ഡൽഹി: ഏകദിന ക്രിക്കറ്റിലെ മികച്ച 5 ബാറ്റർമാരെ തിരഞ്ഞെടുത്തിയിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യങ്ങളിലൊന്നായിരുന്നു സെവാഗും സച്ചിന്‍ ടെന്‍ഡുല്‍ക്കറും. സച്ചിനാണ് തന്‍റെ റോൾ മോഡലെന്ന് സെവാഗ് പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.
എന്നാല്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ബാറ്റര്‍മാരെ സെവാഗ് തെരഞ്ഞെടുത്തപ്പോള്‍ അതില്‍ സച്ചിനല്ലെന്നതാണ് പ്രത്യേകത. വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെയാണ് ഏറ്റവും മികച്ച അഞ്ച് ഏകദിന ബാറ്റര്‍മാരുടെ പട്ടികയില്‍ സെവാഗ് അഞ്ചാമനായി ഉള്‍പ്പെടുത്തിയത്.
Also Read: ചാമ്പ്യൻസ് ട്രോഫി; ഇന്ത്യൻ ബൗളിങ് കോച്ച് മോര്‍ണി മോര്‍ക്കല്‍ നാട്ടിലേക്ക് മടങ്ങി
രാജ്യാന്തര ക്രിക്കറ്റില്‍ പേസര്‍മാരെ ബാക്ക് ഫൂട്ടില്‍ സിക്സ് അടിക്കുന്നത് ആദ്യമായി കാണുന്നത് ക്രിസ് ഗെയ്‌ലിലൂടെയാണെന്ന് സെവാഗ് ക്രിക് ബസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ് ആണ് സെവാഗിന്‍റെ പട്ടികയിലെ നാലാമന്‍. 228 ഏകദിനങ്ങളില്‍ നിന്ന് 9577 റണ്‍സാണ് ഡിവില്ലിയേഴ്സിന്‍റെ നേട്ടം. ബാലന്‍സ് നഷ്ടമായാല്‍പോലും സിക്സ് അടിക്കാന്‍ കഴിയുന്ന ഏക ബാറ്ററാണ് ഡിവില്ലിയേഴ്സെന്ന് സെവാഗ് പറഞ്ഞു.
മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനെയാണ് സെവാഗ് പട്ടികയില്‍ മൂന്നാമതായി ഇടം നല്‍കിയത്.ഓവറില്‍ 7-8 റണ്‍സടിക്കുക എന്നത് അന്നത്തെ കാലത്ത് ദുഷ്കരമായിരുന്നെങ്കിലും അതൊക്കെ ഒരു ചിരിയോടെ അനായാസമായി ചെയ്തയാളാണ് ഇന്‍സമാമെന്ന് സെവാഗ് പറഞ്ഞു.
ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് സെവാഗിന്‍റെ പട്ടികയിലെ രണ്ടാമന്‍. എല്ലാവരുടെയും ഫേവറ്റൈറ്റാണ് സച്ചിന്‍. സച്ചിനൊപ്പം ഗ്രൗണ്ടിലേക്കിറങ്ങുന്നത്, സിംഹത്തിനൊപ്പം കാട്ടിലേക്ക് പോകുന്നതുപോലെയാണ് എന്ന് സെവാഗ് പറഞ്ഞു.
സച്ചിനെ പോലും മറികടന്ന് വിരാട് കോലിയെയാണ് സെവാഗ് ഏറ്റവും മികച്ച ഏകദിന ബാറ്ററായി തെരഞ്ഞെടുത്തത്. ചേസിംഗിലെ മികവാണ് കോലിയെ ഒന്നാം നമ്പറാക്കുന്നതെന്നും വന്നസമയത്ത് സ്ഥിരതയോടെ കളിച്ച കോലി അധികം വൈകാതെ ചേസ് മാസ്റ്റര്‍ എന്ന സ്ഥാനം സ്വന്തമാക്കിയെന്നും സെവാഗ് പറഞ്ഞു. 2011-2012നു ശേഷം കോലി ഫിറ്റ്നെസിലും കളിയിലും ഏറെ മാറിയെന്നും അതുകൊണ്ട് തന്നെ ഒന്നാം സ്ഥാനത്തിന് മറ്റ് ചോയ്സുകളില്ലെന്നും സെവാഗ് പറഞ്ഞു.