കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ആഭ്യന്തര തർക്കം മൂർച്ഛിക്കുന്നതിനിടെ, ഇന്ന് നടന്ന ഒരു നിർണായക കൂടിക്കാഴ്ച രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. സംസ്ഥാന നേതൃമാറ്റത്തെച്ചൊല്ലി ഇരു ക്യാമ്പുകളും പരസ്യമായി പോരടിക്കുമ്പോഴാണ്, ഹൈക്കമാൻഡിൻ്റെ നിർദ്ദേശപ്രകാരം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിയിൽ പ്രഭാതഭക്ഷണത്തിനായി എത്തിയത്.
കർണാടകയുടെ പരമ്പരാഗത പ്രാതൽ വിഭവങ്ങളായ ഉപ്പുമാവ്, ഇഡ്ഡലി, കേസരി ബാത്ത് എന്നിവ പങ്കിടുന്ന രണ്ട് നേതാക്കളുടെ ചിത്രം പുറത്തുവന്നതോടെ, കോൺഗ്രസിലെ ആഭ്യന്തരകലഹം അവസാനിച്ചോ എന്ന ആകാംഷയിലാണ് രാഷ്ട്രീയ ലോകം.
കർണാടകയിൽ നിലനിൽക്കുന്ന അധികാര തർക്കം പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച നടന്നത്. തർക്കങ്ങൾ അവസാനിപ്പിക്കാൻ ഇരു നേതാക്കളെയും കാണാനും സംസാരിക്കാനും ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു.
“ഹൈക്കമാൻഡ് ശിവകുമാറിനെ വിളിച്ചിരുന്നു. അവർ എന്നെയും വിളിച്ചിരുന്നു. ഞങ്ങൾ രണ്ടുപേരെയും കാണാനും സംസാരിക്കാനും പറഞ്ഞു. അതിനാൽ ഞാൻ അദ്ദേഹത്തെ പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചു. അദ്ദേഹം വരുമ്പോൾ ഞങ്ങൾ ഇരുവരും എല്ലാം ചർച്ച ചെയ്യും,” മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടിക്കാഴ്ചയ്ക്ക് മുമ്പ് പറഞ്ഞു.
അന്ന് നടന്നത്…
2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടിയതിന് ശേഷം തന്നെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഇരുനേതാക്കളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഒടുവിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തപ്പോൾ, ശിവകുമാർ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു.
അന്ന് രണ്ടര വർഷം വീതം ഭരണം പങ്കിടാൻ സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ കരാറുണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സിദ്ധരാമയ്യ ഭരണത്തിൽ രണ്ടര വർഷം പൂർത്തിയാക്കാൻ പോവുകയാണ്. ഇതോടെ, ശിവകുമാറിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരും നേതാക്കളും ‘അധികാര പങ്കിടൽ ക്രമീകരണത്തിന്’ അനുസൃതമായി മുഖ്യമന്ത്രി മാറണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയർത്താൻ തുടങ്ങി. എന്നാൽ താൻ മുഴുവൻ കാലാവധിയും പൂർത്തിയാക്കുമെന്ന് സിദ്ധരാമയ്യ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.
Also Read: തോറ്റ ഗാന്ധിമാർ കഴിവില്ലാത്തവർ, മാറി നിൽക്കണം’..!രൂക്ഷവിമർശനവുമായി അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ
ഹൈക്കമാൻഡിന്റെ നിർദ്ദേശത്തിന് ശേഷമുള്ള ഈ കൂടിക്കാഴ്ച, താൽക്കാലികമായെങ്കിലും പ്രശ്നപരിഹാരത്തിന് ശ്രമം നടക്കുന്നതിൻ്റെ സൂചനയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് ജി പരമേശ്വര പിരിമുറുക്കങ്ങൾ ലഘൂകരിക്കാൻ ശ്രമിച്ചു. ഹൈക്കമാൻഡ് “പ്രശ്നം പരിഹരിക്കും” എന്നും “ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല” എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാകാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന നേതാക്കൾ രാഷ്ട്രീയത്തിൽ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ മുതിർന്ന നേതാവ് വീരപ്പ മൊയ്‌ലി, സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ പാർട്ടി കേന്ദ്ര നേതൃത്വം പരാജയപ്പെട്ടുവെന്ന് വിമർശിച്ചു.
തുടർച്ചയായ അഭിപ്രായവ്യത്യാസം കർണാടകയിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2023 ലെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ശിവകുമാറിനെ ഉയർത്തിക്കൊണ്ടുവരണോ, അതോ സിദ്ധരാമയ്യയെ നിലനിർത്തണോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ.






