മതേതര പിന്തുടര്‍ച്ചവകാശനിയമം ബാധകമാക്കണം; അവിശ്വാസിയായ മുസ്ലിമിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

മതേതര പിന്തുടര്‍ച്ചവകാശനിയമം ബാധകമാക്കണം; അവിശ്വാസിയായ മുസ്ലിമിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഡല്‍ഹി: മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമം (ശരീഅത്ത് നിയമം) ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ട് അവിശ്വാസിയായ മുസ്ലിം ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ചു. മതേതരമായ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം തനിക്ക് ബാധകം ആക്കണമെന്നാണ് സഫിയയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഈ കേസിനായി പ്രത്യേക അഭിഭാഷകനെ ചുമതലപ്പെടുത്താന്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

ആലപ്പുഴ പനവള്ളി സ്വദേശിനിയും, എക്സ് മുസ്ലിംസ് ഓഫ് കേരള എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയും ആയ സഫിയ പി എം നല്‍കിയ ഹര്‍ജിയില്‍ ആണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. നിലവില്‍ രാജ്യത്ത് മുസ്ലിമായി ജനിക്കുന്ന എല്ലാവര്‍ക്കും 1937 ലെ മുസ്ലിം വ്യക്തി നിയമം (ശരീഅത്ത് നിയമം) ആണ് ബാധകം. മുസ്ലിം മതം ഉപേക്ഷിക്കുന്നവര്‍ക്ക് പോലും പാരമ്പര്യ സ്വത്തുക്കള്‍ ഭാഗം ചെയ്യുമ്പോള്‍ ഈ ശരീഅത്ത് നിയമം ആണ് ബാധകം ആകുന്നത് എന്നും സഫിയക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭന്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.

ശരീഅത്ത് നിയമത്തില്‍ ലിംഗ സമത്വം ഇല്ലെന്നും, സ്വത്ത് ഭാഗം വയ്ക്കുമ്പോള്‍ ഉള്‍പ്പടെ പെണ്‍കുട്ടികള്‍ക്ക് തുല്യ അവകാശം ലഭിക്കുന്നില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികള്‍ക്ക് തുല്യ സ്വത്ത് ഉറപ്പാക്കുന്നതിന് ചില മുസ്ലിം ദമ്പതികള്‍ പുനഃവിവാഹം ചെയ്ത സംഭവം ഉണ്ടായിട്ടുണ്ടെന്നും പ്രശാന്ത് പദ്മനാഭന്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. ജൂലൈ രണ്ടാം വാരം കേസില്‍ വിശദ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

Top