മുളന്തുരുത്തി: മോഷ്ടിച്ച ഇരുചക്ര വാഹനങ്ങളിലെത്തി പെട്രോൾ പമ്പുകൾ, വ്യാപാര സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ, വീടുകൾ എന്നിവിടങ്ങളിൽ വൻതോതിൽ കവർച്ച നടത്തിവന്ന അഞ്ചംഗ സംഘത്തെ മുളന്തുരുത്തി പോലീസ് പിടികൂടി. മുളന്തുരുത്തി, ആമ്പല്ലൂർ, കാഞ്ഞിരമറ്റം, അരയൻകാവ് പ്രദേശങ്ങളിൽ അടുത്തയിടെ നടന്ന പരമ്പര കവർച്ചകൾക്ക് പിന്നിൽ പ്രവർത്തിച്ച സംഘമാണ് പിടിയിലായത്.
തൃശ്ശൂർ മാമ്പ്ര സ്വദേശി റിയാദ് സി.ആർ. (26), കൊടുങ്ങല്ലൂർ സ്വദേശി ടി.ഐ. തൻസീർ (28), നെല്ലിപ്പറമ്പത്ത് എൻ.ബി. ബൈജു (29) എന്നിവരും ഇവർ മോഷ്ടിച്ച തൊണ്ടിമുതലുകൾ വാങ്ങിയ നോർത്ത് പറവൂർ സ്വദേശികളായ സി.എ. മിഥുൻ (28), കെ.എ. നിസാർ (28) എന്നിവരുമാണ് അറസ്റ്റിലായത്. ഇതിൽ റിയാദ്, തൻസീർ, ബൈജു എന്നിവരാണ് നേരിട്ട് കവർച്ച നടത്തിയിരുന്നത്. മൊബൈൽ ഫോണുകൾ പൂർണ്ണമായും ഒഴിവാക്കിയായിരുന്നു പ്രതികൾ കവർച്ച ആസൂത്രണം ചെയ്തിരുന്നത്. തിരിച്ചറിയാതിരിക്കാൻ ഹെൽമെറ്റും വിരലടയാളം പതിയാതിരിക്കാൻ കൈകളിൽ ഗ്ലൗസുകളും ധരിച്ചാണ് ഇവർ പൂട്ടുപൊളിച്ചിരുന്നത്. മുളന്തുരുത്തി പള്ളിത്താഴം ജങ്ഷനിലെ ആളൊഴിഞ്ഞ വീട് മുതൽ നീർപ്പാറയിലെ എച്ച്.പി. പമ്പ് വരെയുള്ള നിരവധി സ്ഥാപനങ്ങളിൽ ഇവർ ജൂലൈ 5 ഞായറാഴ്ച വെളുപ്പിന് കവർച്ച നടത്തി. തുടർന്ന് രക്ഷപ്പെടുന്നതിനിടെ ചാലക്കപ്പാറയിൽ നിർത്തിയിട്ടിരുന്ന ഒരു ബൈക്കും ഇവർ മോഷ്ടിച്ചു.
Also Read: ലഹരി വില്പന ആരോപിച്ച് ആൾക്കൂട്ട വിചാരണ; 3 യുവാക്കളുടെ തല മൊട്ടയടിച്ചു, 6 പേർക്കെതിരെ കേസ്
പ്രതികൾ സഞ്ചരിച്ച ബൈക്ക് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ വാഹനം ആലുവ മെട്രോ സ്റ്റേഷൻ പരിസരത്തുനിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. തുടർന്ന് മുളന്തുരുത്തി, തൃപ്പൂണിത്തുറ, ആലുവ, കൊടുങ്ങല്ലൂർ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലെ ഇരുനൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് സംഘം പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞതും വലയിലാക്കിയതും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെ കോട്ടയം തലയോലപ്പറമ്പ് വരിക്കാംകുന്ന് ഭാഗത്തെ സപ്ലൈകോ ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് കവർച്ച നടത്തിയതായി കണ്ടെത്തി. റിയാദ് മുൻപ് മോഷ്ടിച്ച മറ്റൊരു ബൈക്കും പോലീസ് കണ്ടെടുത്തു. പിടിയിലായവർ നിസ്സാരക്കാരല്ലെന്നും വിവിധ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും പോലീസ് പറഞ്ഞു.
റിയാദിനെതിരെ കൊരട്ടി, ചാലക്കുടി, ആലുവ, എറണാകുളം നോർത്ത്, അങ്കമാലി, കുന്നംകുളം, മൂവാറ്റുപുഴ തുടങ്ങി വിവിധ സ്റ്റേഷനുകളിലായി 24 കേസുകളുണ്ട്. തൻസീറിനും വ്യത്യസ്ത സ്റ്റേഷനുകളിലായി 24 കേസുകളും ബൈജുവിന് 15 ഓളം കേസുകളുമുണ്ട്. പിറവം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മുളന്തുരുത്തി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. സംഗീത് പുനത്തിൽ, എസ്.ഐ.മാരായ പ്രിൻസി ആർ., പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.






