മഹാരാഷ്ട്രയിൽ 20 ശിവസേന (ഷിൻഡെ) എംഎൽഎമാരുടെ വൈ പ്ലസ് കാറ്റഗറി സുരക്ഷ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പിൻവലിച്ചു. ഇതോടെ ഭരണമുന്നണിയിലെ പോര് മുറുകുകയാണ്. പ്രശ്നം രൂക്ഷമാകാതിരിക്കാൻ ബിജെപി, എൻസിപി (അജിത്) നേതാക്കളുടെ സുരക്ഷയും ചുരുക്കിയെങ്കിലും നടപടി കൂടുതൽ ബാധിച്ചത് ശിവസേനാ നേതാക്കളെയാണ്.
അതേസമയം 2022ൽ ശിവസേനാ പിളർപ്പിന് ശേഷമാണ് ഷിൻഡെ വിഭാഗം എംഎൽഎമാർ, എംപിമാർ, മുതിർന്ന നേതാക്കൾ എന്നിവർക്ക് ഉയർന്ന സുരക്ഷ ഏർപ്പെടുത്തിയത്. അന്ന് ഉണ്ടായിരുന്ന സുരക്ഷാ പ്രശ്നങ്ങൾ ഇപ്പോഴില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ ഈ നടപടി. കഴിഞ്ഞ സർക്കാരിനെ നയിച്ച ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മാറ്റി, പകരം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കിയതിന്റെ അസ്വാരസ്യം നിലനിൽക്കുന്നതിനിടയിലാണ് പുതിയ ഭിന്നത.