ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന് വൻ തിരിച്ചടി. ജാമ്യം തേടി അദ്ദേഹം സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് എൻ. വാസുവിന്റെ ജാമ്യാപേക്ഷ നിരസിച്ചത്.
അന്വേഷണം പൂർത്തിയായെന്നും തെളിവുകൾ ശേഖരിച്ചുവെന്നും അതിനാൽ ഇനി കസ്റ്റഡിയുടെ ആവശ്യമില്ലെന്നുമായിരുന്നു വാസുവിന്റെ പ്രധാന വാദം. തന്റെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്ന് അദ്ദേഹം അപേക്ഷിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. വാദത്തിനിടെ, “നിങ്ങൾ ദൈവത്തെ പോലും കൊള്ളയടിച്ചില്ലേ?” എന്ന സുപ്രീം കോടതിയുടെ രൂക്ഷമായ ചോദ്യം പ്രതിഭാഗത്തിന് വലിയ തിരിച്ചടിയായി. താൻ വെറുമൊരു കമ്മീഷണർ മാത്രമായിരുന്നു എന്ന വാസുവിന്റെ വാദവും കോടതി മുഖവിലയ്‌ക്കെടുത്തില്ല. കേസിൽ ഇടപെടാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി, ജാമ്യാപേക്ഷ തള്ളുകയായിരുന്നു. നിലവിൽ 72 ദിവസമായി എൻ. വാസു ജയിലിൽ കഴിയുകയാണ്.






