ഉത്സവകാലത്ത് കാർ വാങ്ങുന്നവർക്ക് തിരിച്ചടി; സ്കോഡ കുഷാഖിന്റെ വില വർധിപ്പിച്ചു

എല്ലാ വേരിയന്റുകൾക്കും ഒരേ നിരക്കിലല്ല വിലകൂട്ടിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്

ഉത്സവകാലത്ത് കാർ വാങ്ങുന്നവർക്ക് തിരിച്ചടി; സ്കോഡ കുഷാഖിന്റെ വില വർധിപ്പിച്ചു
ഉത്സവകാലത്ത് കാർ വാങ്ങുന്നവർക്ക് തിരിച്ചടി; സ്കോഡ കുഷാഖിന്റെ വില വർധിപ്പിച്ചു

ഉത്സവകാലത്ത് പുതിയ വാഹനം സ്വന്തമാക്കാൻ പദ്ധതിയിടുന്നവർക്ക് നിരാശ നൽകി പ്രമുഖ വാഹന നിർമ്മാതാക്കളായ സ്കോഡ തങ്ങളുടെ ജനപ്രിയ കോംപാക്ട് എസ്‌യുവിയായ കുഷാഖിന്റെ വില ഉയർത്തി. വാഹനത്തിന്റെ വിവിധ വേരിയന്റുകൾക്ക് 20,000 രൂപ വരെയാണ് കമ്പനി വർധിപ്പിച്ചിരിക്കുന്നത്. ഈ വില വർധനയോടെ കുഷാഖിന്റെ എക്‌സ്‌ഷോറൂം വില 10.69 ലക്ഷം രൂപ മുതൽ 19.19 ലക്ഷം രൂപ വരെയുള്ള പരിധിയിലേക്ക് എത്തിയിരിക്കുകയാണ്. ഈ വർഷം ആദ്യം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയതിന് ശേഷമുള്ള ആദ്യ വിലമാറ്റമാണിത്.

എല്ലാ വേരിയന്റുകൾക്കും ഒരേ നിരക്കിലല്ല വിലകൂട്ടിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എൻജിനിലുള്ള സിഗ്നേച്ചർ മാനുവൽ വേരിയന്റിന് 10,000 രൂപയും, സ്‌പോർട്‌ലൈൻ, പ്രസ്റ്റീജ് മാനുവൽ വേരിയന്റുകൾക്ക് 15,000 രൂപ വീതവുമാണ് വർധിച്ചത്. അതേസമയം, എൻട്രി ലെവൽ ക്ലാസിക് പ്ലസ് മാനുവൽ വേരിയന്റിന്റെ വിലയിൽ മാറ്റമില്ലാതെ 10.69 ലക്ഷം രൂപയിൽ തുടരുന്നുണ്ട്. പുതിയ വില നിലവിൽ വന്നതോടെ സ്‌പോർട്‌ലൈൻ മാനുവലിന് 14.89 ലക്ഷം രൂപയും പ്രസ്റ്റീജ് മാനുവലിന് 16.94 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Also Read: ഉത്സവകാലത്ത് കാർ വാങ്ങാൻ സുവർണ്ണാവസരം; ടാറ്റ കാറുകൾക്ക് വമ്പൻ വിലക്കിഴിവും ആനുകൂല്യങ്ങളും

ഓട്ടോമാറ്റിക്, 1.5 ലിറ്റർ എൻജിൻ പതിപ്പുകൾക്കും വില വർധന ബാധകമാക്കിയിട്ടുണ്ട്. ക്ലാസിക് പ്ലസ്, സ്‌പോർട്‌ലൈൻ, പ്രസ്റ്റീജ് ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 15,000 മുതൽ 20,000 രൂപ വരെയാണ് കൂടിയത്. പ്രസ്റ്റീജ്, മോണ്ടെ കാർലോ തുടങ്ങിയ ഉയർന്ന ഓട്ടോമാറ്റിക്, 1.5 ലിറ്റർ ഡിഎസ്‌ജി വേരിയന്റുകൾക്കാണ് ഏറ്റവും കൂടുതൽ അതായത് 20,000 രൂപയുടെ വർധനയുണ്ടായിരിക്കുന്നത്. ഇതോടെ 1.5 ലിറ്റർ ഡിഎസ്‌ജി എൻജിനുള്ള മോണ്ടെ കാർലോ പതിപ്പ് 19.19 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ കുഷാഖ് നിരയിലെ ഏറ്റവും വിലകൂടിയ മോഡലായി മാറി.

പുതിയ ഫീച്ചറുകളോ മെക്കാനിക്കൽ മാറ്റങ്ങളോ വരുത്താതെയാണ് കമ്പനി ഒക്ടോബറിൽ ഈ വില പരിഷ്കരണം നടപ്പിലാക്കിയിരിക്കുന്നത്. വേരിയന്റുകൾക്കനുസരിച്ച് ഏകദേശം 1.2 ശതമാനം വരെയാണ് വില വർധനയുണ്ടായിരിക്കുന്നത്. എക്‌സ്‌ഷോറൂം വിലയ്ക്ക് പുറമെ ഇൻഷുറൻസ്, രജിസ്‌ട്രേഷൻ തുടങ്ങിയ നിരക്കുകൾ കൂടി വരുമ്പോൾ ഓൺ-റോഡ് വിലയിൽ വ്യത്യാസം വരാം. അതിനാൽ സ്കോഡ കുഷാഖ് വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഡീലർഷിപ്പുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിലവിവരങ്ങൾ കൃത്യമായി മനസ്സിലാക്കുന്നത് നന്ന്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top