തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് തിരിച്ചടിയായി ബോംബെ ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്. 2013-ലെ ലൈംഗികാതിക്രമ കേസിൽ തരുൺ തേജ്പാലിനെ വെറുതെവിട്ടുകൊണ്ടുള്ള വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. ഗോവയിലെ ഒരു ഹോട്ടലിൽ വെച്ച് സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗോവ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ ഉത്തരവ്.
ഗോവയിൽ നടന്ന ‘തെഹൽക്ക തിങ്ക് ഫെസ്റ്റ്’ വേളയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹോട്ടലിലെ ലിഫ്റ്റിൽ വെച്ച് ജൂനിയറായ സഹപ്രവർത്തകയെ തരുൺ തേജ്പാൽ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. തുടർന്ന് 2013-ൽ ഗോവ ക്രൈംബ്രാഞ്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ 2021-ൽ ഗോവയിലെ സെഷൻസ് കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.
Also Read:ഉപതിരഞ്ഞെടുപ്പ് തോൽവി ബിജെപിയുടെ നാടകമോ? ഞെട്ടിക്കുന്ന ആരോപണവുമായി അഖിലേഷ് യാദവ്
ഈ വിചാരണക്കോടതി വിധിക്കെതിരെ ഗോവ സർക്കാർ നൽകിയ അപ്പീലാണ് ഇപ്പോൾ ഹൈക്കോടതി പരിഗണിച്ചത്. സംഭവത്തിന് ശേഷം തരുൺ അതിജീവിതയ്ക്ക് അയച്ച ഇമെയിലുകളും കോടതി തെളിവായി പരിശോധിച്ചു. തനിക്ക് 62 വയസ്സായെന്നും താനാണ് യഥാർത്ഥത്തിൽ ഇരയെന്നും തരുൺ തേജ്പാൽ വാദിച്ചെങ്കിലും, അച്ഛന്റെ പ്രായമുള്ള ഒരാളിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ ഇനി ശിക്ഷാവിധി സംബന്ധിച്ച് കോടതി വാദം കേൾക്കും.






