റിദ്ധരിക്കില്ലേ എന്ന് ബോംബെ ഹൈക്കോടതി ചോദിച്ചു. “നിങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്… 7 വര്‍ഷം പഴക്കം എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം 7 വര്‍ഷം പഴക്കമുള്ളത് എന്ന് തന്നെയാണ്,” എന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് രവീന്ദ്ര വി. ഗുഗെ വിമർശിച്ചു.

കൂടാതെ, മദ്യത്തില്‍ മറ്റ് ഫ്ലേവറുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന വിവരം കുപ്പിയില്‍ വളരെ ചെറിയ അക്ഷരങ്ങളിലാണ് അച്ചടിച്ചിരിക്കുന്നതെന്നും ഇത് സാധാരണക്കാര്‍ക്ക് വായിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. “ഞാനൊരു ഭൂതക്കണ്ണാടി വച്ച് നോക്കിയിട്ടും അതെനിക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. കുപ്പിയുടെ എല്ലാ മൂലയിലും ഞാന്‍ നോക്കി, എന്നിട്ടും കണ്ടില്ല,” എന്ന് ജസ്റ്റിസ് ഗുഗെ വ്യക്തമാക്കുകയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കളുടെ ആശയക്കുഴപ്പം ഒഴിവാക്കാൻ ലേബൽ മാറ്റാൻ കമ്പനി തയ്യാറായത്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top